കോഴിക്കോട്: നാടക-സിനിമാ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന നടൻ കെ.ടി.സി. അബ്‌ദുള്ള അന്തരിച്ചു. 82 വയസായിരുന്നു. കോഴിക്കോട് പി.വി.എസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കുറച്ചു നാളായി അദ്ദേഹം ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതോടെ കഴിഞ്ഞ ഒരാഴ്‌ചയായി ആശുപത്രിയിലായിരുന്നു.
1936ൽ കോഴിക്കോട് കോട്ടപ്പറമ്പിലാണ് കെ.ടി.സി അബ്‌ദുള്ളയുടെ ജനനം. പതിമുന്നാം വയസു മുതൽ നാടക രംഗത്ത് സജീവമായി. നടന്മാരായ കെ.പി. ഉമ്മർ, മാമുക്കോയ തുടങ്ങിയവർക്കൊപ്പം ചേർന്ന് 18ാം വയസിൽ യുണൈറ്റഡ് ഡ്രാമ അക്കാഡമി തുടങ്ങി. കേരള ട്രാൻസ്പോർട്ട് കമ്പനിയിൽ ചേർന്നതോടെയാണ് കെ.ടി.സി. അബ്‌ദുള്ള എന്ന പേര് ലഭിച്ചത്. 40 വർഷത്തോളം നീണ്ടു നിന്ന സിനിമാ ജീവീതത്തിൽ അൻപതോളം സിനിമകളിലും അഭിനയിച്ചു. 1977ൽ രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. സമീപകാലത്ത് പ്രേക്ഷക ശ്രദ്ധ നേടിയ സുഡാനി ഫ്രം നൈജീരിയ, ഗദ്ദാമ, അറബിക്കഥ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഷാനു സമദ് സംവിധാനം ചെയ്ത മുഹബ്ബത്തിൻ കുഞ്ഞബ്‌ദുള്ളയിൽ കേന്ദ്ര കഥാപാത്രമാണ് കെ.ടി.സി. അബ്‌ദുള്ള ചെയ്തത്.