sabarimala-women-entry
സന്നിധാനത്ത് രാവിലെ അനുഭവപ്പെട്ട അയ്യപ്പന്മാരുടെ തിരക്ക്

തിരുവനന്തപുരം: ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയിൽ സാവകാശം ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് ഇന്ന് തന്നെ സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്ന് വിവരം. നടപടിക്രമങ്ങൾ വൈകിയാൽ മാത്രം ഹർജി നൽകുന്നത് തിങ്കളാഴ്‌ചത്തേക്ക് മാറ്റും. സുപ്രീം കോടതിയിൽ സമർപ്പിക്കേണ്ട ഹർജി സംബന്ധിച്ച് നിയമ വിദഗ്‌ദ്ധരുമായി കൂടിയാലോചനകൾ പൂർത്തിയായിട്ടുണ്ട്. സുപ്രീം കോടതി വിധിയെ തുടർന്നുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങൾക്ക് പകരം തുലാമാസ പൂജയ്‌ക്ക് നടതുറന്നപ്പോൾ ശബരിമലയിൽ ഉണ്ടായ കാര്യങ്ങളാവും ബോർഡ് കോടതിയിൽ അറിയിക്കുക. കേരളത്തിലെ പ്രളയക്കെടുതിയും ബോർഡ് കോടതിയെ ബോധിപ്പിക്കും. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ചന്ദ്ര ഉദയ് സിംഗാണ് ബോർഡിനു വേണ്ടി ഹാജരാകുന്നത്.

പ്രളയത്തിൽ തകർന്ന പമ്പയിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനുള്ള കാലതാമസം, യുവതീ പ്രവേശന വിധിയെ തുടർന്ന് തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും ശബരിമലയിലുണ്ടായ ഗുരുതര ക്രമസമാധന പ്രശ്നങ്ങൾ എന്നിവ ഹർജിയിൽ ചൂണ്ടിക്കാട്ടും. പമ്പയിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് വനഭൂമി വിട്ടുകിട്ടുന്നതിനും ഉന്നതാധികാര സമിതി നിർദ്ദേശിച്ച പ്രകാരം വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും സമയം വേണ്ടിവരുമെന്ന് സുപ്രീംകോടതിയെ ധരിപ്പിക്കും. ശബരിമലയിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ദേവസ്വം കമ്മിഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച വിവരങ്ങളും ബോർഡ് കോടതിയിൽ അറിയിക്കും.

അതേസമയം, ശബരിമലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനും പൊലീസ് മേധാവി ലോക്‌നാഥ് ബെ‌ഹ്‌റയും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാറും ഡി.ജി.പിയുമായി ചർച്ച നടത്തുമെന്നാണ് വിവരം.