k-muraleedharan

തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് എന്തെങ്കിലും സംഭവിച്ചാൽ മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറങ്ങി നടക്കില്ലെന്ന് കെ.പി.സി.സി പ്രചരണ സമിതി ചെയർമാൻ കെ.മുരളീധരൻ പറഞ്ഞു എം.എൽ.എ പറഞ്ഞു. ശബരിമലയിൽ ഭക്തർക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാത്തതിൽ പ്രതിഷേധിച്ച് ദേവസ്വം ബോർഡ് ആസ്ഥാനത്തിന് മുന്നിൽ ഡി.സി.സി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


പിണറായിയുടെ ഭരണത്തിന് കീഴിൽ അയ്യപ്പന് പോലും കഷ്ടകാലമാണ്. ഇങ്ങനെയൊരു കാലം ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. ശബരിമലയിൽ അടിസ്ഥാനസൗകര്യങ്ങളൊന്നും തന്നെ ഒരുക്കിയിട്ടില്ല. ഡ്രെയിനേജ് നിറഞ്ഞ് ശബരിമല പരിസരം ദുർഗന്ധപൂരിതമായിരിക്കുന്നു. നിരോധനാജ്ഞയും പുറപ്പെടുവിച്ചു. ഭക്തർക്ക് 11 മണിക്ക് സന്നിധാനത്ത് തങ്ങാനാവാത്ത സ്ഥിതിയാണ്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ആർ.എസ്.എസിന് സല്യൂട്ട് അടിക്കുകയാണ്. കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണ്. പുരോഗമനവാദികൾക്കൊപ്പമാണ് തങ്ങളെന്ന് സി.പി.എമ്മും വിശ്വാസികൾക്കൊപ്പമാണെന്ന് ദേവസ്വം ബോർഡും പറയുന്നു. ഇതിലൂടെ രണ്ട് വിഭാഗക്കാരുടേയും വോട്ട് കിട്ടുമെന്നാണ് അവർ കരുതുന്നത്. ശബരിമലയിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് നിരീശ്വരവാദം പ്രചരിപ്പിക്കുന്ന സി.പി.എമ്മും കപടഭക്തി കാണിക്കുന്ന ബി.ജെ.പിയുമാണ്. ഇരു പാർട്ടികളും പകൽ ശത്രുക്കളും രാത്രി മിത്രങ്ങളുമാണ്. കോൺഗ്രസിനെ തകർക്കുകയെന്ന പൊതുലക്ഷ്യമാണ് ഇവർക്കുള്ളത്. രണ്ടു പാർട്ടികളും അയ്യപ്പനെ പണയം വച്ച് വോട്ടുണ്ടാക്കാൻ ശ്രമിക്കുന്നു. മുയലിനൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്നത് ജനങ്ങൾ കാണുന്നുണ്ട്. ബോർഡ് പ്രസിഡന്റ് എ.പദ്മകുമാറിന് ശിഷ്ടകാലം കാനനവാസമാണെന്നും മുരളി പറഞ്ഞു.

ദർശനത്തിനെത്തിയ ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി.ശശികലയുടെ അറസ്റ്റ് അനാവശ്യമാണ്. ശശികല ഒരുദിവസം ശബരിമലയിൽ തങ്ങിയാൽ മലയിടിഞ്ഞു വീഴുമോ. ശബരിമല വിഷയത്തിൽ കോൺഗ്രസ് നടത്തിയ പ്രചരണങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം വന്നെന്ന് മനസിലാക്കി ശ്രദ്ധ തിരിക്കാൻ മുഖ്യമന്ത്രി ബി.ജെ.പിയുമായി ചേർന്ന് നടത്തിയ അഡ്‌ജസ്‌റ്റ്‌മെന്റാണ് അറസ്‌റ്റ്. എന്നാൽ ഈ ഭക്തി കാണിക്കുന്ന ബി.ജെ.പി, വിശ്വാസികൾ ശബരിമലയിൽ പോകുന്ന വൃശ്ചികം ഒന്നിന് തന്നെ ചാടിക്കയറി ഹർത്താൽ പ്രഖ്യാപിച്ചത് എന്തിനാണ്. അറസ‌്‌റ്റിനെതിരെ അവർക്ക് കോടതിയെ സമീപിക്കാമായിരുന്നുവെന്നും മുരളി പറഞ്ഞു.

ശബരിമല വിഷയത്തിൽ സർക്കാർ ആർ.എസ്.എസിന് മുന്നിൽ മുട്ടുമടക്കിയെന്ന് യോഗം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി പ്രസി‌ഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ശബരിമലയെ രാഷ്ട്രീയവത്കരിക്കാൻ സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുകയാണ്. സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് നിഷേധാത്മകമാണ്. ശബരിമലയിലുണ്ടായ സംഭവങ്ങൾ നാളെ രാജ്യത്തിന്റെ മറ്റെവിടെയെങ്കിലും ഉണ്ടായാക്കാവുന്ന ആപത്തിന്റെ സൂചനയാണ്. ഇത് തിരച്ചറിഞ്ഞ് തടയാൻ കഴിഞ്ഞില്ലെങ്കിൽ ചരിത്രം മാപ്പ് തരില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ എം.എം.ഹസൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ വി.എസ്.ശിവകുമാർ, കെ.എസ്.ശബരിനാഥൻ തുടങ്ങിയവർ സംസാരിച്ചു. തമ്പാനൂർ രവി, പാലോട് രവി, കരകുളം കൃഷ്‌ണപിള്ള, ,ജി ജോസഫ്, മണക്കാട് സുരേഷ് തുടങ്ങീ നേതാക്കൾ പങ്കെടുത്തു.