കണ്ണൂർ: ശബരിമല ദർശനം നടത്താൻ മാലയിട്ട് വ്രതമെടുത്ത രേഷ്മ നിഷാന്ത് പ്രതിഷേധത്തെതുടർന്ന് യാത്ര ഉപേക്ഷിച്ചു. കഴിഞ്ഞമാസം മാലയിട്ട ഇവർ ഇന്ന് രാവിലെ ചെറുകുന്നിൽ നിന്ന് കെട്ടുനിറച്ച് ഉച്ചയ്ക്ക് ട്രെയിൻ മാർഗം മറ്റു സുഹൃത്തുക്കളോടൊപ്പം പോകാനിരിക്കെയാണു തീരുമാനം മാറ്റിയത്.
ശനിയാഴ്ച വൈകിട്ട് 4.30നുള്ള ട്രെയിനിൽ കണ്ണൂരിൽ നിന്ന് യാത്രതിരിക്കുമെന്നായിരുന്നു ഇവർ പൊലീസിനെ അറിയിച്ചിരുന്നത്. സംരക്ഷണം നൽകുമെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു. എന്നാൽ വിവരമറിഞ്ഞ് ഉച്ചയോടെ രേഷ്മ നിഷാന്തിന്റെ വീടിനു സമീപത്ത് പ്രതിഷേധക്കാരും നാട്ടുകാരും സംഘമായി പ്രതിഷേധവുമായി എത്തിയ സാഹചര്യത്തിലാണു രേഷ്മയുടെ പിൻമാറ്റം. പ്രതിഷേധം കണക്കിലെടുത്ത് യാത്ര ഉപേക്ഷിക്കാൻ ബന്ധുക്കൾ പറഞ്ഞതും പിൻമാറ്റത്തിന് കാരണമായി.
മണ്ഡലകാലത്ത് 41 ദിവസത്തെ വ്രതമെടുത്ത് ശബരിമല കയറുമെന്ന് ഫേസ്ബുക്കിൽ ചിത്രം സഹിതം രേഷ്മ പോസ്റ്റിട്ടിരുന്നു. രേഷ്മയ്ക്കുനേരേ ഭീഷണി ഉയർന്നതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയും വീട്ടുപരിസരത്ത് പൊലീസ് സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. കണ്ണൂരിലെ ഒരു സ്വകാര്യ കോളജ് അദ്ധ്യാപികയാണ് രേഷ്മ. ഭർത്താവ് നിഷാന്ത് സഹകരണ ബാങ്ക് ഉദ്യോഗസ്ഥനാണ്.