വിമർശനങ്ങളെ ചെറുക്കാൻ സക്കർബർഗ് പി.ആർ കമ്പനിയെ നിയമിച്ചെന്ന് ആരോപണം
സാൻഫ്രാൻസിസ്‌കോ: ഫേസ്‌ബുക്കിന്റെ ചെയർമാൻ സ്ഥാനം മാർക്ക് സക്കർബർഗ് ഒഴിയണമെന്ന ആവശ്യവുമായി നിക്ഷേപകർ രംഗത്ത്. കമ്പനിയുടെ ചെയർമാൻ, സി.ഇ.ഒ സ്ഥാനങ്ങൾ സക്കർബർഗ് ഒന്നിച്ചുവഹിക്കുന്നത് ശരിയല്ലെന്ന വിമർശനം ഏറെക്കാലമായുണ്ട്. ഇതിന് പുറമേ, വിമർശനങ്ങളെ ചെറുക്കാൻ അദ്ദേഹം ഒരു പി.ആർ കമ്പനിയെ നിയോഗിച്ചുവെന്ന മാദ്ധ്യമ റിപ്പോർട്ടുകളാണ് രാജിയ്‌ക്കായി ഇപ്പോൾ മുറവിളി ഉയരാൻ കാരണം.
ഫേസ്‌ബുക്കിനും തനിക്കും എതിരായ വിമർശനങ്ങളെ, വാഷിംഗ്ടൺ ഡി.സി ആസ്ഥാനമായുള്ള ഡിഫൈനേഴ്‌സ് പബ്ളിക് അഫയേഴ്‌സ് എന്ന പബ്ളിക് റിലേഷൻസ് കമ്പനിയെ ഉപയോഗിച്ച് ജൂതവിരുദ്ധ വിമർശനങ്ങളാക്കി മാറ്രാൻ സക്കർബർഗ് ശ്രമിച്ചുവെന്ന് നിക്ഷേപകർ ആരോപിച്ചു. റിപ്പബ്ളിക്കൻ രാഷ്‌ട്രീയ നേതാവിന്റെ ഉടമസ്ഥതയിലുള്ള പി.ആർ സ്ഥാപനമാണിത്. ഫേസ്‌ബുക്കിന് അനുകൂലമായി വാർത്തകൾ സൃഷ്‌ടിക്കാനും പൊതുജനങ്ങളുടെ അമർഷം എതിരാളികളായ കമ്പനികൾക്ക് നേരെ തിരിച്ചുവിടാനും ഈ കമ്പനിയെ ഉപയോഗിച്ച് സക്കർബർഗ് ശ്രമിച്ചുവെന്നാണ് ആരോപണം.
ചെയർമാൻ, സി.ഇ.ഒ പദവികൾ സക്കർബർഗ് ഒരുമിച്ച് വഹിക്കുന്നത് സുതാര്യതയെ ബാധിക്കുന്നുവെന്നും ചെയർമാൻ പദവി അദ്ദേഹം ഒഴിയണമെന്നും ഫേസ്‌ബുക്കിന്റെ പ്രമുഖ നിക്ഷേപകരെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച സക്കർബർഗ്, ഡിഫൈനേഴ്‌സ് പബ്ളിക് അഫയേഴ്‌സ് കമ്പനിയുമായി തനിക്കോ ഫേസ്‌ബുക്കിനോ ബന്ധമില്ലെന്ന് വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച വിഷയത്തിലും ആഗോളതലത്തിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയ കേംബ്രിഡ്‌ജ് അനലിറ്റിക്ക വിവാദത്തിലും ഫേസ്‌ബുക്കിന് നഷ്‌ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനാണ് സക്കർബർഗ് പി.ആർ. കമ്പനിയെ നിയോഗിച്ചതെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്‌തിരുന്നു.
''ഫേസ്ബുക്ക് ഒരു മഞ്ഞുകട്ടയൊന്നുമല്ല. അതൊരു കമ്പനിയാണ്. കമ്പനിയാകുമ്പോൾ ചെയർമാൻ, സി.ഇ.ഒ പദവികൾ രണ്ടുപേർ വഹിക്കുന്നതാണ് നല്ലത്. സക്കർബർഗ് ചെയർമാൻ പദവി ഒഴിയുന്നതാണ് ഉചിതം"
ജോനാസ് ക്രോൺ, വൈസ് പ്രസിഡന്റ്, ട്രിലിയം അസറ്ര് മാനേജ്‌മെന്റ്.
(ഫേസ്‌ബുക്കിൽ 85 ലക്ഷം യൂറോയുടെ ഓഹരി പങ്കാളിത്തമുള്ളയാളാണ് ക്രോൺ)