തിരുവല്ല: ഇന്ന് പുലർച്ചെ പൊലീസ് കരുതൽ കസ്‌റ്റഡിയിലെടുത്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയ്‌ക്ക് ജാമ്യം അനുവദിച്ചു. തിരുവല്ല ജില്ലാ മജിസ്‌ട്രേറ്റാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. തന്നെ അറസ്‌റ്റ് ചെയ്‌തയിടത്ത് തിരികെ എത്തിക്കണമെന്ന ശശികലയുടെ ആവശ്യം കണക്കിലെടുത്ത് പൊലീസ് ഇവരെ ശബരിമലയിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. എന്നാൽ ആരോഗ്യം അനുവദിക്കുമെങ്കിൽ മാത്രം ഇന്ന് സന്നിധാനത്തേക്ക് പോകുമെന്ന് ശശികലയും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം പ്രതികരിച്ചു.
കനത്ത പൊലീസ് സുരക്ഷയിലാണ് റാന്നി പൊലീസ് സ്‌റ്റേഷനിൽ നിന്നും ശശികലയെ തിരുവല്ല ആർ.ഡി.ഒയുടെ മുന്നിൽ ഹാജരാക്കിയത്. ഇവിടെയും പ്രതിഷേധവുമായി അഞ്ഞൂറോളം പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. ബി.ജെ.പി, ഹിന്ദു ഐക്യവേദി നേതാക്കളും സ്ഥലത്തെത്തിയിരുന്നു. സന്നിധാനത്ത് സർക്കാർ യാതൊരു സൗകര്യവും ഏർപ്പെടുത്തിയിട്ടില്ലെന്നും ഇക്കാര്യം പുറത്താകുമെന്ന് പേടിച്ചിട്ടാണ് രാത്രിയിൽ ഭക്തരെ അവിടെ നിന്നും പുറത്താക്കുന്നതെന്നും ശശികല ആരോപിച്ചു.തന്നെ തടഞ്ഞ് വച്ച പൊലീസുകാർ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും അനുവദിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്നലെ രാത്രി ഏഴരയോടെ മരക്കൂട്ടത്ത് എത്തിയ ശശികലയെ പൊലീസ് തടയുകയായിരുന്നു. തുടർന്ന് അർദ്ധരാത്രി 1.40 ഓടെയാണ് അറസ്‌റ്റ് ചെയ്‌തത്. മടങ്ങിപ്പോകണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ഭക്തയായ താൻ ദർശനവും നെയ്യഭിഷേകവും നടത്താതെ മടങ്ങില്ലെന്ന് പൊലീസിനെ അറിയിച്ചു. തുടർന്നാണ് അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് ശശികലയെ റാന്നി പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു. ഇവിടെ രാവിലെ മുതൽ തന്നെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി, ബി.ജെ.പി പ്രവർത്തകർ എത്തിയിരുന്നു. അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ശശികലയും ഉപവാസ സമരത്തിലായിരുന്നു.
മുകളിൽ നിന്നുള്ള നിർദ്ദേശ പ്രകാരം തന്നെ അറസ്‌റ്റ് ചെയ്‌ത നടപടി തിരുത്താൻ പൊലീസ് തയ്യാറായതിൽ സന്തോഷമുണ്ടെന്ന് റാന്നി പൊലീസ് സ്‌റ്റേഷനിൽ നിന്ന് ഇറങ്ങിയ ശേഷം ശശികല പ്രതികരിച്ചിരുന്നു. വീണ്ടും ശബരിമലയ്‌ക്ക് വിടാമെന്ന് പൊലീസ് അറിയിച്ചു. ജാമ്യം ലഭിച്ച ശേഷം സന്നിധാനത്തേക്ക് പോകും. മരക്കൂട്ടത്തിൽ കിടന്നുറങ്ങിയ തന്നെ പൊലീസ് വലിച്ചിഴച്ചാണ് അറസ്‌റ്റ് ചെയ്‌തത്. മലയ്‌ക്ക് പോകാനുള്ള വിലക്ക് നീക്കിയതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞിരുന്നു.