uefa-nations-league

റോട്ടർഡാം: നേഷൻസ് ലീഗിൽ ലോകചാമ്പ്യൻമാരായ ഫ്രാൻസിനെ വീഴ്‌ത്തി ഹോളണ്ടിന് തകർപ്പൻ ജയം. നേഷൻസ് ലീഗ് എ ഗ്രൂപ്പ് വണ്ണിലെ മത്സരത്തിൽ സ്വന്തം തട്ടകമായ റോട്ടർഡാമിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഹോളണ്ട് ഫ്രഞ്ച് പടയെ തകർത്തോടിച്ചത്. ജയത്തോടെ ഹോളണ്ട് സെമി പ്രതീക്ഷകൾ സജീവമാക്കി. അതേസമയം ഹോളണ്ടിന്റെ ജയത്തോടെ ജർമ്മനി തരംതാഴ്ത്തപ്പെടുമെന്ന കാര്യം ഉറപ്പായി. നിലവിൽ ഗ്രൂപ്പിൽ 4 മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി ഫ്രാൻസാണ് ഒന്നാം സ്ഥാനത്ത്. ഇനി അവർക്ക് മത്സരമില്ല. അതേ സമയം നാളെ ഹോളണ്ടിന് ജർമ്മനിക്കെതിരെ ഒരു മത്സരം അവശേഷിക്കുന്നുണ്ട്. ആ മത്സരത്തിൽ സമനിലയെങ്കിലും നേടാനായാൽ ഹോളണ്ടിന് സെമി ഉറപ്പിക്കാം.

ജോർജിനോ വിജ്‌നാൾഡമ്മും പെനാൽറ്റിയിലൂടെ മെഫിസ് ഡിപെയുമാണ് ഹോളണ്ടിനായി ഫ്രഞ്ച് വലയിൽ പന്തെത്തിച്ചത്. ലോകചാമ്പ്യൻമാരായ ശേഷം ഫ്രാൻസ് വഴങ്ങുന്ന ആദ്യ തോൽവിയാണിത്. തോൽവിയറിയാതെയുള്ള ഫ്രാൻസിന്റെ പതിനഞ്ച് മത്സരങ്ങൾ നീണ്ട അപരാജി കുതിപ്പിനാണ് ഡച്ച് പട ഫുൾ സ്‌റ്റോപ്പിട്ടത്.

എംബാപ്പെ, ജിറൗഡ്, ഗ്രിസ്മാൻ എന്നിവരെ മുന്നിൽ നിറുത്തി 4-3-3 ശൈലിയിലിറങ്ങിയ ദെഷാംപ്‌സിന്റെ ഫ്രഞ്ച് പടയെ ഡച്ച് കോച്ച് കോമാൻ 4-2-3-1 ഫോർമേഷനിൽ ഡിപെയെ മാത്രം മുന്നിൽ നിറുത്തി തടഞ്ഞു നിറുത്തുകയായിരുന്നു.

മത്സരത്തിൽ പാസിംഗിലും ഷോട്ടിലും ബാൾപൊസൽനിലും മുൻതൂക്കം ഡച്ച് പടയ്ക്ക് തന്നെയായിരുന്നു.

തുടക്കം മുതൽ ആധിപത്യം സ്ഥാപിച്ച ഹോളണ്ടിനെതിരെ പത്താം മിനിറ്റിൽ ഫ്രഞ്ച് പട ഗോളിനടുത്തെത്തിയെങ്കിലും അന്റോയിൻ ഗ്രീസ്മാന്റെ ഹെഡ്ഡർ ദുർബലമായിപ്പോയി.

ഒന്നാം പകുതി അവസാനിക്കാറാകവെ 44 -ാം മിനിറ്റിലാണ് വിജ്‌നാൾഡം ഹോളണ്ടിന്റെ ആദ്യ ഗോൾ നേടുന്നത്. രണ്ടാം പകുതിയുടെ അധിക സമയത്ത് 96-ാം മിനിറ്റിൽ ഡി ജോംഗിനെ മൂസ സിസോക്കോ ഫൗൾചെയ്തതിന് ഹോളണ്ടിന് അനുകൂലമായി പെനാൽറ്റി ലഭിക്കുകയായിരുന്നു.

ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസിനെ മനോഹരമായ പനേൻക കിക്കിലൂടെ സമർത്ഥമായി കീഴടക്കി ഡച്ച് പടവിജയ മുറപ്പിച്ചു.