-mt-vasudevan-nair

രണ്ടാമൂഴവുമായി ബന്ധപ്പെട്ട കേസിൽ മധ്യസ്ഥനെ നിയോഗിക്കണമെന്ന ശ്രീകുമാർ മേനോന്റെ ആവശ്യം കോടതി തള്ളി. മധ്യസ്ഥനെ നിയോഗിക്കേണ്ട ആവശ്യമില്ലെന്നും കേസ് മുന്നോട്ട് പോകുമെന്നും കോഴിക്കോട് അഡീഷണൽ മുൻസിഫ് കോടതി അറിയിച്ചു. അടുത്ത മാസം ഏഴിന് കേസ് വീണ്ടും പരിഗണിക്കും. കരാർകാലാവധി കഴിഞ്ഞിട്ടും ചിത്രീകരണം തുടങ്ങാൻ കഴിയാത്തതിനാൽ എം.ടി വാസുദേവൻ നായർ ശ്രീകുമാർ മേനോനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. ഇരുകക്ഷികളിലും തർക്കമുണ്ടായാൽ മധ്യസ്ഥന്റെ സഹായത്തോടെ പരിഹരിക്കാമെന്ന് കരാറിലുണ്ടെന്ന് ശ്രീകുമാ‌ർ മേനോന് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ വാദിച്ചത്. കരാർ റദ്ദായതിനാൽ വാദത്തിന് പ്രസക്തിയില്ലെന്നും തിരക്കഥ തിരികെ വാങ്ങിത്തരണമെന്നും എം.ടി യുടെ അഭിഭാഷകൻ വാദിച്ചു.

മൂന്ന് വർഷത്തെ കാലാവധിയിലായിരുന്നു തിരക്കഥ നൽകിയത്. ഇപ്പോൾ മൂന്ന് വർഷം കഴിഞ്ഞിട്ടും ചിത്രീകരണം പോലും തുടങ്ങിയിട്ടില്ല. എം.ടിയുമായി ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് അടുത്തിടെ ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു. തല്സ്ഥിതിയിൽ തുടർന്നാൽ രണ്ടാമൂഴം സിനിമ വെള്ളിത്തിരയിലെത്താൻ വൈകുമെന്നാണ് സൂചന.