football

അമ്മാൻ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ മത്സരത്തിൽ ഇന്ത്യ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജോർദാനോട് തോറ്രു. ജോർദാൻ ഗോളി അമെർ ഷെഫിയും മത്സരത്തിൽ ഗോൾ നേടി. ഇഹ്സാൻ ഹദാദും ഇന്ത്യൻ വലകുലുക്കി. നിഷു കുമാറാണ് ഇന്ത്യയുടെ ആശ്വാസ ഗോൾ നേടിയത്.

മോശം കാലാവസ്ഥയും മറ്രും മൂലം അവസാന നിമിഷം വരെ മത്സരം നടക്കുമോയെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും ഒടുവിൽ കളി നടത്താൻ തീരുമാനിക്കുകയായിരുന്നു. കനത്ത മഴയും പ്രളയവും കാരണം താരങ്ങൾ വിമാനത്താവളത്തിലുൾപ്പെടെ കുടുങ്ങിപ്പോയതിനാൽ സന്ദേശ് ജിങ്കൻ ഉൾപ്പെടെയുള്ള മികച്ച താരങ്ങൾ പലരും ഇല്ലാതെ ഇറങ്ങേണ്ടി വന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഇന്ത്യൻ ടീം ഏറെ വൈകിയാണ് ജോർദാനിൽ എത്തിയത്. രണ്ട് സംഘമായാണ് ഇന്ത്യ ജോർദാനിൽ എത്തിയത്. ഇതിൽ രണ്ടാം സംഘം മത്സര സ്ഥലത്തെത്താൻ ഏറെ വൈകി.

അമ്മാനിലെ കിംഗ് അബ്‌ദുള്ള ഇന്റർനാഷണൽ സ്റ്രേഡിയത്തൽ നടന്ന മത്സരത്തിൽ 25-ാം മിനിറ്റിൽ ഗോളി അമർ ഷാഫിയുടെ അദ്ഭുത ഗോളിലൂടെയാണ് ജോർദാൻ ലീഡെടുത്തത്. ജിങ്കന്റെ അഭാവത്തിൽ ക്യാപ്‌ടന്റെ ആംബാൻഡ് അണിഞ്ഞ ഗോളി ഗുർപ്രീത് സിംഗിന്റെ പിഴവിൽ നിന്നായിരുന്നു ഗോൾ പിറന്നത്. അമെർ ഷാഫി നീട്ടിയടിച്ച പന്ത് സ്ഥാനം തെറ്റി നിന്ന ഗുർപ്രീതിനെ മറികടന്ന് വലയിൽ കയറുകയായിരുന്നു. ആദ്യ മിനിറ്റുകളിൽ ജോർദാന് കിട്ടിയ പെനാൽറ്രി സേവ് ചെയ്‌ത ശേഷമായിരുന്നു ഗു‌ർപ്രീത് ഈ പിഴവ് വരുത്തിയത്. 58-ാം മിനിറ്രിലാണ് ഹദാദ് രണ്ടാം ഗോൾ നേടിയത്. 61-ാം മിനിറ്റിൽ നിഷു കുമാർ ഇന്ത്യയ്ക്കായി ഒരു ഗോൾ മടക്കി.