സെൻസേഷണൽ ഉള്ളടക്കമുള്ള പോസ്റ്റുകൾക്ക് വിലക്കിടാനൊരുങ്ങി ഫേസ്ബുക്ക്. വെെറൽ പോസ്റ്റുകൾക്കും ഫേസ്ബുക്ക് നിയന്ത്രണം ഏർപ്പെടുത്തും. ഇതു പ്രമാണിച്ച് ന്യൂസ് ഫീഡ് അൽഗോരിതത്തിൽ മാറ്റം വരുത്തുമെന്നും ഫേസ്ബുക്ക് സി.ഇ.ഒ സക്കർബർഗ് അറിയിച്ചു. ഫേസ്ബുക്ക് ഉള്ളടക്കത്തിൽ നിരവധിമാറ്റങ്ങൾകൊണ്ടുവരാൻ ഫേസ്ബുക്ക് പദ്ധതി ഇടുന്നുണ്ടെന്നും, ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ ഒരു സ്വതന്ത്ര കമ്മിറ്റിയെ നിയോഗിക്കുമെന്നും സക്കർബർഗ് പറഞ്ഞു.
'സെൻസേഷണൽ ഉള്ളടക്കമുള്ള പോസ്റ്റുകളിൽ ഇടപെടലുകൾ നടത്താൻ ആളുകൾക്ക് താൽപര്യം കൂടുതലാണ്. ഞങ്ങളുടെ കമ്മ്യൂണിറ്റി സ്റ്റാന്റേർഡുകൾ നിരോധിച്ചിരിക്കുന്ന ഉള്ളടക്കത്തോട് പലപ്പോഴും ആളുകൾക്ക് കൂടുതൽ ഇടപെടലുകൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിൽ നിയന്ത്രണം വരുത്തുമെന്ന് സക്കർബർഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉള്ളടക്കത്തെ സംബന്ധിച്ചുള്ള കൂടുതൽ തീരുമാനങ്ങൾ ഉപഭോക്താക്കളെക്കൂടി അറിയിക്കുന്ന തരത്തിലേക്ക് മാറ്റുമെന്നും സക്കർബർഗ് വ്യക്തമാക്കി.