v8
V8 VANTAGE

കൊച്ചി: പ്രമുഖ ബ്രിട്ടീഷ് സൂപ്പർ ലക്ഷ്വറി സ്‌പോർട്‌സ് കാർ നിർമ്മാതാക്കളായ ആസ്‌റ്റൺ മാർട്ടിന്റെ പുത്തൻ മോഡലായ വി8 വാന്റേജ് കൊച്ചിയിലെത്തി. ടോട്ടൽ എൻജിൻ ഓയിൽ ഇന്ത്യയുമായി സഹകരിച്ച് ആസ്‌റ്റൺ മാർട്ടിൻ മുംബയ് സംഘടിപ്പിച്ച വാന്റേജ് റോഡ് ഷോയുടെ ഭാഗമായാണ് വി8 വാന്റേജ് കൊച്ചിയിൽ പ്രദർശിപ്പിച്ചത്. രാജ്യത്ത് എട്ട് നഗരങ്ങളിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.

സൂപ്പർ സ്‌പോർട്‌സ് കാർ പ്രേമികൾക്ക് പുത്തൻ വാന്റേജ് പരിചയപ്പെടുത്തുകയും ലോകോത്തര ആഡംബര അനുഭവം സമ്മാനിക്കുകയുമാണ് പ്രദർശനത്തിന്റെ ലക്ഷ്യമെന്ന് ആസ്‌റ്റൺ മാർട്ടിൻ മുംബയ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ലോയ്‌ക് ഡെറൂക്‌സ് പറഞ്ഞു. കഴിഞ്ഞ ഒക്‌ടോബറിൽ ഇന്ത്യൻ വിപണിയിലെത്തിയ പുത്തൻ വാന്റേജിന് 2.86 കോടി രൂപയാണ് മുംബയ് എക്‌സ്‌ഷോറൂം വില. അത്യാധുനിക ഫീച്ചറുകളാൽ മനോഹരമായി നിർമ്മിച്ചിരിക്കുന്ന വി8 വാന്റേജിനെ നിയന്ത്രിക്കുന്നത് 4.0 ലിറ്രർ, വി8 ട്വിൻ ടർബോ എൻജിനാണ്.

510 പി.എസ് കരുത്തും 685 എൻ.എം ടോർക്കുമുള്ള എൻജിൻ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം 3.5 സെക്കൻഡിൽ കൈവരിക്കും. 8-സ്‌പീഡ് ട്രാൻസ്‌മിഷനാണുള്ളത്. പരമാവധി വേഗം മണിക്കൂറിൽ 315 കിലോമീറ്രർ. പോർഷേ 911 ടർബോ എസ്., മെഴ്‌സിഡെസ്-എ.എം.ജി ജി.ടി., ഔഡി ആർ8 വി10 പ്ളസ് എന്നിവയാണ് വിപണിയിലെ എതിരാളികൾ.