duck

പുത്തൻ രുചികൾ തേടി പോകുന്നവരാണ് മലയാളികളിൽ ഏറെ പേരും. എരിവും, പുളിയും, മധുരവുമെന്നു തുടങ്ങി വ്യത്യസ്ത രുചികളുണ്ട്. ഒരോ നാട്ടിലും ഒാരോ രുചിഭേദങ്ങളാണ്. രുചിതേടി യാത്രപോകുന്നവരും ഒരു ഭാഗത്തുണ്ട്. ഇതിൽ വേറിട്ടതാണ് കാന്താരിയുടെ രുചി. കാന്താരിയുടെ എരുവറിയാത്തവരുണ്ടോ മലയാളികളിൽ? അതൊന്ന് വേറെതന്നെയാണ്. ഇത്തിരിക്കുഞ്ഞൻ കാന്താരിക്ക് രുചിയും ആരോഗ്യ ഗുണങ്ങളും ഏറെയാണ്. കാന്താരി ചേ‌ർത്തുവയ്‌ക്കുന്ന വിഭവങ്ങൾക്കും പ്രത്യേക ടെയ്സ്റ്റാണ്. നാവിൽ വെള്ളമൂറുന്നവയാണ് കാന്താരിമുളക് ചേർത്ത വിഭവങ്ങൾ. നല്ല നാടൻ കാന്താരി താറാവിനെ കുറിച്ച് കേട്ടിട്ടുണ്ടോ?എങ്ങനെ കാന്താരി താറാവ് ഉണ്ടാക്കാമെന്ന് നോക്കാം.

ചേരുവകൾ

താറാവ്....... 1 കിലോ

കാന്താരി മുളക്........ആവശ്യത്തിന്

ചെറിയ ഉള്ളി............200 ഗ്രാം

സവാള..........1എണ്ണം

തക്കാളി .........2

ഇഞ്ചി..........ഒരു കഷ്ണം

ഗ്രാമ്പു..........2 എണ്ണം

പച്ചമുളക്.......3

എണ്ണ ...........3 ടീസ്പൂൺ

തേങ്ങാപ്പാൽ...... ഒരെണ്ണത്തിന്റേത്

പുതിനയില,മല്ലിയില ,കറിവേപ്പില...........ആവശ്യത്തിന്

സ്പ്രിംഗ് ഒനിയൻ.........ആവശ്യത്തിന്

കറുവപ്പട്ട........ചെറിയ കഷ്ണം

ജാതി പത്രി, രംഭയില,പെരുംജീരകം........ആവശ്യത്തിന്

ഉപ്പ് ...........ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മൺചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കുക. ചൂടായിവരുമ്പോൾ ഇതിലേക്ക് വെളുത്തുള്ളി ചതച്ചത് ചേർക്കുക, ശേഷം ഇഞ്ചി അരിഞ്ഞതും ചേർത്ത് മൂപ്പിക്കുക. അതിലേക്ക് കറുവപ്പട്ട, ജാതി പത്രി ഇവ ചേർത്ത് വഴറ്റുക.അതിലേക്ക് ചെറിയ ഉള്ളി ചേർത്ത് ഇളക്കുക. ചെറിയ ഉള്ളിക്ക് മധുരം കൂടിയതുകൊണ്ട് കുറച്ച് സവാള കൂടി ചേർക്കുക. പാകമാകുമ്പോൾ മുഴുവൻ സവാളയും ചേർക്കുക. ഒപ്പം തക്കാളിയും, ഉപ്പും ചേ‌ർത്തിളക്കുക. കൂടുതലും തനിപച്ച സാധനങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് പച്ച ചുവ വരാൻ സാധ്യതയുണ്ട് അതുകൊണ്ട് 2 വറ്രൽ മുളകുകൂടി ഇടുക. സ്‌പ്രിംഗ് ഒനിയൻ ചെറുതായി അരിഞ്ഞിടുക. ശേഷം മല്ലിയിലയും കാന്താരി അരച്ചതും ചേർത്ത് ഇളക്കുക. കൂടെ കറിവേപ്പില ചേർക്കുക.വഴന്നുവരുമ്പോൾ താറാവ് ചേ‌ർക്കുക. നന്നായി ഇളക്കുക. ശേഷം,പെരും ജീരകം, വെളുത്തുള്ളി, ഗ്രാമ്പു, 2 ഏലയ്ക്ക. ജാതിപത്രി, എന്നിവ ചേർത്തരച്ചതും,കുറച്ച് ഉപ്പും വറ്റിവന്ന മസാലയിലേക്കൊഴിക്കുക. കൂടെ രംഭയിലയും ചേർക്കുക. ഒരു നുള്ള് മുളകുപൊടി വിതറിക്കൊടുക്കുക. ശേഷം, ഒരു മൺചട്ടികൊണ്ട് മൂടിവെയ്ക്കുക. വെള്ളം വറ്റിവരുമ്പോൾ തേങ്ങാപാൽ ഒഴിക്കുക. നന്നായി ഇളക്കികൊടുക്കുക. പാകമാകുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.