കോഴിക്കോട് : എതിർത്തു നിൽക്കുന്നവരെ ഇല്ലാതാക്കാൻ ഫാസിസ്റ്റുകൾ എന്നും ശ്രമിച്ചിട്ടുണ്ടെന്നും
നീതിബോധത്തെയും അതിന്റെ മൂല്യങ്ങളെയും ഇല്ലാതാക്കാം എന്ന ഫാസിസ്റ്റ് സ്വപ്നം പരാജയപ്പെടുകയേ ഉള്ളൂവെന്നും പ്രൊഫ. സുനിൽ പി. ഇളയിടം. സംഘപരിവാർ ആക്രമണത്തിനും ഭീഷണിക്കുമെതിരെ ഫേസ്ബുക്കിലാണ് സുനിൽ പി ഇളയിടത്തിന്റെ പ്രതികരണം.
ഒരു മാരകശക്തിയോടാണ് ഏറ്റുമുട്ടുന്നത് എന്ന ഉത്തമ ബോധ്യത്തോടെ മാത്രമേ ഹൈന്ദവ വർഗ്ഗീയതയോട് ആർക്കും എതിരിടാനാവൂ. എങ്കിലും ഈ സമരം നമുക്ക് തുടരാതിരിക്കാനാവില്ലെന്ന് അദ്ദേഹം പറയുന്നു. സംഘപരിവാർ ഭീഷണിയെത്തുടർന്ന് തനിക്ക് പിന്തുണയർപ്പിച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. ബിന്ദു കല്യാണി തങ്കം, എം ജെ ശ്രീചിത്രൻ തുടങ്ങി ഒട്ടേറെപ്പേർ വേട്ടയാടപ്പെടുന്നവരായുണ്ടെന്നും എതിർത്തു നിൽക്കുന്നവരെ ഇല്ലാതാക്കാൻ ഫാസിസ്റ്റുകൾ എന്നും ശ്രമിച്ചിട്ടുണ്ടെന്നും പോസ്റ്റിൽ പറയുന്നു.