ശബരിമല: ശബരിമല ദർശനം നടത്താനെത്തിയ ബി.ജെ.പി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെയും സംഘത്തെയും നിലയ്ക്കൽ വച്ച് എസ്.പി യതീഷ് ചന്ദ്രന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. പൊലീസിന്റെ കരുതൽ തടങ്കലിലാണ് ഇവർ. നട അടയ്ക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് വരെ മാത്രമേ തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂവെന്നും രാത്രിയില്‍ സന്നിധാനത്തേക്ക് ആരെയും കടത്തിവിടില്ലെന്നും എസ്.പി. അറിയിച്ചപ്പോൾ തിരിച്ച് പോകാനാകില്ലെന്ന് പറഞ്ഞ സുരേന്ദ്രനെ ഒടുവിൽ ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തിൽ കയറ്റുകയായിരുന്നു. ആറേമുക്കാലോടെ നിലയ്ക്കലെത്തിയ സുരേന്ദ്രൻ രണ്ടു തവണ മാദ്ധ്യമങ്ങളെ കണ്ട് സംസാരിച്ച ശേഷം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് നടക്കവേയാണ് പൊലീസ് തടഞ്ഞത്. എല്ലാ നിയമങ്ങളും പാലിച്ചാണ് താനും തന്റെ കൂടെയുള്ളവരും എത്തിയതെന്ന് സുരേന്ദ്രൻ പറഞ്ഞു.
തുടർന്ന് പൊലീസുമായി വാക്കു തർക്കമായി. താൻ പരി പാവനമായ ഇരുമുടിക്കെട്ടുമായാണ് എത്തിയത്. ശബരിമലയിൽ കയറി ദർശനവും വഴിപാടും കഴിക്കാതെ മടങ്ങില്ല. അറസ്റ്റ് ചെയ്തു തന്നെ തടയാനാവില്ല. വെടി വയ്ക്കുകയോ കൊല്ലുകയോ ചെയ്താൽ മാത്രമേ തന്നെ തടയാനാകു. പ്രശ‌്നം ഉണ്ടാക്കാനല്ല, ദർശനം നടത്താനാണ് താനെത്തിയതെന്നും സുരേന്ദ്രൻ പറഞ്ഞു. പൊലീസ് നിരന്തരമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും നിലപാടിൽ നിന്ന് മാറാൻ സുരേന്ദ്രൻ തയ്യാറായില്ല. തുടർന്ന് ബലം പ്രയോഗിച്ച് സുരേന്ദ്രനെ പൊലീസ് വാഹനത്തിൽ കയറ്റി മാറ്റുകയായിരുന്നു. അഞ്ച് പേരുടെ സംഘമായാണ് സുരേന്ദ്രനും കൂട്ടരുമെത്തിയത്.
അതേ സമയം സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചു. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയ ചിറ്റാർ പൊലീസ് സ്റ്റേഷനു മുന്നിൽ സംഘപരിവാർ പ്രവർത്തകർ നാമജപ പ്രതിഷേധം നടത്തി.