pampa-pilgrims-problems
pampa pilgrims problems

പമ്പ: പമ്പയിൽ മൂന്ന് പുതിയ ശൗചാലയം കെട്ടിടങ്ങളിൽ ഒന്നിലെ 20 കക്കൂസുകൾ മാത്രമാണ് ഉപയോഗിക്കുന്നത്. ഇവിടെ വെളളം കുറവായതിനെ തുടർന്ന് ഭക്തർ ബഹളമുണ്ടാക്കി. പമ്പയിൽ നിന്ന് പൈപ്പ് ഉപയോഗിച്ച് ചെറിയ അളവിലാണ് വെളളം എത്തിക്കുന്നത്. കെട്ടിടങ്ങളുടെ താഴത്തെ നിലയിൽ പ്രളയത്തിന്റെ മണ്ണ് അടിഞ്ഞതിനാൽ ഉപയോഗിക്കാൻ കഴിയില്ല. 200 ടോയ്ലറ്റുകൾ മണ്ഡലപൂജ തുടങ്ങുന്നതിനു മുൻപ് ഉപയോഗക്ഷമമാകുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.

അന്നദാനം സന്നിധാനത്ത് മാത്രം


അന്നദാനത്തിന് സന്നിധാനത്ത് ഒരു കൗണ്ടർ മാത്രമാണ് പ്രവർത്തിക്കുന്നു. ഹോട്ടലുകൾ തുറന്നില്ല. പമ്പയിൽ ദേവസ്വം മെസ് മാത്രമാണുള്ളത്. ഇവിടെ പൊലീസിനും ജീവനക്കാർക്കും മാദ്ധ്യമങ്ങൾക്കുമായി നിയന്ത്രണം ഏർപ്പെടുത്തി. മണൽപ്പുറത്തെ ദേവസ്വം അന്നദാന കൗണ്ടറിന്റെ താഴത്തെ നില പ്രളയത്തിൽ തകർന്നു. ഇവി‌ടെ അറ്റകുറ്റപ്പണികൾ ന‌ടന്നില്ല. പ്രധാന ഹോട്ടലും പ്രവർത്തിക്കുന്നില്ല.


താമസിക്കാൻ മുറികളില്ല


സന്നിധാനത്തും പമ്പയിലും ഭക്തർക്കു താമസിക്കാൻ മുറികളില്ല. സർക്കാർ ഗസ്റ്റ് ഹൗസുകൾ തീർത്ഥാടകർക്ക് നൽകരുതെന്ന് വകുപ്പ് മേധാവികൾ നിർദ്ദേശം നൽകി. പ്രളയത്തിൽ തകരാർ സംഭവിച്ച മണൽപ്പുറത്തെ ക്ളോക്ക് റൂമിന്റെ അറ്റകുറ്റപ്പണികൾ ന‌ടക്കുന്നു. ഭക്തർക്ക് ലഗേജുകൾ സൂക്ഷിക്കാനുളള ലോക്കറുകളും വിശ്രമിക്കാനുളള മുറികളുമാണ് ഇവിടെയുളളത്.


കുളിക്കടവിൽ പൊലീസ് ഡ്രോൺ


പമ്പയിലെ കുളിക്കടവുകളിൽ പൊലീസിന്റെ നിരീക്ഷണ ഡ്രോൺ സ്ഥിരം സാന്നിദ്ധ്യമായി. വൃദ്ധരായ സ്ത്രീകളടക്കം ഭക്തർ കുളിക്കുന്നത് ഡ്രോണിന്റെ കാമറയിൽ പതിയുകയാണ്. മണൽപ്പുറത്ത് കുളിക്കു ശേഷം ഭക്തർ കൂടിയിരിക്കുന്നിടത്തും ഡ്രോണിന്റെ നിരീക്ഷണമുണ്ട്.