sasikala-teacher

പത്തനംതിട്ട: നിരോധനാജ്ഞ ലംഘിച്ചതിനെ തുടർന്ന് പൊലീസ് അറസ്‌റ്റ് ചെയ്‌ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ തിരുവല്ല കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്. കരുതൽ തടങ്കലിലെടുത്ത ശശികലയെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്‌ക്കാമെന്ന് പൊലീസ് ബന്ധപ്പെട്ടവരോട് പറഞ്ഞിരുന്നു. എന്നാൽ തന്നെ പൊലീസുകാർ ശബരിമലയിൽ എത്തിക്കണമെന്ന നിലപാടിൽ ശശികല ഉറച്ച് നിന്നതോടെയാണ് കോടതിയിൽ ഹാജരാക്കുന്നത്. കോടതിയിൽ നിന്നും ജാമ്യമെടുത്ത് ശശികലയ്‌ക്ക് ശബരിമലയിലേക്ക് പോകാവുന്നതാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം, ശശികലയെ കസ്‌റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്ന റാന്നി പൊലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ശശികലയെ വിട്ടയയ്‌ക്കാതെ തങ്ങൾ പിരിഞ്ഞുപോകില്ലെന്നാണ് സമരക്കാരുടെ നിലപാട്. ഉപവാസത്തിലിരിക്കുന്ന ശശികലയെ ഇടയ്‌ക്ക് ഡോക്‌ടർമാരെത്തി പരിശോധിച്ചിരുന്നു. ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ മ​ര​ക്കൂ​ട്ട​ത്ത് എ​ത്തി​യ ശ​ശി​ക​ല​യെ പൊ​ലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു. തു​ടർ​ന്ന് അർദ്ധരാത്രി 1.40 ഓ​ടെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്​ത​ത്. മ​ട​ങ്ങി​പ്പോ​ക​ണ​മെ​ന്ന് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഭ​ക്ത​യാ​യ താൻ ദർ​ശ​ന​വും നെ​യ്യ​ഭി​ഷേ​ക​വും ന​ട​ത്താ​തെ മ​ട​ങ്ങി​ല്ലെ​ന്ന് പൊ​ലീ​സി​നെ അ​റി​യിച്ചു. തു​ടർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്​ത​ത്.

അതിനിടെ, അറസ്‌റ്റിൽ പ്രതിഷേധിച്ച് ബി.ജെ.പി പിന്തുണയോടെ സംസ്ഥാന വ്യാപകമായി നടത്തുന്ന ഹർത്താൽ പുരോഗമിക്കുകയാണ്. ഇന്ന് വൈകുന്നേരം വരെയാണ് ഹർത്താൽ.