നവംബർ 18 പ്രകൃതി ചികിത്സാദിനമായി ആചരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. മുമ്പ് ഗാന്ധിജയന്തി ദിനം പ്രകൃതി ചികിത്സകർ പ്രകൃതിചികിത്സാ ദിനമായി ആചരിച്ചിരുന്നു. എന്നാൽ ഒരേ ദിവസം രണ്ട് ദിനാചരണം അപ്രായോഗികമാണെന്നു കണ്ട് ഗാന്ധിജിയും പ്രകൃതിചികിത്സയുമായുള്ള ബന്ധം അഭേദ്യമാക്കിയ നവംബർ 18 പ്രകൃതി ചികിത്സാ ദിവസമായി സർക്കാർ പ്രഖ്യാപിക്കുകയായിരുന്നു.
1945 നവംബർ 18- ന് ഗാന്ധിജി ആജീവനാന്ത ചെയർമാനായി പൂനെയിൽ സ്ഥാപിതമായ ഓൾ ഇൻഡ്യ നേച്ചർ ക്യുവർ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ചരിത്രരേഖയിൽ ഒപ്പുവച്ചു. ഗാന്ധിജിയും പ്രകൃതി ചികിത്സയുമായുള്ള പരിചയം ആരംഭിക്കുന്നത് 1901- ൽ സൗത്ത് ആഫ്രിക്കയിൽ വച്ച് ജർമൻ പ്രകൃതി ചികിത്സകനായ ഡോ. അഡോൾഫ് ജസ്റ്റിന്റെ 'പ്രകൃതിയിലേക്ക് മടങ്ങുക "എന്ന ഗ്രന്ഥം വായിച്ചതിലൂടെയാണ്. തുടർന്ന് പ്രകൃതി ചികിത്സയെ ആഴത്തിൽ മനസിലാക്കിയ അദ്ദേഹം 1915 -ൽ ഇൻഡ്യയിൽ മടങ്ങിവന്നശേഷം പ്രകൃതിചികിത്സയുടെ പ്രചാരണം ജീവിത സന്ദേശത്തിന്റെ ഭാഗമാക്കുകയും പതിനെട്ടിന പരിപാടിയിൽ ഒന്നായി അവതരിപ്പിക്കുകയും ചെയ്തു. ഗാന്ധിജി സ്ഥാപിച്ച ആശ്രമങ്ങളിലെല്ലാം പ്രകൃതിചികിത്സാ സൗകര്യം ഒരുക്കിയിരുന്നു. 1944 മുതൽ 47 വരെയുള്ള കാലത്തിനിടെ ഡോ. ദിൻഷാ മേത്ത പൂനെയിൽ നടത്തിയിരുന്ന നേച്ചർ ക്യുവർ ക്ലിനിക്ക് ആൻഡ് സാനട്ടോറിയത്തിൽ 156 ദിവസം താമസിച്ച് ഗാന്ധിജി തന്റെ പ്രകൃതി ചികിത്സാ നിരീക്ഷണങ്ങൾ ദൃഢമാക്കി. പൂനെ കേന്ദ്രമാക്കി രജിസ്റ്റർ ചെയ്ത ഓൾ ഇൻഡ്യ നേച്ചർ ക്യൂവർ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ആജീവനാന്ത ചെയർമാനായി ഗാന്ധിജി ഒപ്പു വയ്ക്കുകയും ചെയ്തു. ഈ സ്ഥാപനമാണ് ഡോ. ദിൻഷാമേത്ത പിന്നീട് കേന്ദ്രസർക്കാരിനു കൈമാറിയത്. ഇതാണ് കേന്ദ്ര ആയുഷ് മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപതി.
ഗാന്ധിജി തന്റെ ലഘു ഉപവാസങ്ങൾക്ക് രോഗശാന്തി നൽകാനുള്ള കഴിവിനപ്പുറം മറ്റു തലങ്ങളുമുണ്ടന്ന് കണ്ടെത്തി. ഗാന്ധിജി രോഗാവസ്ഥകളെല്ലാം ഒഴിവാക്കി ജീവിച്ചു എന്നതിലുപരി മനുഷ്യ ജീവിതത്തിലെ ഏറ്റവും പ്രധാന സംഗതിയായ ആഹാരം ഉപേക്ഷിക്കുന്നത് ത്യാഗവും കൂടിയാണന്നും കണ്ടെത്തി. ഈ വർഷം പ്രകൃതി ചികിത്സാദി നാചരണത്തിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും സമ്മേളനങ്ങളും സെമിനാറുകളും ബോധവൽക്കരണ ക്ലാസുകളും മെഡിക്കൽ ക്യാമ്പുകളും നടക്കും. കേരളത്തിൽ ഇൻഡ്യൻ നാച്ചുറോപതി ആന്റ് യോഗാ ഗ്രഡ്വേറ്റ്സ് മെഡിക്കൽ അസോസിയേഷൻ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രണ്ടു ദിവസത്തെ വിപുലമായ കൺവൻഷൻ നടക്കുന്നുണ്ട്. 'നേരറിവ് "എന്ന കൺവൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഉദ്ഘാടനം ചെയ്തു. ഇന്ന് 'തീയില്ലാത്ത പാചകം' എന്ന വിഷയത്തിൽ ഡോ.സിജിത് ശ്രീധർ പരിശീലനം നൽകും. ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ടെക്നോളജിയിലെ ഗവേഷകരായ ഡോ. മഞ്ജുനാഥ, ഡോ. ശ്രീനിവാസ് എന്നിവർ യോഗയും ആഹാരവും സംബന്ധിച്ച ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ.ജോർജ്ജ് ഓണക്കൂർ പാലോട് രവി, സ്വാമി ഗുരുപ്രസാദ്, അഡ്വ. ഹരീഷ് വാസുദേവൻ, ജി.കെ.സുരേഷ്ബാബു, സനൂപ് നരേന്ദ്രൻ, ഡോ. ബാബുജോസഫ്, ഡോ. സിജിത് ശ്രീധർ എന്നിവർ 'കേരള ആരോഗ്യ മോഡലിൽ യോഗ പ്രകൃതി ചികിത്സയുടെ പങ്ക് "എന്ന വിഷയത്തേക്കുറിച്ചുള്ള സംവാദത്തിൽ പങ്കെടുക്കും.
( ലേഖകൻ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് നാച്ചുറോപതി മുൻ ഡയറക്ടറാണ്. ഫോൺ : 9567 377 377 )