national-racing-champions

ന്യൂഡൽഹി: 21ാമത് ജെ.കെ ടയർ എഫ്.എം.എസ്.സി.ഐ ദേശീയ റേസിംഗ് ചാമ്പ്യൻഷിപ്പിന്റെ ജേതാക്കളെ കണ്ടെത്തുന്ന ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് ഗ്രേറ്റർ നോയിഡയിലെ ബുദ്ധ ഇന്റർനാഷണൽ സർക്യൂട്ടിൽ തുടക്കം. യൂറോ ജെകെ 2018 വിഭാഗത്തിൽ ഇന്നലെ നടന്ന രണ്ടു റേസുകളിൽ ഒന്നിൽ കാർത്തിക് തരാനിയും രണ്ടാമത്തേതിൽ നയൻ ചാറ്റർജിയും വിജയിച്ചു.

ചാമ്പ്യൻഷിപ്പിൽ 82 പോയിന്റുമായി മുന്നേറാൻ ഇന്നലത്തെ വിജയം കാർത്തിക് തരാനിക്ക് സഹായകരമായി. 81 പോയിന്റുമായി നയൻ ചാറ്റർജി രണ്ടാമതും 79 പോയിന്റുമായി അശ്വിൻ മുന്നാമതുമാണ്. ജേതാക്കളെ നിശ്ചയിക്കുന്ന ഫൈനൽ റേസുകൾ ഇന്നാണ്. ആവേശകരമായ മത്സരം വീക്ഷിക്കാൻ അമ്പതിനായിരത്തോളം കാണികളെയാണ് ബുദ്ധ സർക്യൂട്ടിൽ പ്രതീക്ഷിക്കുന്നത്.


എൽജിബി ഫോർ വിഭാഗത്തിൽ മലയാളി താരം ദിൽജിത് ടി.എസും വിഷ്ണു പ്രസാദും ശനിയാഴ്ച്ച ഓരോ റേസുകളിൽ വിജയം കണ്ടു. ഈ വിഭാഗത്തിൽ 76 പോയിന്റുമായി വിഷ്ണു കിരീട നേട്ടത്തിനായി മുന്നിലാണ്. ഏഷ്യാകപ്പ് ഓഫ് റോഡ് റേസ് വിഭാഗത്തിൽ കാർത്തിക് മറ്റേതിയും ജിഗ്‌സർ കപ്പ് വിഭാഗത്തിൽ വിഭൻ ദുബേയും മുന്നിലെത്തി. ജിഗ്‌സർ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പിലാദ്യമായൊരു റേസ് ജോസഫ് മാത്യുവിന് നഷ്ടമായെങ്കിലും 60 പോയിന്റുമായി താരം കിരീട വഴിയിൽ ഏറെ മുന്നിലാണ്. ജെ.കെ സൂപ്പർ ബൈക്‌സ് (1000 സിസി) വിഭാഗത്തിൽ ഗുർവീന്ദർ സിങാണ് വിജയിച്ചത്. ഈ കാറ്റഗറിയിലെ 600 സിസി വിഭാഗത്തിൽ വിജയ് സിങും വിജയിച്ചു.