tantri

സന്നിധാനം: ശബരിമലയിൽ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിധിയുടെ പശ്ചാത്തലത്തിൽ ഏതു നിമിഷവും സംഘർഷസാധ്യത നിലനിൽക്കുമ്പോഴും തന്ത്രി കണ്‌ഠര് രാജീവരര് തീർത്തും 'കൂളാണ്'. തന്ത്ര വിധിയും ആചാരാനുഷ്‌ഠാനങ്ങളും പ്രകാരം അയ്യപ്പന്റെ അച്ഛൻ സ്ഥാനമാണ് തന്ത്രിക്കുള്ളത്. അതുകൊണ്ടുതന്നെ ശബരിമലയെ സംബന്ധിക്കുന്ന വിഷയങ്ങളിൽ പലപ്പോഴും തന്റെ നിലപാടുകൾ രാജീവരര് മാദ്ധ്യങ്ങളിലടക്കം വെളിപ്പെടുത്തിയിട്ടുണ്ട്.

ഈ പിരിമുറുക്കങ്ങൾ നിലനിൽക്കുമ്പോഴും താൻ തീർത്തും കൂളാണെന്ന് തന്ത്രി തെളിയിച്ചു കഴിഞ്ഞു. ശബരിമലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫസ്‌റ്റ് എയിഡ് സെന്ററിന്റെ ഉദ്‌ഘാടനം നിർഹിക്കുമ്പോഴാണ് തന്ത്രിയുടെ വകയായി നർമ്മം എത്തിയത്. ആദ്യം മേൽശാന്തിയുടെ രക്തസമ്മർദ്ദം നോക്കിയ ഡോക്‌ടറോട് 'ഇയാൾക്ക് എന്ത് പ്രഷറ് വരാനാ, ഇപ്പോളിങ്ങോട്ട് വന്നല്ലേയുള്ളു. ഞങ്ങൾക്കല്ലേ ടെൻഷനത്രയും' എന്ന് രാജീവരര് തമാശരൂപേണ ചോദിച്ചു. തുടർന്ന് ബി.പി നോക്കാൻ ഇരിക്കുകയും ചെയ്‌തു. എന്നാൽ പരിശോധിച്ച ശേഷം ബി.പി നോർമലാണെന്ന് ഡോക്‌ടർ പറഞ്ഞത് കൂടിനിന്നവരിൽ ചിരിപടർത്തി.

പതിനെട്ടാം പടി കയറി വരുന്നവർക്ക് എന്തെങ്കിലും ദേഹാസ്വാസ്ഥ്യം ഉണ്ടായാൽ ഉടനടി ശുശ്രൂഷ നൽകുന്നതിനായാണ് സോപാനത്ത് ഫസ്‌റ്റ് എയിഡ് സെന്റർ ആരംഭിച്ചിരിക്കുന്നത്. മണ്ഡലം മകരവിളക്ക് കഴിയുന്നത് വരെ ഭക്തജനങ്ങൾക്ക് സേവനം ലഭ്യമാകും.