തിരുവനന്തപുരം: കെ.പി ശശികലയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ബി.ജെ.പി പിന്തുണയോടെ ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്ത ഹർത്താലിനെ രൂക്ഷമായി വിമർശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത്. ശബരിമല യുവതി പ്രവേശനവിധി ഒരു സുവർണാവസരമായി കരുതി പ്രവർത്തിക്കുന്നവർക്ക് അയ്യപ്പഭക്തരോടും വിശ്വാസികളോടും ഒരു പ്രതിബദ്ധതയുമില്ലെന്ന് തെളിയിക്കുന്ന സന്ദർഭമാണിതെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നിഷ്കളങ്കരായ ഭക്തജനങ്ങളും വിശ്വാസികളും ഇവരുടെ ഈ പ്രചാരണത്തിൽ കുടുങ്ങിപ്പോയിട്ടുണ്ടായിരുന്നു. ഇവർക്കെല്ലാം ഇപ്പോൾ അവരുടെ രാഷ്ട്രീയ അജണ്ട ബോദ്ധ്യപ്പെട്ടുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് ചേർന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹർത്താലിന്റെ പേരിൽ ഭക്തർക്ക് വെള്ളവും ഭക്ഷണവും നൽകുന്ന സ്ഥാപനങ്ങളും മറ്റും ബിജെപിക്കാർ പോയി അടപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സാധാരണ കേരളത്തിൽ ശബരില സീസണിൽ ഏത് രാഷ്ട്രീയപാർട്ടികൾ ഹർത്താലിന് ആഹ്വാനം ചെയ്താലും പത്തനംതിട്ട ജില്ലയെയും തീർത്ഥാടകരെയും ഒഴിവാക്കാറുണ്ടായിരുന്നു. വിവേക പൂർവ്വമുള്ള തീരുമാനങ്ങളായിരുന്നു പാർട്ടികൾ ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
'ശബരിമലയെ തകർക്കാൻ ആരാണ് കരുക്കൾ തീർക്കുന്നതെന്ന് നമുക്ക് വ്യക്തമായി അറിയാം. കൊച്ചുവെളുപ്പാൻ കാലത്ത് ആഹ്വാനം ചെയ്ത ഹർത്താലിന് കാരണമായിട്ട് അവർ പറയുന്നത് ശശികലയെ അറസ്റ്റ് ചെയ്തു എന്നതാണ്. ശശികല എന്താണ് ചെയ്യുന്നത്, അവർ നമ്മുടെ നാട്ടിൽ എമ്പാടും നടന്ന് വർഗീയ വിഷം ചീറ്റിക്കൊണ്ടിരിക്കുകയാണ്. കുറച്ചു ആളുകൾക്ക് അവരുടെ വിഷം ചീറ്റൽ വളരെ ഇഷ്ടമാണ്. ഒരു വനിതയുടെ വായിൽ നിന്നും വരാൻ പറ്റാത്ത അത്ര സംസ്കാര ശൂന്യമായിട്ടാണ് അവർ പലപ്പോഴും സംസാരിച്ചിട്ടുള്ളത്. കഴിഞ്ഞ കുറച്ചുകാലമായി അവർ ലോകമെമ്പാടും അറിയപ്പെടുന്ന ശബരിമലയിലെത്തി വിഷം വമിപ്പിക്കുന്ന ഫണം വിടർത്തി ആടുകയും ബോധപൂർവ്വം കലാപം സൃഷ്ടിക്കുന്നതിന് നേതൃത്വംകൊടുക്കയും ചെയ്യുന്നു. ഇത് കഴിഞ്ഞ നാളുകളിൽ നമ്മൾ കണ്ടതാണ്. വിശ്വാസത്തിന്റെ പേരിലാണ് അവർ ശബരിമലയിലെത്തുന്നതെന്ന് ആരും വിശ്വസിക്കില്ല- കടകംപള്ളി പറഞ്ഞു.
കലാപമുണ്ടാക്കാനുളള ശ്രമമാണ് ശശികലയുടെ സന്ദർശനം. രാഷ്ട്രീയ ലാഭത്തിന് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഒരു പരിധി വേണ്ടേ എന്നും മന്ത്രി ചോദിച്ചു. ഭക്തയെന്ന നിലയിലല്ല കെ.പി.ശശികല സന്നിധാനത്തേയ്ക്ക് പോകാൻ ശ്രമിച്ചത്. രാത്രി സന്നിധാനത്ത് തങ്ങാനാകില്ലെന്ന് നേരത്തെ പൊലീസ് അറിയിച്ചതാണ്. നിരോധനാജ്ഞ ലംഘിച്ചും സന്നിധാനത്തേയ്ക്ക് പോകുമെന്ന് പ്രഖ്യാപിച്ച് മരക്കൂട്ടത്ത് പ്രതിഷേധിച്ചപ്പോഴാണ് ശശികലയെ കസ്റ്റഡിയിലെടുക്കേണ്ടി വന്നതെന്നും കടകംപള്ളി വ്യക്തമാക്കി.