പാരീസ്: ഒരു കിലോഗ്രാം ഭാരം ഇനി ഇല്ല. ഒരു കിലോഗ്രാമിന് തുല്യമായി ആഗോള സ്റ്റാൻഡേഡായി നിലനിറുത്തിയിരുന്ന ഭാരത്തെ പുതിയ സംവിധാനം കൊണ്ട് പുനർനിർവചിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ. പാരീസിൽ സൂക്ഷിച്ചിരുന്ന ഒരു കിലോ ഗ്രാം ഭാരത്തിന്റെ മാനദണ്ഡമായ ലോഹക്കട്ടയെയാണ് 130 വർഷങ്ങൾക്കുശേഷം പുനഃസ്ഥാപിച്ചിരിക്കുന്നത്. വെയ്റ്റ്സ് ആൻഡ് മെഷേഴ്സ് ആഗോള സമ്മേളനത്തിൽ വെള്ളിയാഴ്ച നടന്ന ചിരിത്രപ്രധാന വോട്ടെടുപ്പിനെ തുടർന്നാണ് ഒരു കി.ഗ്രാം ഭാരക്കട്ടയെ മാറ്റാൻ ശാസ്ത്രജ്ഞർ തീരുമാനിച്ചത്. ഇന്റർനാഷണൽ പ്രോട്ടോടൈപ്പ് കിലോഗ്രാം (ഐ.പി.കെ) എന്നറിയപ്പെട്ടിരുന്ന സിലിണ്ടർ രൂപത്തിലുള്ള പ്ലാറ്റിനം ലോഹസങ്കരം 1889ലാണ് ഒരു കിലോഗ്രാമിന്റെ മാനദണ്ഡ അളവായി നിശ്ചയിച്ചത്. എന്നാൽ കാലാകാലങ്ങളിൽ ഇതിന് തേയ്‌മാനം സംഭവിച്ച് അളവിൽ വ്യതിയാനം വന്നതിനെ തുടർന്നാണ് പുതിയ സംവിധാനം സ്ഥാപിച്ചത്. ക്വാണ്ടം സിദ്ധാന്തത്തിലെ പ്ലാങ്ക്സ് കോൺസ്റ്റന്റ് ( 6.626× 10-34 m2 kg / s ) കൊണ്ടാണ് പുതിയ ഒരു കിലോഗ്രാമിനെ നിർവചിച്ചിരിക്കുന്നത്.
ഒരു കിലോഗ്രാം ഭാരവുമായി പ്രതിക്രിയയിലേർപ്പെടുന്ന വൈദ്യുത മണ്ഡലത്തെ നിലനിറുത്തിക്കൊണ്ടുള്ള 'കിബിൾ ബാലൻസ്" എന്ന സംവിധാനത്തിനാണ് പുതുതായി രൂപം നൽകിയിരിക്കുന്നത്. ഈ വൈദ്യുത മണ്ഡലത്തെ പ്ലാങ്ക്സ് കോൺസ്റ്രന്റുമായി ബന്ധപ്പെടുത്തിയിരിക്കും.
വൈദ്യുത പ്രവാഹത്തിന്റെ യൂണിറ്റായ 'ആംപിയർ", താപനിലയുടെ 'കെൽവിൻ" പദാർത്ഥങ്ങളുടെ അളവായ 'മോൾ" എന്നിവയും ഇത്തരത്തിൽ വോട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ പുനർനിർവചിക്കും.
.