football

ലണ്ടൻ /കോർഡോബ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ മത്സരത്തിൽ ലാറ്റിനമേരിക്കൻ സൂപ്പർ ടീമുകളായ അർജന്റീനയ്ക്കും ബ്രസീലിനും ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളിൽ അർജന്റീന 2-0ത്തിന് മെക്സിക്കോയേയും ബ്രസീൽ ഏകപക്ഷീയമായ ഒരുഗോളിന് ഉറുഗ്വേയേയും വീഴ്ത്തി.

ഇതിഹാസതാരം മെസിയില്ലാതെയിറങ്ങിയിട്ടും ഡിബാലയുടെ നേതൃത്വത്തിലുള്ള യുവതാരങ്ങളുടെ മികവിൽ അർജന്റീന ജയിച്ചു കയറുകയായിരുന്നു. കഴിഞ്ഞ മാസം ബ്രസീലിനോടേറ്റ തോൽവിക്ക് പിന്നാലെ നേടിയ വിജയം അർജന്റീനയ്ക്ക് ആശ്വാസമായി.
ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ റമിറോ ഫ്യൂനസ് മോറിയാണ് അർജന്റീനയുടെ ആദ്യഗോൾ നേടിയത്. 83ാം മിനിറ്റിൽ മെക്സിക്കൻതാരം ഐസക്ക് ബ്രിസുവേലയുടെ സെൽഫ് ഗോൾ അർജന്റീനയുടെ വിജയമുറപ്പിക്കുകയായിരുന്നു.

ലണ്ടനിലെ എമിറേറ്റ്‌സ് സ്‌റ്റേഡിയം വേദിയായ മത്സരത്തിൽ 76-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് നെയ്മർ ബ്രസീലിന്റെ വിജയമുറപ്പിക്കുകയായിരുന്നു. ഈ ഗോളിന് വിവാദപരിവേഷവുമുണ്ടായിരുന്നു.
ബ്രസീലിന്റെ ഡാനിലോയെ ഉറുഗ്വെയുടെോ ഡിയേഗോ ലക്‌സാൾട്ട് ബോക്‌സിൽ വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. ഫൗളല്ലെന്ന് ഉറുഗ്വെ താരങ്ങൾ വാദിച്ചെങ്കിലും റഫറി തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. ടെലിവിഷൻ റീപ്ലേകളിലും ലക്‌സാൾട്ടിന്റെ ടാക്കിൾ ഫൗൾ അല്ലെന്നു വ്യക്തമായിരുന്നു.
ഒരു ഗോൾ ജയം മാത്രമാണെങ്കിലും മത്സരത്തിൽ ബ്രസീലിന്റെ ആധിപത്യമായിരുന്നു. മത്സരം സമനിലയിലവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് വിവാദ പെനാൽറ്റി ലഭിക്കുന്നത്.
ബ്രസീലിന്റെ ആക്രമണ ഫുട്‌ബാൾ തടയാൻ പരുക്കനടവുകളാണ് പലപ്പോഴും ഉറുഗ്വെ പുറത്തെടുത്തത്.