ന്യൂഡൽഹി: കേന്ദ്ര ധനകാര്യ സെക്രട്ടറി ഹസ്‌മുഖ് ആധിയ നവംബർ 30ന് വിരമിക്കുമെന്ന് ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലി പറഞ്ഞു. കഴിഞ്ഞ നാലു വർഷമായി ധനകാര്യ സെക്രട്ടറിയായും മൂന്നു വർഷമായി റെവന്യൂ സെക്രട്ടറിയായും പ്രവർത്തിക്കുന്ന ആധിയയോട് വിരമിക്കലിന് ശേഷവും സേവനം തുടരാനാകുമോയെന്ന് ആരാഞ്ഞിരുന്നുവെന്നും എന്നാൽ, ഒരു ദിവസം പോലും തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം അറിയിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. വിശ്രമജീവിതം ആത്‌മീയ, യോഗ കാര്യങ്ങൾക്കായി മാറ്റിവയ്‌ക്കാനാണ് ആധിയയുടെ തീരുമാനം. ചരക്ക്-സേവന നികുതി (ജി.എസ്.ടി) നടപ്പാക്കാനും ആദായ നികുതി റിട്ടേൺ ഫയലിംഗ് നടപടികൾ പൂർണമായി ഓൺലൈനാക്കാനും ആധിയ മികച്ച പങ്കാണ് വഹിച്ചതെന്ന് ജയ്‌റ്ര്‌ലി പറഞ്ഞു.