നിലയ്‌ക്കൽ: ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ നിലയ്‌ക്കലിൽ തടഞ്ഞത് വൻ സംഘർഷത്തിന് ഇടയാക്കി. പൊലീസിനെ വെല്ലുവിളിച്ചുകൊണ്ട് മൂന്ന് തവണയാണ് സുരേന്ദ്രനും സംഘവും മുന്നോട്ടു നടന്നത്. തനിക്ക് നെയ്യഭിഷേകം ചെയ്യണം, ഗണതി ഹോമത്തിന് ശീട്ടെടുത്തിരിക്കുയാണ്.പൊലീസിന്റെ എല്ലാ നിർദ്ദേശങ്ങളും അനുസരിക്കാൻ തയ്യാറാണ്. എന്നാൽ സന്നിധാനത്തെത്തിയെ പറ്റൂ എന്ന് സുരേന്ദ്രൻ കട്ടായം പറഞ്ഞെങ്കിലും എസ്.പി യതീഷ്ചന്ദ്രയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം പ്രതിരോധം തീർക്കുകയായിരുന്നു.
'വെടിവച്ച് കൊന്നോളു എന്നാലും ശബരിമലയിൽ എത്തുക തന്നെ ചെയ്യും. പൗരനെന്ന നിലയിൽ എന്റെ അവകാശമാണത്. വെടിച്ചോളു, പക്ഷേ ഇരുമുടിയിൽ കൊള്ളരുത്. അത് ഞങ്ങടെ ജീവനാണ്' -സുരേന്ദ്രൻ പറഞ്ഞു. ഒടുവിൽ ഏറെ നേരത്തെ ബലപ്രയോഗത്തിന് ശേഷം സുരേന്ദ്രനെ പൊലീസ് സംഘം കസ്‌റ്റഡിയിലെടുത്ത് അറസ്‌റ്റ് രേഖപ്പെടുത്തി. പൊലീസിന്റെ കരുതൽ തടങ്കലിലാണ് സുരേന്ദ്രനിപ്പോൾ. ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് നാഗേഷ് അടക്കമുള്ളവരെയാണ് കെ സുരേന്ദ്രനൊപ്പം അറസ്റ്റ് ചെയ്‌തിട്ടുള്ളത്.