ഭോപ്പാൽ: കൂടുതൽ കാര്യങ്ങൾ ഒളിച്ചുവയ്ക്കാനുള്ളവരാണ് സി.ബി.ഐയെ ഭയക്കുന്നതെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി പരാമർശിച്ചു. സംസ്ഥാനങ്ങളിൽ സി.ബി.ഐയ്ക്കുള്ള പൊതുസമ്മതം പിൻവലിച്ച ആന്ധ്രാപ്രദേശ്, പശ്ചിമബംഗാൾ സർക്കാർ നടപടിയെ വിമർശിച്ചായിരുന്നു ജയ്റ്റിലിയുടെ പരാമർശം.
അഴിമതിയുടെ കാര്യത്തിൽ ഒരു സംസ്ഥാനത്തിനും സ്വയംഭരണാവകാശമില്ലെന്നും ജയ്റ്റ്ലി വ്യക്തമാക്കി.
സംസ്ഥാന നർക്കാരിന്റെ അനുമതിയില്ലാതെ സി.ബി.ഐക്ക് ആന്ധ്രാപ്രദേശിൽ പരിശോധനകൾ നടത്താൻ സാധിക്കില്ലെന്നു കാട്ടി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉത്തരവിറക്കിയത്. പിന്നാലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും സമാന നിലപാട് സ്വീകരിക്കുകയായിരുന്നു. ആന്ധ്രയുടെ നീക്കം പ്രത്യേക കേസിനെ സംബന്ധിച്ചല്ലെന്നും എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള പേടി കൊണ്ടാണെന്നും ജയ്റ്റ്ലി കുറ്റപ്പെടുത്തി.
ഡൽഹി പൊലീസ് സ്പെഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരമാണ് സി.ബി.ഐ പ്രവർത്തിക്കുന്നത്. ഈ നിയമമനുസരിച്ച് ഡൽഹിയ്ക്കകത്ത് സി.ബി.ഐക്ക് പരമാധികാരമുണ്ട്. എന്നാൽ സംസ്ഥാനങ്ങളിൽ അന്വേഷണം നടത്താൻ അതത് സർക്കാരുകളുടെ പൊതുസമ്മതം വേണമെന്നാണ് ചട്ടം.
കേന്ദ്രഭരണാധിഷ്ഠിതമായ വ്യവസ്ഥയാണ് നിലനിൽക്കുന്നത്. അതിനു കീഴിലുള്ള സി.ബി.ഐയ്ക്ക് കേന്ദ്രസർക്കാർ ജീവനക്കാരുടെ അഴിമതി സംബന്ധിച്ചും സംസ്ഥാനങ്ങളിലെ ഗുരുതര കേസുകളും അന്വേഷിക്കാൻ അവകാശമുണ്ട്. സംസ്ഥാനങ്ങളോ കോടതികളോ നിർദ്ദേശിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കേസുകൾ തിരഞ്ഞെടുക്കുക.
-അരുൺ ജയ്റ്റ്ലി