കോഴിക്കോട്: ശബരിമലയിൽ സർക്കാർ നടപ്പാക്കുന്നത് കാട്ടു നീതിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള. പൊലീസിനെ ഉപയോഗിച്ച് ശബരിമലയിൽ തേർവാഴ്ച നടത്തുകയാണെന്നും അദ്ദേഹം കോഴിക്കോട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല ഉൾപ്പെടെയുള്ളവരെ തടഞ്ഞ് ദർശനം നിഷേധിച്ചത് നിയമവിരുദ്ധവും നിന്ദ്യവും നീചവുമാണ്. ആചാര അനുഷ്ഠാനങ്ങൾ പ്രകാരം ദർശനം നടത്താനെത്തിയ ശശികലയെ എന്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും അവരുടെ സഞ്ചാരസ്വാതന്ത്ര്യം എന്തിന്റെ പേരിലാണ് നിഷേധിച്ചതെന്നും ആരുടെ നിർദേശ പ്രകാരമാണ് ശശികലയെ രാത്രി മണിക്കൂറുകളോളം തടഞ്ഞ് വച്ചതെന്നും അദ്ദേഹം ചോദിച്ചു. കരുതൽ തടങ്കൽ എന്നാണ് പറയുന്നത്. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണിത്?
ശബരിമലയെ തകർക്കാനാണ് ഇടത് ഭരണകൂടം ശ്രമിക്കുന്നത്. ഡി.ജി.പിയുടെ അജ്ഞതയും വിവരക്കേടും കൊണ്ടാണ് ഈ തരത്തിലുള്ള ഉത്തരവുകൾ ഇറക്കിയത്. ശബരിമലയിൽ നെയ്യഭിഷേകത്തിന് പോലും അവസരം നിഷേധിക്കുന്നു. ഈ സാഹചര്യത്തിൽ ഹർത്താൽ അല്ലാതെ മറ്റു വഴികൾ ഇല്ലായിരുന്നു. എന്തെങ്കിലും പഴുത് ഉണ്ടെങ്കിൽ ശബരിമല വിഷയത്തിൽ കേന്ദ്രം ഇടപെടും. അതിന് പക്ഷേ സംസ്ഥാന സർക്കാരിന് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ അർദ്ധരാത്രിയോടെയാണ് ഇരുമുടിക്കെട്ടുമായി ദർശനത്തിനെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല, ശബരിമല ആചാര സംരക്ഷണ സമിതി കൺവീനർ പൃഥ്വിപാൽ, ബി.ജെ.പി നേതാവ് പി.സുധീർ എന്നിവരെ അറസ്റ്റ് ചെയ്തത്. ഇതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി ഹിന്ദു ഐക്യവേദിയും ശബരിമല കർമ്മ സമിതിയും ആഹ്വാനം ചെയ്ത ഹർത്താലിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.