narendramodi

മദ്ധ്യപ്രദേശ്:നോട്ട് നിരോധനത്തിന്റെ പേരിൽ ഇപ്പോഴും കരയുന്നത് കോൺഗ്രസെന്ന് പ്രധാനമന്ത്രി. നാല് തലമുറയ്‌ക്ക് വേണ്ടി മോഷ്‌ടിച്ചുവച്ചതെല്ലാം ഒറ്റയടിക്ക് പോയതിന്റെ സങ്കടത്തിലാണ് കോൺഗ്രസെന്നും നരേന്ദ്രമോദി കൂട്ടച്ചേർത്തു. മദ്ധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. നോട്ട് നിരോധനത്തിന്റെ ആദ്യഘട്ടത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അതിൽ താൻ പരസ്യമായി മാപ്പുപറഞ്ഞെന്നും മോദി പറഞ്ഞു. എന്നാൽ നോട്ട് നിരോധനത്തിന്റെ പേരിൽ സാധാരണക്കാർ ഇപ്പോഴും കരയുന്നില്ല.

'മകനെ നഷ്ടപ്പെട്ട പ്രായമായ പിതാവിന് പോലും ഒരു വർഷം കൊണ്ട് ആ ദുഖത്തിൽ നിന്നും കരകയറാൻ സാധിക്കും. എന്നാൽ, രണ്ട് വ‌ർഷമായിട്ടും നോട്ട് നിരോധനത്തിൽനിന്ന് കോൺഗ്രസിന് കരകയറാൻ സാധിച്ചിട്ടില്ലെങ്കിൽ അവർക്ക് എത്രമാത്രം പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ചിന്തിച്ച് നോക്കുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കിടക്കയ്ക്കടിയിലും,ചാക്കുകളിലും അലമാരകളിലും, ബാങ്കുകളിലും കള്ളന്മാർ സൂക്ഷിച്ചുവച്ച പണം നിങ്ങളുടേതാണ്. ആ പണം തിരിച്ചുപിടിക്കാൻ നോട്ട് നിരോധനം കൊണ്ട് സാധിച്ചു. ഇവ ഉപയോഗിച്ച് ശൗചാലയങ്ങളും വീടുകളും നിർമിക്കുകയും, കർഷകർക്ക് ജലസേചനം ഉറപ്പുവരുത്തുകയും ചെയ്‌തുവെന്നും നരേന്ദ്രമോദി പറഞ്ഞു. കള്ളക്കടത്തുകാരിൽ നിന്നും പണം തിരിച്ചെടുക്കുവാനുള്ള പോരാട്ടം താൻ ഇനിയും തുടരുമെന്നും മോദി പറ‌ഞ്ഞു.