thomas-kurian
THOMAS KURIAN

ന്യൂയോർക്ക്: ആഗോള ടെക് ഭീമനായ ഗൂഗിളിന്റെ ക്ളൗഡ് വിഭാഗത്തെ ഇനി കോട്ടയത്തുകാരൻ തോമസ് കുര്യൻ നയിക്കും. നിലവിലെ സി.ഇ.ഒ ഡയാൻ ഗ്രീൻ ഒഴിയുന്ന പദവിയിലേക്കാണ് 51കാരനായ തോമസ് കുര്യൻ എത്തുന്നത്. ഒറാക്കിളിന്റെ പ്രോഡക്‌ട് ഡെവലപ്‌മെന്റ് വിഭാഗം പ്രസിഡന്റായിരുന്ന തോമസ് കുര്യൻ സെപ്‌തംബറിൽ രാജിവച്ചിരുന്നു. ഈമാസം 26ന് അദ്ദേഹം ഗൂഗിൾ ക്ളൗഡിൽ പ്രവേശിക്കും. 2019 ആദ്യം സി.ഇ.ഒ പദവി ഏറ്റെടുക്കും.

ഇമെയിൽ, സ്‌പ്രെഡ് ഷീറ്ര്, വേഡ് പ്രോസസിംഗ് തുടങ്ങിയവയുടെ ആപ്ളിക്കേഷനായി പ്രവർത്തിക്കുന്ന ക്ളൗഡ് വിപണി ഓരോ ത്രൈമാസത്തിലും 100 കോടി ഡോളറിനുമേൽ വിറ്റുവരവാണ് കുറിക്കുന്നതെന്ന് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ അഭിപ്രായപ്പെട്ടിരുന്നു. നിലവിൽ, ക്ളൗഡ് വിപണിയിൽ നാലാമതാണ് ഗൂഗിൾ. 34 ശതമാനം വിപണി വിഹിതമുള്ള ആമസോണാണ് ഒന്നാമത്. പത്തു ശതമാനത്തിൽ താഴെയാണ് ഗൂഗിളിന്റെ വിഹിതം. ഒറാക്കിളിൽ 22 വർഷത്തെ പരിചയസമ്പത്തുള്ള തോമസ് കുര്യന്റെ സേവനം ക്ലൗഡ് മാർക്കറ്റിൽ മുന്നേറാൻ തുണയാകുമെന്നാണ് ഗൂഗിളിന്റെ പ്രതീക്ഷ.

ബംഗളൂരുവിലായിരുന്നു തോമസ് കുര്യന്റെ സ്‌കൂൾ ജീവിതം. പ്രിൻസ്‌റ്റൻ യൂണിവേഴ്‌സിറ്രിയിൽ നിന്ന് ഇല്‌ക്‌ട്രിക്കൽ എൻജിനിയറിംഗ് ബിരുദവും സ്‌റ്രാൻഫോഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.ബി.എയും നേടിയ കുര്യൻ, 1996ലാണ് ഒറാക്കിളിൽ ചേരുന്നത്. തോമസ് കുര്യന്റെ ഇരട്ട സഹോദരൻ ജോർജ് കുര്യൻ കാലിഫോർണിയ ആസ്ഥാനമായുള്ള പ്രമുഖ സോഫ്‌റ്റ്‌വെയർ കമ്പനിയായ നെറ്ര്ആപ്പിന്റെ സി.ഇ.ഒയാണ്.