ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി പുസ്തകം പുറത്തിറങ്ങുന്നു. നരേന്ദ്രമോദി : ക്രിയേറ്റിവ് ഡിസ്‌റപ്ടർ -ദ മേക്കർ ഓഫ് ന്യൂ ഇന്ത്യ' (Narendra Modi: Creative Disruptor - The Maker of New India) എന്ന പുസ്തകം എഴുതിയിരിക്കുന്നത് ബി.ജെ.പിയുടെ ബൗദ്ധിക് സെൽ മുൻ കൺവീനർ ആർ. ബാലശങ്കറാണ്. അടുത്ത മാസം ഡൽഹിയിൽ നടക്കുന്ന ചടങ്ങിലാണ് പുസ്തകത്തിന്റെ ഇംഗ്ളിഷ് പതിപ്പ് പുറത്തിറക്കുക. അമിത് ഷാ പുസ്തകം പ്രകാശനം ചെയ്യും.
ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ധനമന്ത്രി അരുൺ ജയ്റ്റ്ലി ആമുഖവും നിതിൻ ഗഡ്കരി തന്റെ കാഴ്ചപ്പാടുകളും എഴുതിയിരിക്കുന്നു. പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദി എടുത്ത തീരുമാനങ്ങൾക്കെതിരെ ഉണ്ടായ വിമർശനങ്ങൾക്കുള്ള മറുപടിയാണ് പുസ്തകമെന്ന് ആർ. ബാലശങ്കർ പറഞ്ഞു. നരേന്ദ്രമോദിയുടെ ഭരണകാലത്തുണ്ടായ അവാർഡ് തിരിച്ച് നൽകിയുള്ള പ്രതിഷേധം, നോട്ട് നിരോധനം, ന്യൂനപക്ഷകാര്യം, കിട്ടാക്കടം, റഫാൽ ഇടപാട്, വിദേശ നയം, മോദിയും അമിത്ഷായും തമ്മിലുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളാണ് പുസ്തകം ചർച്ചചെയ്യുന്നത്. ചെയ്യുന്നത്. ഓർഗനൈസർ എന്ന ആഴ്ചപതിപ്പിന്റെ എഡിറ്ററായിരുന്നു ബാലശങ്കർ.
പുസ്തകത്തിന്റെ ഹിന്ദി, ഗുജറാത്തി, പഞ്ചാബി, മറാത്തി, തമിഴ്, കന്നഡ, മലയാളം ഭാഷകളും പുറത്തിറക്കും. 2019 ലെ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു ലക്ഷം കോപ്പികള്‍ വിപണിയിലെത്തിക്കാനാണ് തീരുമാനം.