കൂണുകൾ പോഷകപ്രദവും ഔഷധമൂല്യമുള്ളതുമാണ്. ഭക്ഷണത്തിനായി കൂണുകൾ തെരഞ്ഞെടുക്കുമ്പോൾ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. മാരക വിഷമുള്ളവയും അക്കൂട്ടത്തിലുണ്ടെന്നതിനാൽ ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം. അരിക്കുമിൾ, ഉപ്പുകുമിൾ, ചിപ്പിക്കൂൺ, പാൽക്കൂൺ, പറങ്കിമാം കുമിൾ എന്നിവയാണ് നമ്മുടെ നാട്ടിൽ പ്രധാനമായി ഭക്ഷ്യയോഗ്യമായ കുമിൾ ഇനങ്ങൾ . കൂൺ കൃഷിയുടെ ചെലവ് തടമൊന്നിന് 40 രൂപയാണ്. അതിൽ നിന്നുള്ള കൂണിന് വിപണിയിൽ ലഭിക്കാവുന്ന വില 350 - 400 രൂപ വരെയാണ് .
കൂൺ കൃഷി
അധികം ചെലവും, അദ്ധ്വാനവുമില്ലാതെ, അനായാസം ആർക്കും കൂൺകൃഷി ചെയ്യാം. മികച്ച വരുമാന മാർഗവുമാണ്. അധികം സ്ഥലസൗകര്യമോ സാധനങ്ങളോ ഇതിനാവശ്യമില്ല. അത്യന്തം ശുചിത്വപൂർണമായ സാഹചര്യങ്ങളിൽ മാത്രമേ കൂൺകൃഷി ചെയ്യാവൂ. വിഷബാധ സാദ്ധ്യതയുള്ളതിനാലാണിത്.
കൂൺപുര
കൂൺപുര പ്രത്യേകം നിർമ്മിക്കുകയോ, നിലവിലുള്ള വൃത്തിയുള്ള മുറി ഉപയോഗിക്കുകയോ ആവാം. ഊഷ്മാവ് കുറയ്ക്കാൻ ഓലമേഞ്ഞ ഷെഡാണ് നല്ലത്. നേരിട്ട് സൂര്യപ്രകാശം വീഴാത്തിടം തെരഞ്ഞെടുക്കണം. തണൽ മരങ്ങളുടെ കീഴിലാകുന്നതും നല്ലതാണ്. ഓല മേഞ്ഞതിനു കീഴിൽ പോളിത്തീനോ തെർമ്മോക്കോൾ ഷീറ്റോ കൊണ്ടുള്ള മേലാപ്പ് കീടബാധ ഒഴിവാക്കാൻ നല്ലതാണ്. ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് തറ കഴുകി അണുവിമുക്തമാക്കണം. ഷെഡിന്റെ തറയിൽ പുഴമണൽ വിരിക്കുന്നത് ഈർപ്പം തങ്ങി നിൽക്കാൻ സഹായിക്കും. മേൽക്കൂരയ്ക്ക് മുകളിൽ നനഞ്ഞ ചാക്ക് വിരിച്ച് അന്തരീക്ഷ താപം കുറയ്ക്കണം. കരിഞ്ഞ വാഴയില, ഉണങ്ങിയ വാഴപ്പോള, ചകിരി, തെങ്ങിന്റെ മടൽ, ഉമി, വൈക്കോൽ, റബ്ബർ മരപ്പൊടി തുടങ്ങി വിവിധ മാധ്യമങ്ങൾ ഉപയോഗിക്കാമെങ്കിലും ഏറ്റവും നല്ലത് വയ്ക്കോൽ തന്നെ. പ്രത്യേകിച്ച് ചിപ്പിക്കൂണിന്. അധികം പഴകിയതോ പുതിയതോ ജീർണിച്ചതോ ആയ വയ്ക്കോൽ ഉപയോഗിക്കരുത്. ഒരു കൂൺ ബെഡിന് രണ്ട് കിലോഗ്രാം വൈക്കോൽ വേണ്ടിവരും
കൃഷി രീതി
കൃഷിക്ക് മുമ്പ് കൈകൾ ഡെറ്റോളിൽ മുക്കി അണുവിമുക്തമാക്കണം. വയ്ക്കോൽ 12 മണിക്കൂർ കുതിർത്ത ശേഷം രാസപ്രക്രിയയിലൂടെയോ തിളപ്പിക്കലിലൂടെയോ അണുവിമുക്തമാക്കണം. 5-10 കി. ഗ്രാം വൈക്കോലിന് 125 ലിറ്റർ വെള്ളത്തിൽ ഏഴ് മില്ലി ലിറ്റർ ബാവിസ്റ്റിൻ, 100 മി. ഗ്രാം തുരിശ്,10 മി. ഗ്രാം പൊട്ടാസ്യം പെർമാംഗനേറ്റ് എന്ന നിരക്കിൽ ലയിപ്പിച്ച ലായനിയിൽ വൈക്കോൽ മുക്കി വയ്ക്കണം. ബാവിസ്റ്റിനും ഫോർമലിനും ചേർത്ത വെള്ളവും ഉപയോഗിക്കാം. രാസരീതികൾക്കു തയ്യാറല്ലാത്തവർ അരമണിക്കൂർ വൈക്കോൽ വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ചാലും മതിയാകും. അണുവിമുക്തമാക്കിയ വൈക്കോൽ നനവു കുറയാൻ ഡെറ്റോൾ തുടച്ച് അണുവിമുക്തമാക്കിയ പോളിത്തീൻ ഷീറ്റിൽ നിരത്തിയിടണം. വെയിലിലോ ഫാനിന്റെ കീഴിലോ ഉണക്കരുത്. കൈയ്യിലെടുക്കുമ്പോൾ നനവ് അനുഭവപ്പെടുകയും എന്നാൽ പിഴിഞ്ഞാൽ വെള്ളം വീഴാതിരിക്കുകയും ചെയ്യുന്ന തരത്തിൽ വൈക്കോൽ തോർന്നു കഴിയുമ്പോൾ അത് പിടിയായെടുത്ത് രണ്ടിഞ്ച് ഘനമുള്ള ചെറിയ വളയങ്ങളുടെ രൂപത്തിലാക്കണം. പോളിത്തീൻ ബാഗുകളിലാണ് ഇവ നിറയ്ക്കേണ്ടത്. ബാഗിന്റെ ഒരു വശം കൂട്ടിപ്പിടിച്ച് റബ്ബർബാൻഡ് ഇട്ടശേഷം അത് ഉൾ ഭാഗത്തേക്ക് വരത്തക്കവിധം കവർ അകം പുറം മറിക്കുക. ഈ ബാഗും ഡെറ്റോൾ കൊണ്ട് അണു വിമുക്തമാക്കിയിരിക്കണം. നേരത്തെ തയ്യാറാക്കിയ വൈക്കോൽ വളയം ഈ കവറിനുള്ളിൽ സുരക്ഷിതമായി ഇറക്കി വച്ച് കവറിന്റെ വശങ്ങളിലേക്ക് ചേർന്നിരിക്കുംവിധം കൈ കൊണ്ട് നന്നായി അമർത്തണം. ഈ വൈക്കോൽ വളയത്തിൽ കൂൺവിത്ത് വിതറുക. തുടർന്ന് അടുത്ത വൈക്കോൽ വളയം വച്ച് കൂൺ വിത്ത് വിതറാം . ഇപ്രകാരം മൂന്നോ നാലോ വളയങ്ങളായിക്കഴിഞ്ഞാൽ മുകൾ ഭാഗത്തും കൂൺവിത്ത് വിതറാം. തടം നന്നായി അമർത്തി വായു മുഴുവൻ പുറത്തു കളയണം. വായ്ഭാഗം നന്നായി മുറുക്കി റബ്ബർ ബാൻഡ് ഇടണം. വായുസഞ്ചാരം ഉറപ്പാക്കാൻ ആണി ഉപയോഗിച്ച് കവറിൽ കുറെ ദ്വാരങ്ങൾ ഇടണം. ഇപ്രകാരം തയ്യാറാക്കിയ ബെഡ്ഡുകൾ ഇരുട്ടു മുറിയിൽ പ്ലാസ്റ്റിക് കയർ ഉപയോഗിച്ചുണ്ടാക്കിയ ഉറിയിൽ തൂക്കിയിടണം. ആദ്യഘട്ടം പ്രകാശം കുറച്ചു മാത്രമേ വേണ്ടു. കൂൺ ബെഡ്ഡുകൾ തൂക്കിയിട്ട മുറിയിൽ കയറുന്ന ആൾ ദേഹശുദ്ധി വരുത്തിയിരിക്കണം. രണ്ടാഴ്ച്ചയ്ക്കകം കവറിനുള്ളിൽ വെളുത്ത നിറത്തിലുള്ള പൂപ്പൽ നിറഞ്ഞു തുടങ്ങുന്നതോടെ അല്പം പ്രകാശം ലഭിക്കുന്ന സ്ഥലത്തേക്ക് മാറ്റാം. സൂര്യപ്രകാശം നേരിട്ട് തട്ടരുത്.
വിളവെടുപ്പ്
20 ദിവസം കഴിഞ്ഞാൽ മൊട്ടുകൾ വന്നു തുടങ്ങും കുമിളുകൾ വിരിഞ്ഞു കഴിഞ്ഞാൽ മൂന്നു ദിവസത്തിനകം വിളവെടുക്കണം. അല്ലെങ്കിൽ രുചി കുറയും. കുമിളിന്റെ ചുവട്ടിൽ പിടിച്ച് മെല്ലെ അടർത്തിയാണ് എടുക്കേണ്ടത്. മൂന്നു ഘട്ടമായി വിളവെടുക്കാം. ആദ്യം കവറിലുള്ള ചെറുദ്വാരങ്ങളിലൂടെ കൂണുകൾ പുറത്തേക്ക് വിടർന്നുവരുമ്പോൾ വിളവെടുക്കാം. ശേഷം കവർ അല്പം കീറിക്കൊടുത്താൽ കുറെ കുമിളുകൾ കൂടി മുളച്ചുവരുന്നത് രണ്ടാം ഘട്ടം വിളവെടുക്കാം. ഇതിനു ശേഷം കവർ പൂർണമായി കീറി മാറ്റി തൂക്കിയിട്ടിരുന്നാൽ മൂന്നാം ഘട്ടം വിളവെടുപ്പിനു തക്കവിധം കൂൺ ലഭിക്കും. 55 ദിവസം വരെ ഇങ്ങനെ വിളവെടുക്കാം.
വിളവെടുപ്പിന് ശേഷം
വിളവെടുത്തശേഷമുള്ള അവശിഷ്ടങ്ങൾ മണ്ണിര കമ്പോസ്റ്റിനുപയോഗിക്കാം. വിളവെടുത്ത കൂണുകൾ പ്ലാസ്റ്റിക് കവറിലാക്കി ഫ്രിഡ്ജിൽ വച്ചാൽ ഒരാഴ്ച്ച വരെ കേടാകാതിരിക്കും. ഒരു വിളവെടുപ്പു കഴിഞ്ഞാൽ ഷെഡ് ഫോർമലിനോ ബ്ലീച്ചിംഗ് പൗഡറോ കൊണ്ട് കഴുകി അണുവിമുക്തമാക്കണം. അതിനു ശേഷമേ പുതിയ കൃഷി തുടങ്ങാവൂ. റബ്ബർ മരപ്പൊടി ഉപയോഗിച്ച് കൃഷി ചെയ്യുമ്പോൾ മരപ്പൊടി തുണിയിൽ കിഴികെട്ടി വെള്ളത്തിലിട്ട് അരമണിക്കൂർ തിളപ്പിച്ചു വേണം അണു വിമുക്തമാക്കാൻ. അതിനു ശേഷം വെള്ളം തോർത്തിക്കഴിഞ്ഞ് പോളിത്തീൻ കവറുകളിൽ നിറച്ച് കൂൺ കൃഷി ചെയ്യാം.
പാൽക്കൂൺ കൃഷിക്ക് മരപ്പൊടിയാണ് ഉപയോഗിക്കുന്നത്. കവറിന്നുള്ളിൽ അണു വിമുക്തമാക്കിയ റബ്ബർമരപ്പൊടിയും കുമിൾ വിത്തും ഒന്നിടവിട്ട പാളികളായി നിറയ്ക്കണം. 20 ദിവസത്തിനുള്ളിൽ മാധ്യമത്തിൽ പൂപ്പൽ നിറയും. അപ്പോൾ പാൽക്കൂണിന്റെ വളർച്ച കൂട്ടാൻ നടീൽ മിശ്രിതം ചേർക്കണം. മണ്ണും മണലും ചാണകപ്പൊടിയും തുല്യ അളവിൽ കലർത്തിയുണ്ടാക്കിയ നടീൽ മിശ്രിതം പ്രഷർകുക്കറിലോ ഇഡ്ഡലിത്തട്ടിൽ വച്ചോ രണ്ടുമണിക്കൂർ പുഴുങ്ങി അണു വിമുക്തമാക്കി ഉപയോഗിക്കണം. കുമിൾ കൃഷി ചെയ്യുന്ന കവറിന്റെ മുകൾഭാഗം കുറച്ച് വെട്ടിക്കളഞ്ഞ് അരിക് ഒരിഞ്ചു കനത്തിൽ പുറത്തേക്ക് മടക്കിയശേഷം അണു വിമുക്തമാക്കി, തണുപ്പിച്ച നടീൽമിശ്രിതം മുകളിൽ ഒരിഞ്ചു ഘനത്തിൽ നിരത്തണം. അതിനുശേഷം കൂൺ ബെഡ് പ്രകാശം കിട്ടുന്നിടത്ത് തൂക്കിയിടാം. ഒരാഴ്ച്ച കഴിയുമ്പോൾ പാൽക്കൂണിന്റെ മൊട്ടുകൾ നടീൽമിശ്രിതത്തിനു മുകളിലേക്ക് വളർന്നു വരും. മുളച്ച് ഒരാഴ്ച്ചയ്ക്കകം പാൽക്കൂൺ വിളവെടുക്കാം .കൈ കൊണ്ട് തണ്ട് മെല്ലെ തിരിച്ചാണ് വിളവെടുക്കേണ്ടത്. കൂൺതടത്തിന്റെ മുകൾ ഭാഗത്തു നിന്ന് കുമിളിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്തിട്ട് നനച്ചാൽ വീണ്ടും മുകുളങ്ങൾ പ്രത്യക്ഷപ്പെടും. ഇപ്രകാരം നാലു പ്രാവശ്യം വരെ വിളവെടുക്കാം.