alyque

മുംബയ്: ഉപ്പു തൊട്ട് കർപ്പൂരം വരെയുള്ള ഇന്ത്യൻ പരസ്യ ചിത്രങ്ങളിലൂടെ ഉപഭോക്താക്കളുടെ മനംകവർന്ന സംവിധായകനും പ്രമുഖ നാടക നടനുമായ അലിഖ് പദംസി അന്തരിച്ചു. 90 വയസായിരുന്നു. ലിന്റാസ് ഇന്ത്യ എന്ന പരസ്യ കമ്പനിയുടെ നേതൃസ്ഥാനത്തിരുന്ന് പദംസി നിർമ്മിച്ച ചിത്രങ്ങളൊക്കെ ഹിറ്റുകളായിരുന്നു. സോപ്പുപൊടി, കുളിസോപ്പ്, ഷൂ പോളിഷ്, പ്രമുഖ വാഹന കമ്പനികൾ തുടങ്ങിയവയ്ക്കായി അലിഖ് പദംസി നിർമ്മിച്ച പരസ്യചിത്രങ്ങൾ പ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ടതായിരുന്നു. ഇന്ത്യൻ പരസ്യ ശൈലിയുടെ ബ്രാൻഡ് ഫാദർ എന്നുവരെ പദംസിക്ക് പേരു ലഭിച്ചു. 14 വർഷം ലിന്റാസിന്റെ നേതൃസ്ഥാനം വഹിച്ച അദ്ദേഹം ലോകത്തിലെ തന്നെ പ്രമുഖ പരസ്യനിർമ്മാതാക്കളിലൊരാളായിരുന്നു. നൂറോളം ബ്രാൻഡുകൾക്കാണ് പദംസി രൂപം നൽകിയത്.

1982ൽ ഗാന്ധി എന്ന ചരിത്ര നാടകത്തിൽ മുഹമ്മദ് അലി ജിന്നയുടെ വേഷത്തിലെത്തി അലിഖ് പദംസി എന്ന അഭിനേതാവും ജനകീയനായി. ജനശ്രദ്ധ പിടിച്ചുപറ്റിയ എവിത, ജീസസ് ക്രൈസ്റ്റ് സൂപ്പർസ്റ്രാർ, തുഗ്ലക് തുടങ്ങിയ നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.

രണ്ടായിരത്തിൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ച അദ്ദേഹത്തിന് 2012ലെ സംഗീത നാടക അക്കാഡമിയുടെ ടാഗോർ രത്ന പുരസ്കാരവും ലഭിച്ചു.

1928ൽ ഗുജറാത്തിലെ പരമ്പരാഗത ഘോജ മുസ്ലിം കുടുംബത്തിലാണ് അലിഖ് പദംസി ജനിച്ചത്. പ്രമുഖ നാടക- ചലച്ചിത്ര നടി പേൾ പദംസിയാണ് ആദ്യ ഭാര്യ. പിന്നീട് ബന്ധം വേർപിരിഞ്ഞ് നാടക നടിയായ ഡോളി താക്കോറിനെ വിവാഹം ചെയ്തു. നാടകപ്രവർത്തക ഷസാൻ പ്രഭാകറാണ് മൂന്നാം ഭാര്യ.

പ്രമുഖ പരസ്യങ്ങൾ: ലളിതാജി സർഫ്, ചെറി ചാർളി, ചെറി ബ്ലോസം ഷൂ പോളിഷ്, എം.ആർ.എഫ് മസിൽമാൻ, വെള്ളച്ചാട്ടത്തിൽ കുളിക്കുന്ന ലിറിൽ പെൺകുട്ടി, ഹമാരാ ബജാജ്