attack

കോഴിക്കോട്: സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്‌റ്ററുടെ മകൻ ജൂലിയസ് നികിതാസിനും ഭാര്യയും സ്വകാര്യ ചാനലിലെ റിപ്പോർട്ടറുമായ സാനിയോ മനോമിക്കും ഹർത്താൽ അനുകൂലികളുടെ മർദ്ദനമേറ്റതായി പരാതി. ഇന്ന് രാവിലെ 11 മണിയോടെയാണ് കുറ്റ്യാടി കക്കട്ട് അമ്പലക്കുളങ്ങരയിൽ വച്ച് ഇവർക്ക് നേരെ ആക്രമണുണ്ടായത്.

സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന ഇവരുടെ വാഹനം തടഞ്ഞ് നിറുത്തിയ എട്ടോളം ആളുകൾ രണ്ട് പേരെയും മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ജൂലിയാസിന്റെ മൂക്കിന്റെ പാലം തകർന്നു. തനിക്കും മർദ്ദനമേറ്റതായി സാനിയോ പറയുന്നുണ്ട്. സാരമായ പരിക്കേറ്റ ഇരുവരെയും കുറ്റ്യാടി ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്‌ദ്ധ ചികിത്സയ്‌ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റണമെന്നായിരുന്നു ഡോക്‌ടർമാരുടെ നിർദ്ദേശം.

മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമദ്ധ്യേ ഇവരെ പിന്തുടർന്നെത്തിയ സംഘം വീണ്ടും ആക്രമണം അഴിച്ചുവിട്ടു. ഇരുവർക്കും നേരെ അസഭ്യവർഷവും ഭീഷണിയുമുണ്ടായി. വാഹനത്തിന് നേരെ കല്ലേറും നടന്നു. പേരാമ്പ്ര പൊലീസ് സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ഇടപെട്ടില്ലെന്ന് ആക്ഷേപമുണ്ട്. അതേസമയം, ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്നും സംഭവം ആസൂത്രിതമാണെന്നും സി.പി.എം നേതാക്കൾ ആരോപിച്ചു.