kt-jaleel

കോഴിക്കോട് : ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നവംബർ 21ന് സംസ്ഥാന വ്യാപകമായി പഞ്ചായത്ത്തല പ്രതിഷേധത്തെരുവുകൾ സംഘടിപ്പിക്കാൻ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. തെളിവുകൾ പുറത്തു വന്നിട്ടും മന്ത്രി അധികാരത്തിൽ തുടരുന്നത് അപമാനകരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

പ്രതിഷേധത്തെരുവിൽ മുസ്‌ലിം ലീഗ്, യു.ഡി.എഫ് നേതാക്കൾ സംബന്ധിക്കും. ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യത്തോട് മുഖംതിരിഞ്ഞ് നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണമെന്നാവശ്യപ്പെട്ട് കാമ്പെയിൻ സംഘടിപ്പിക്കും. ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി എം.പി. നവാസ് എന്നിവരടക്കം 20 വിദ്യാർത്ഥി നേതാക്കളെ ജയിലിലടച്ചതിൽ യോഗം പ്രതിഷേധിച്ചു.

യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. എം.എ. സമദ്, നജീബ് കാന്തപുരം, അഡ്വ. സുൽഫീക്കർ സലാം, ഫൈസൽ ബാഫഖി തങ്ങൾ, പി.കെ. സുബൈർ, പി.എ. അബ്ദുൾ കരീം, മുജീബ് കാടേരി, പി.ജി. മുഹമ്മദ്, കെ.എസ്. സിയാദ്, ആഷിക്ക് ചെലവൂർ, വി.വി. മുഹമ്മദലി, എ.കെ.എം. അഷറഫ്, പി.പി. അൻവർ സാദത്ത് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതം പറഞ്ഞു.