തിരുവനന്തപുരം: ശബരിമലയിൽ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന കർശന സുരക്ഷയിൽ ഇളവ് നൽകുന്ന കാര്യത്തിൽ തീരുമാനം നാളെ അറിയിക്കാമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കി. പൊലീസിന്റെ കടുത്ത നിയന്ത്രണങ്ങൾ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇക്കാര്യത്തിൽ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടെത്തിയ ദേവസ്വം ബോർഡ് അംഗം ശങ്കർദാസിനോടാണ് ഡി.ജി.പി ഇക്കാര്യം അറിയിച്ചത്. നിലവിൽ രാത്രി കാലങ്ങളിൽ നടപ്പന്തലിലും മറ്റും വിരിവയ്‌ക്കാൻ പൊലീസ് ഭക്തരെ അനുവദിക്കുന്നില്ല. കുറച്ചെങ്കിലും ഭക്തരെ ഇവിടെ തങ്ങാൻ അനുവദിക്കണമെന്ന് ശങ്കർദാസ് ഡി.ജി.പിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ആലോചിച്ച ശേഷം തീരുമാനം നാളെ അറിയിക്കാമെന്ന് ഡി.ജി.പി നിലപാട് എടുക്കുകയായിരുന്നു.
അതേസമയം, നേരത്തെയുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കർശന സുരക്ഷാണ് സന്നിധാനത്ത് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. സന്നിധാനത്ത് വിരിവയ്ക്കാനോ രാത്രി 11ന് ശേഷം തങ്ങാനോ കടകൾ തുറന്ന് പ്രവർത്തിപ്പിക്കാനോ അനുവദിക്കില്ലെന്നാണ് പൊലീസ് നിർദ്ദേശം. ഉച്ചപൂജയ്ക്ക് ശേഷം സന്നിധാനത്ത് എത്തുന്ന ഭക്തർക്ക് നെയ്യഭിഷേകം നടത്തണമെങ്കിൽ മലയിറങ്ങി പിറ്റേന്ന് പുലർച്ചെ വീണ്ടും മലചവിട്ടേണ്ടിവരും. സന്നിധാനത്ത് ആകെ 13 ഹോട്ടലുകളും രണ്ട് ലൈറ്റ് ഫുഡ് കടകളുമാണ് ഉള്ളത്. ഇതിൽ ആറ് ഹോട്ടലുകൾ മാത്രമാണ് ഇന്നലെവരെ ലേലത്തിൽ പോയത്. രാത്രിയിൽ ഹോട്ടലുകൾ കൂടി അടയ്ക്കുന്നതോടെ ഭക്തർ ഭക്ഷണം കിട്ടാതെ വലയും.
പമ്പയിലെത്തുന്ന ഭക്തരെ തിരക്കിനനുസരിച്ച് നിയന്ത്രിച്ചാണ് മല ചവിട്ടാൻ അനുവദിക്കുക. ആദ്യം മെറ്റൽ ഡിറ്റക്ടർ വഴി കടത്തിവിടും. തുടർന്ന് ഇരുമുടിക്കെട്ട് ഉൾപ്പെടെ സ്കാനറിലൂടെ കടത്തിവിട്ട് പരിശോധിക്കും. മുഖം തിരിച്ചറിയാനുള്ള കാമറയിലൂടെ ചിത്രങ്ങൾ പകർത്തും. ശബരിപീഠം മുതൽ കർശന നിയന്ത്രണത്തിലാണ് കടത്തിവിടുക. ഇതിന് പുറമെ ഇരുമുടിക്കെട്ടില്ലാതെ എത്തുന്ന ഭക്തരെ കർശനമായി നിരീക്ഷിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.