കോഴിക്കോട്: കെ.പി ശശികലയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഹിന്ദുഐക്യവേദി ആഹ്വാനം ചെയ്ത ഹർത്താലിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഹിന്ദുഐക്യവേദിയുടെ ഹർത്താൽ ജനങ്ങളോട് ചെയ്യുന്ന പൊറുക്കാനാവാത്ത തെറ്റാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിനെതിരെയുള്ള പ്രതിഷേധം അറിയിക്കാൻ വേറെ എന്തൊക്കെ മാർഗങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിനെതിരെയുള്ള പ്രതിഷേധം ഹർത്താലിലൂടെയല്ല അറിയിക്കേണ്ടത്. രാത്രി വൈകി പ്രഖ്യാപിച്ച ഹർത്താലിൽ നിരവധി ജനങ്ങളാണ് വലയുന്നത്. ശശികലയെ അറസ്റ്റ് ചെയ്തു വലിയ ആളാക്കിയ സർക്കാരിന് വലിയ നമസ്‌കാരം. ഭക്ത ആയിട്ടല്ല അവർ ശബരിമലയിൽ പോയതെന്നാണ് കരുതുന്നത്. ആർക്കും അറിയാത്ത ശശികലയെ അറസ്റ്റ് ചെയ്ത് സർക്കാർ ആളാക്കി മാറ്റിയത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ശബരിമല പ്രശ്‌നം പരിഹരിക്കാനുള്ള ഏകമാർഗം ഭരണഘടനാഭേദഗതിയാണ്. അയ്യപ്പ ഭക്തരെ പ്രത്യേക വിഭാഗമായി കണ്ട് ഭരണഘടനാ ഭേദഗതി നടത്തണം. കേന്ദ്ര സർക്കാരാണ് ഇതുചെയ്യേണ്ടത്. ശ്രീധരൻ പിള്ള ഇവിടെ കിടന്ന് തുള്ളികളിക്കാതെ കേന്ദ്ര സർക്കാരിനെ സമീപ്പിക്കണം. ബിജെപി ചെയ്യേണ്ട കാര്യങ്ങൾ നടത്താതെ ഒളിച്ചോടി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു. ആരാധനാലയങ്ങൾ ഉപയോഗിച്ച് രാഷ് ട്രീയ മുതലെടുപ്പ് നടത്തേണ്ട കാര്യം കോൺഗ്രസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.