ദൈനംദിന ആവശ്യങ്ങൾക്ക് ബൈക്ക് യാത്ര ഇഷ്‌ടപ്പെടുന്നവർക്കായി ടി.വി.എസ് പരിചയപ്പെടുത്തിയ പുത്തൻ മോഡലാണ് റേഡിയോൺ. ടി.വി.എസിന്റെ തന്നെ വിപണിയിൽ സ്വീകാര്യത നേടിയ സ്‌റ്റാർ സിറ്റി, സ്‌പോർട്, വിക്‌ടർ എന്നിവയുടെ ശ്രേണിയിലേക്കാണ് റേഡിയോണും എത്തുന്നത്. യുവാക്കളെ, പ്രത്യേകിച്ച് ജോലി ആവശ്യങ്ങൾക്കും മറ്റും ബൈക്ക് ആവശ്യമുള്ളവരെയാണ്, ടി.വി.എസ് തികച്ചും ലളിതമായി നിർമ്മിച്ച റേഡിയോൺ പ്രധാനമായും ലക്ഷ്യമിടുന്നത്. അതേസമയം, ആരെയും ആകർഷിക്കുന്ന പ്രീമിയം ലുക്ക് റേഡിയോണിന് നൽകാൻ ടി.വി.എസിന് കഴിഞ്ഞിട്ടുണ്ട്.
ക്രോമിന് പുറമേ സ്വർണ നിറവും പൂശിയാണ് ബൈക്കിനെ ടി.വി.എസ് മനോഹരമാക്കിയിരിക്കുന്നത്. മുൻഭാഗത്ത്, ഹെഡ്‌ലാമ്പിന് ചുറ്റുമുള്ള ക്രോം സറൗണ്ടിംഗ് ബൈക്കിനൊരു 'രാജകീയ ഭാവം" സമ്മാനിക്കുന്നുണ്ട്. ഇൻസ്‌ട്രുമെന്റ് പാനലിന് ചുറ്റും ഇതേപോലെ ക്രോം വേലി തീർത്തിട്ടുണ്ട്. എൻജിൻ കേസിംഗിൽ സ്വർണം പൂശിയതും ഭംഗിയാണ്. ക്രോം ടാങ്കും നീളമേറിയ സീറ്രും ഇന്ധനടാങ്കിന്റെ ഇരുവശത്തും നൽകിയ റബർ പാഡുകളും കൂടിച്ചേരുമ്പോൾ റേഡിയോൺ കൂടുതൽ ആകർഷകമാകുന്നു. ഹെഡ്‌ലാമ്പിന് താഴെയായി, എൽ.ഇ.ഡി സ്‌ട്രിപ്പ് ഇടംപിടിച്ചിരിക്കുന്നു.
മുതിർന്ന രണ്ടുപേർക്ക് സുഖയാത്ര നൽകുന്നതാണ് റേഡിയോണിലെ നീളമേറിയ സീറ്റ്. സീറ്റിന് പിൻഅറ്റത്ത് ചെറിയൊരു പാഴ്‌സൽ ട്രേയോടു കൂടിയ ഗ്രാബ് റെയിലും കാണാം. ത്രീഡി റേഡിയോൺ, ടി.വി.എസ് എംബ്ളംഗങ്ങളാണ് മറ്റൊരു പുതുമ. എയർകൂളായ, 109.7 സി.സി എൻജിനാണുള്ളത്. 8.4 പി.എസാണ് കരുത്ത്. ഗിയറുകൾ നാല്. ഇലക്‌ട്രിക്, ക്വിക്ക് സ്‌റ്റാർട്ട് സൗകര്യങ്ങളുണ്ട്. പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗം ഏഴ് സെക്കൻഡിൽ കൈവരിക്കാൻ ഈ എൻജിന് കഴിയും. നഗരനിരത്തിൽ ലിറ്ററിന് 67 കിലോമീറ്ററും ഹൈവേയിൽ 74 കിലോമീറ്രറും മൈലേജ് റേഡിയോൺ നൽകും. 48,000 രൂപയാണ് എക്‌സ്ഷോറൂം വില.