തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കൾ കേരളത്തിന്റെ പ്രളയ പുനർനിർമാണത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് ഐക്യരാഷ്ട്ര സഭ ദുരന്ത നിവാരണ മേധാവി മുരളീ തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്‌റ്റ്. നവകേരള നിർമാണത്തിനായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് തോന്നുമെങ്കിലും ശബരിമലയിലെ പ്രശ്‌നങ്ങൾക്കിടയിലും ഇതിനായുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂർണരൂപം
ഒരു ഉപദേശിയുടെ ഓർമ്മക്കുറിപ്പുകൾ..
ശബരിമലയിലെ പ്രശ്നങ്ങൾക്ക് ഇടയിലും കേരളത്തിന്റെ പുനർ നിർമ്മാണത്തിനുള്ള തയ്യാറെടുപ്പുകൾ പിന്നണിയിൽ നടക്കുന്നുണ്ട് എന്നത് ഭൂരിപക്ഷം മലയാളികൾക്കും അറിയാത്ത കാര്യമാണ്.
നവകേരള നിർമ്മാണത്തിനുള്ള "Rebuild Kerala Initiative" എന്ന സംവിധാനത്തിന്റെ ഉപദേശക സമിതിയിൽ ഞാൻ അംഗമാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നാലു മന്ത്രിമാർ, ചീഫ് സെക്രട്ടറി , പുറമെ നിന്നുള്ള ഏതാനും അംഗങ്ങൾ ഇവർ ഉൾപ്പെട്ടതാണ് ഈ സമിതി.
കേരളത്തിലെ സർക്കാർ സംവിധാനങ്ങളുമായി അടുത്ത് ആദ്യമായിട്ടാണ് ഇടപഴകുന്നത്. കഴിഞ്ഞ ഒരു മാസത്തിനകം ഈ കമ്മിറ്റിയുടെ രണ്ടു മീറ്റിങ്ങുകൾ കഴിഞ്ഞു. അതിൻ്റെ ചില അനുഭവങ്ങൾ പങ്കുവെക്കാം.
1. ലോകത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളിൽ ഇരുന്ന് വീഡിയോ വഴിയാണ് രണ്ടു മീറ്റിംഗിലും പങ്കെടുത്തത്. ഒരു മൊബൈൽ ഫോൺ ആപ്പ് വഴി. വളരെ ക്ലിയർ ആയി നമുക്ക് കാണാനും കേൾക്കാനും പറ്റും. ഇനി മലയാളികൾ ലോകത്ത് എവിടെ ആണെങ്കിലും അവരുടെ ഉപദേശം നമ്മുടെ സർക്കാരോ സ്വകാര്യ സ്ഥാപനങ്ങളോ അക്കാദമിക്ക് സ്ഥാപനങ്ങളോ തേടാതിരിക്കാൻ ഒരു ന്യായീകരണവും ഇല്ല.
2. നമ്മുടെ മുഖ്യമന്ത്രി ഏറെ സമയ നിഷ്ഠ ഉള്ള ആളാണ്, അതുകൊണ്ട് മീറ്റിംഗുകൾ സമയത്തിന് തന്നെ തുടങ്ങും, അവസാനിക്കുകയും ചെയ്യും.
3. മീറ്റിംഗുകൾ പ്ലാൻ ചെയ്യുന്നതിലും അതിൻ്റെ ബാക്ക്ഗ്രൗണ്ട് റീഡിങ്ങ് ഡോക്കുമെന്റുകൾ അയക്കുന്ന കാര്യത്തിലും ഒക്കെ കുറച്ചുകൂടി കാര്യങ്ങൾ പുരോഗമിക്കാനുണ്ട്.
4. മീറ്റിംഗിൽ മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ ശരിക്ക് ശ്രദ്ധിച്ച് കേൾക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ രീതി. സംസാരിക്കുമ്പോൾ തന്നെ സ്വന്തം അഭിപ്രായങ്ങൾ പറയുകയല്ല, എന്തെങ്കിലും ഒക്കെ ക്ലാരിഫിക്കേഷൻ ചോദിക്കാറാണ് പതിവ്. "Good leaders should be good listners" എന്നാണ് നല്ല മാനേജ്‌മെന്റ് തത്വവും.
5. എന്നെ ഏറ്റവും അതിശയിപ്പിച്ചത് പ്രതിപക്ഷ നേതാവാണ്. ശബരിമലയും ബ്രൂവറിയും ഒക്കെയായി സർക്കാരും ആയി പല അഭിപ്രായ വ്യത്യാസങ്ങളും നിലനിൽക്കുന്നതും പുറത്ത് ശക്തമായി സർക്കാരിനെ വിമർശിക്കുകയും ചെയ്യുന്ന സമയമാണ്. പക്ഷെ പുനർ നിർമ്മാണത്തിന്റെ മീറ്റിംഗിന് വരുമ്പോൾ അതൊന്നും വിഷയമല്ല. വിഷയങ്ങൾ നന്നായി പഠിച്ച്, വളരെ പ്രസക്തമായ അഭിപ്രായങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും പ്രകടിപ്പിക്കും. ഞാൻ നേരിട്ട് അറിയുന്ന ആളല്ല പ്രതിപക്ഷ നേതാവ. അടുത്ത തവണ നാട്ടിൽ ചെല്ലുമ്പോൾ അദ്ദേഹത്തെ കൂടുതൽ പരിചയപ്പെടണം എന്നും സംസാരിക്കണം എന്നും തീരുമാനിച്ചു.
6. പുനർ നിർമ്മാണം "ഒന്നും നടക്കുന്നില്ല" എന്നൊക്കെ ആളുകൾക്ക് തോന്നുന്നുണ്ട്. കുറച്ചൊക്കെ ശരിയും ഉണ്ട്. പക്ഷെ പുനർ നിർമ്മാണം എന്നത് ഒരു നൂറു മീറ്റർ സ്പ്രിന്റ് അല്ല, ഫുൾ മാരത്തോൺ ആണ്. അതുകൊണ്ടു തന്നെ ചർച്ചകളും പ്ലാനിങ്ങും ഒക്കെ പ്രധാനമാണ്. ചർച്ചകൾ പ്രവർത്തിയിലേക്ക് നീങ്ങണം എന്നതാണ് പ്രധാനം.
7. നവകേരളം എന്നത് പുനർ നിർമ്മാണം മാത്രമല്ല, കേരളത്തിലെ ഭൂവിനിയോഗം തൊട്ട് കെട്ടിട നിർമ്മാണം വരെ, നികുതി ഘടന മുതൽ വിദ്യാഭ്യാസം വരെ ഉള്ള കാര്യങ്ങളിൽ പുതിയ കാഴ്ചപ്പാടുകളും നയങ്ങളും നിയമങ്ങളും ഒക്കെ കൊണ്ടുവരുന്നതും കൂടിയാണ് എന്നതാണ് എൻ്റെ പ്രധാന ഉപദേശം. പറ്റുമ്പോൾ ഒക്കെ അത് ഞാൻ കൊടുക്കുന്നുണ്ട്.
8. ഉപദേശക സമിതിയിൽ ഇപ്പോൾ ഒരു സ്ത്രീ മാത്രമാണ് ഉള്ളത്. നവകേരളത്തിൽ സ്ത്രീപ്രാതിനിധ്യം ഇതൊന്നും പോരാ. ഇക്കാര്യവും ഞാൻ ഇടക്കിടക്ക് പറയുന്നുണ്ട്.
9. "ചുമ്മാതല്ല ഇയാൾ സർക്കാരിനെ താങ്ങിക്കൊണ്ട് നടക്കുന്നത്" എന്ന് ആത്മഗതം വേണ്ട. ഉപദേശക സമിതിക്ക് ശമ്പളവും യാത്ര ബത്തയും ഒന്നുമില്ല. തിരുവനന്തപുരത്ത് മീറ്റിംഗിൽ പങ്കെടുക്കുന്നവർക്ക് ചായയും ബിസ്ക്കറ്റും ഉണ്ട്. ജനീവയിൽ ഞാൻ അത് സ്വന്തമായി സംഘടിപ്പിക്കണം.
10. ഉപദേശക സമിതി വഴി ഞാൻ സർക്കാരിലേക്ക് എത്തിക്കുന്നത് എൻ്റെ വ്യക്തിപരമായ അനുഭവങ്ങളും അഭിപ്രായങ്ങളും മാത്രമല്ല. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ നിങ്ങൾക്ക് അഭിപ്രായം ഉണ്ടെങ്കിൽ തീർച്ചയായും പറയണം. ഇമെയിൽ ചെയ്താലും മതി.
മുരളി തുമ്മാരുകുടി