കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെയും മുൻ എം.എൽ.എ കെ.കെ. ലതികയുടെയും മകനെയും മരുമകളെയും ഹർത്താൽ അനുകൂലികൾ ആക്രമിച്ചു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ ജുലിയസ് നിഖിദാസിനും (32), മകന്റെ ഭാര്യയും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറുമായ സാനിയോ മനോവികയ്ക്കും (25) നേരെയാണ് ആക്രമണമുണ്ടായത്. മൂക്കിന് ഇരുമ്പ് വടികൊണ്ട് അടിയേറ്റ നിഖിദാസിനെ ഇ.എൻ.ടി വാർഡിലും വയറ്റിൽ ചവിട്ടേറ്റ സാനിയോ മനോവികയെ സർജറി വാർഡിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഒാടെ കുറ്റ്യാടിക്കടുത്ത് അമ്പലക്കുളങ്ങരയിലാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്. കോഴിക്കോട്ടു നിന്ന് കക്കട്ടിലെ വീട്ടിലേക്ക് കാറിൽ പോകുമ്പോൾ പത്തോളം പേർ തടഞ്ഞുനിറുത്തി പിടിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. സാനിയയുടെ വയറ്റിൽ ചവിട്ടുകയും നെഞ്ചിൽ ഇടിക്കുകയും ചെയ്തു. നിഖിദാസിനെ തുരുതുരാ മർദ്ദിച്ച ശേഷം മൂക്കിൽ അടിക്കുകയായിരുന്നു.
കുറ്റ്യാടി ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പൊലീസ് അകമ്പടിയിൽ കൊണ്ടുപോകും വഴി വീണ്ടും തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചതായി സാനിയോ മനോവിക പറഞ്ഞു. കുറ്റ്യാടി പൊലീസ് പത്തോളം പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.