statue-of-unity

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയെന്ന വിശേഷണത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌ത സർദാർ പട്ടേൽ പ്രതിമ കാണാൻ എത്തിയ സന്ദർശകരുടെ എണ്ണം റെക്കാഡുകൾ ഭേദിച്ചത് വിദേശ മാദ്ധ്യമങ്ങളിൽ അടക്കം വാർത്തയായിരുന്നു. സന്ദർശകരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചതോടെ ഇവിടേക്കുള്ള യാത്രാ സൗകര്യങ്ങളും അധികൃതർ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ബഹിരാകാശത്ത് നിന്നും പകർത്തിയ സ്റ്റാച്യൂ ഒഫ് യൂണിറ്റിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അമേരിക്കൻ കമ്പനിയായ സ്കൈ ലാബാണ് ഇന്ത്യയിലെ അയൺ മാൻ എന്ന പേരിൽ പ്രതിമയുടെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. നർമദ നദിയുടെ പശ്ചാത്തലത്തിൽ പ്രതിമയുടെ മുകളിൽ നിന്നുള്ള ചിത്രമാണ് കമ്പനി പുറത്തുവിട്ടത്.

നർമ്മദാ നദിയിലെ സാധു തടത്തിൽ നിർമ്മിച്ച കൃത്രിമ ദ്വീപിൽ 130 ഹെക്ടർ പ്രദേശത്താണ് പ്രതിമ സ്ഥിതിചെയ്യുന്നത്. 250 മീറ്റർ നീളത്തിൽ പാലവും നിർമ്മിച്ചിട്ടുണ്ട്. 2014 ൽ നിർമ്മാണം ആരംഭിച്ച പദ്ധതി 46 മാസം കൊണ്ടാണ് പൂർത്തിയാവുന്നത്. 3,400 തൊഴിലാളികളും 250 എൻജിനിയർമാരും നാലുവർഷത്തോളം രാപ്പകലില്ലാതെ നടത്തിയ അദ്ധ്വാനത്തിന്റെ ഫലമാണ് പ്രതിമ.

statue-of-unity

സ്റ്റാച്യു ഒഫ് യൂണിറ്റി

പ്രതിമയുടെ മാത്രം ഉയരം 182 മീറ്റർ
സമുദ്ര നിരപ്പിൽ നിന്ന് 237.35 മീറ്റർ ഉയരം

ആകെ ചെലവ് 2989 കോടി

ചൈനയിലെ ഹെനനിൽ 153.28 മീറ്റർ ഉയരത്തിലുള്ള ബുദ്ധ പ്രതിമയാണ് നിലവിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ. 120 മീറ്റർ ഉയരമുള്ള ജപ്പാനിലെ ഉഷികു ദായ്ബുസ്തു ബുദ്ധ പ്രതിമയാണ് രണ്ടാം സ്ഥാനത്ത്.

 ന്യൂയോർക്ക് സിറ്റിയിലെ പ്രശസ്തമായ സ്റ്റാച്യു ഒഫ് ലിബർട്ടിയുടെ രണ്ടിരട്ടി ഉയരം. ബ്രസീലിലെ റിയോ ഡി ജനീറോയിലെ ക്രിസ്തു പ്രതിമയെക്കാൾ നാലിരട്ടി വലുത്.

22,500 ടൺ വെങ്കല പാളികൾ പ്രതിമാ നിർമാണത്തിന് ഉപയോഗിച്ചു.

5700 മെട്രിക് ടൺ സ്റ്റീലും 18,500 മെട്രിക് ടൺ സ്റ്റീൽ ബാറുകളും നിർമ്മാണത്തിന് ഉപയോഗിച്ചു

രാജ്യത്തെ ആറുലക്ഷം ഗ്രാമങ്ങളിൽ നിന്നുള്ള കർഷകരിൽ നിന്നാണ് 5700 മെട്രിക് ടണ്ണോളം സ്റ്റീൽ വസ്തുക്കൾ ശേഖരിച്ചത്.