ചെന്നൈ: തമിഴ്നാട്ടിൽ ഗജ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിൽ ദുരിതം അനുഭവിക്കുന്നവർക്ക് നടൻ രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ മൺട്രത്തിന്റെ പ്രവർത്തകർ വിതരണം ചെയ്ത ദുരിതാശ്വാസ വസ്തുക്കളെചൊല്ലി വിവാദം. ദുരിതാശ്വാസ വസ്തുക്കളിൽ രജനിയുടെ ചിത്രം പതിപ്പിച്ചതിനെ തുടർന്നാണ് വിമർശനം ഉയർന്നത്. ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയ നാഗപട്ടണത്ത് വിതരണം ചെയ്ത പാക്കറ്റുകളിലാണ് രജനിയുടെ ചിത്രം പതിപ്പിച്ചത്.
ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ദുരിതാശ്വാസത്തിന്റെ പേരിൽ രജനീകാന്തും മക്കൾ മൺട്രം പാർട്ടിയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നാണ് വിമർശനം ഉയരുന്നത്. ഇത് സംബന്ധിച്ച് രജനീകാന്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ചിത്രം പതിപ്പിച്ചത് ആരാധകരാകാമെന്നും രജനികാന്ത് ഇത് സംബന്ധിച്ച് അറിഞ്ഞിട്ടില്ലെന്നും രജനികാന്തുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
ചെന്നൈയിൽ കഴിഞ്ഞ പ്രളയകാലത്ത് വിതരണം ചെയ്ത ഭക്ഷണപാക്കറ്റുകളിലും അവശ്യ വസ്തുക്കളിലും ജയലളിതയുടെ ചിത്രം പതിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഗജ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ ഇതുവരെ 35 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. നാഗപട്ടണം, വേളാങ്കണ്ണി, പുതുക്കോട്ടെ, തഞ്ചാവൂർ, കടലൂർ തുടങ്ങിയ മേഖലകളിലാണ് ചുഴലിക്കാറ്റ് കനത്തനാശം വിതച്ചത്. ഈ മേഖലകളിൽ അടുത്ത 24 മണിക്കൂർ കൂടി കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.