ബംഗളൂരു: അഞ്ച് ദിവസങ്ങൾക്കു മുമ്പ് കർണാടകത്തിലെ ശിവനസമുദ്ര വെള്ളച്ചാട്ടത്തിൽ കണ്ടെത്തിയ മൃതദേഹങ്ങൾ ദുരഭിമാനക്കൊലയെന്ന് പൊലീസ്. തമിഴ്നാട് കൃഷ്‌ണഗിരി സ്വദേശികളായ നന്ദിഷ് (26), സ്വാതി (19) എന്നിവരുടെ മൃതദേഹങ്ങളാണിതെന്ന് തിരിച്ചറിഞ്ഞു. അഞ്ച് ദിവസങ്ങൾക്ക് മുമ്പാണ് ശിവനസമുദ്രത്തിലെ വെള്ളച്ചാട്ടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടത്. തുടർന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷം ഈ പരിസരത്തുനിന്ന് പെൺകുട്ടിയുടെ മൃതശരീരവും പൊങ്ങിവന്നു. രണ്ടുപേരെയും ഒരുമിച്ച് കൊലപ്പെടുത്തിയതാണോ എന്ന് പൊലീസ് സംശയിച്ചിരുന്നു.തമിഴ്നാട് ഉൾപ്പെടെയുള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഇവരുടെ ചിത്രങ്ങൾ പൊലീസ് കൈമാറി. ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ സ്വാതിയുടെ പിതാവ് ശ്രീനിവാസയെ മാണ്ഡ്യ പൊലീസ് അറസ്റ്റ് ചെയ്തു.
മൂന്ന് മാസങ്ങൾക്കു മുമ്പാണ് സ്വാതിയും നന്ദിഷും രഹസ്യമായി വിവാഹിതരായയ്. തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ ഒളിച്ചു താമസിച്ചിരുന്ന ഇവരെ സ്വാതിയുടെ ബന്ധുക്കൾ കണ്ടെത്തുകയായിരുന്നു. നന്ദേഷ് ദളിത് സമുദായാംഗമാണ്. അയൽവാസിയായ സ്ത്രീയാണ് ഇരുവരും കർണാടകത്തിലുണ്ടെന്ന കാര്യം പിതാവ് ശ്രീനിവാസയെ അറിയിച്ചത്. ബന്ധുക്കൾ തന്നെയാണ് ഇരുവരെയും കാറിൽകയറ്റി കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. തുടർന്ന് ഇവരെ സ്വകാര്യമായി വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. ഇരുവരുടെയും കൈകാലുകൾ ബന്ധിച്ച് വെള്ളച്ചാട്ടത്തിലേക്ക് തള്ളിയിടുകയായിരുന്നു. വ്യത്യസ്ത സമുദായങ്ങളായതിനാലാണ് വിവാഹത്തിന് വീട്ടുകാരുടെ എതിർപ്പുണ്ടായത്. തുടർന്നാണ് ഇവർ കർണാടകത്തിലേക്ക് ഒളിച്ചോടിയത്. ഇതിനു സമാനമാണ് കേരളത്തിൽ നടന്ന കെവിൻ കൊലപാതകവും.