കോഴിക്കോട്: ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ശബരിമലയിൽ തീർത്ഥാടനത്തിനായി പോയതാണെന്ന് കരുതുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മനഃപൂർവം പ്രശ്നമുണ്ടാക്കാനാണ് അവരെത്തിയതെന്നും ഇക്കാര്യമുന്നയിച്ചു നടത്തിയ ഹർത്താൽ അനാവശ്യമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുലർച്ചെ ഹർത്താൽ പ്രഖ്യാപിച്ചിതിലൂടെ പൊറുക്കാനാവാത്ത തെറ്റാണ് ബി.ജെ.പിയും ആർ.എസ്.എസും പൊതുജനങ്ങളോട് ചെയ്തത്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഭരണഘടനാ ഭേദഗതിയാണ് വരുത്തേണ്ടത്. ആർട്ടിക്കിൾ 26(ബി) അനുസരിച്ച് അയ്യപ്പഭക്തരെ പ്രത്യേക വിശ്വാസ വിഭാഗമായി കണ്ട് ആനുകൂല്യം നൽകിയാലേ ശ്വാശ്വതപരിഹാരമാവുകയുള്ളൂ. വിധി നടപ്പാക്കുന്നതിൽ സുപ്രീംകോടതി കാലാവധി പറഞ്ഞിട്ടില്ല. എന്നിട്ടും അനാവശ്യ ധൃതിപിടിച്ച് നടപ്പാക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. സെൻകുമാറിനെ ഡി.ജി.പി ആക്കണമെന്ന സുപ്രീംകോടതി വിധി വന്നശേഷം എത്രകാലമെടുത്താണ് അത് നടപ്പാക്കിയതെന്ന് ആലോചിക്കണം. ഇത്തരത്തിൽ നിരവധി കോടതി വിധികൾ വന്നുവെങ്കിലും അത് നടപ്പാക്കാൻ സർക്കാർ ധൃതി കാണിച്ചിരുന്നില്ല.
ശബരിമലയിൽ പൊലീസ്രാജാണ് നടക്കുന്നത്. തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങളൊന്നും ഏർപ്പെടുത്താതെ പൊലീസ് നിയന്ത്രണം മാത്രമാണിപ്പോൾ തുടരുന്നത്. തീർത്ഥാടന കാലത്തെ പരിശുദ്ധിയും വിശുദ്ധിയും സർക്കാർ ഇല്ലാതാക്കുകയാണ്. തീർത്ഥാടനം തകർക്കാനാണ് ബി.ജെ.പിയും ശ്രമിക്കുന്നത്.
ശബരിമല വിഷയം രാഷ്ട്രീയ മുതലെടുപ്പായി കോൺഗ്രസും യു.ഡി.എഫും കാണുന്നില്ല. സുവർണാവസരമായി ബി.ജെ.പിയും ആർ.എസ്.എസും, നവോത്ഥാന മുന്നേറ്റമായി എൽ.ഡി.എഫുമാണ് ശബരിമല വിഷയത്തെ കാണുന്നത്. രാഷ്ട്രീയപാർട്ടികളും പ്രതിപക്ഷ നേതാവും സർവകക്ഷിയോഗത്തിൽ പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കാതെ തന്ത്രിയും രാജാവും പറഞ്ഞപ്പോൾ മുഖ്യമന്ത്രി കേട്ടത് ഏത് ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദീഖ്, എം.കെ.രാഘവൻ .എം.പി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.