സിസിലി ടീച്ചറെ വിദ്യാർത്ഥികൾ അടുത്തറിയാനും ആരാധിക്കാനും ശ്രമിക്കുന്നത് മിക്കവാറും പരീക്ഷാഫലം പുറത്തുവന്ന ശേഷമായിരിക്കും. ക്ലാസിൽ കണിശക്കാരിയാണ്. ഒച്ചയോ ബഹളമോ ഉണ്ടാക്കുന്നതു സഹിക്കില്ല. ഒരു പെൺപുലിയാണെന്ന ഇമേജ് പൊതുവേ സ്കൂളിൽ സൃഷ്ടിച്ചിട്ടുണ്ട്. ടീച്ചേഴ്സ് റൂമിലും അടുത്ത പീരിഡിൽ ക്ലാസെടുക്കേണ്ടതിനെപ്പറ്റിയും കുട്ടികളുടെ മികവിനെക്കുറിച്ചുമായിരിക്കും ശ്രദ്ധയും സംസാരവും.സഹപ്രവർത്തകരുടെ വസ്ത്രധാരണം, പൊങ്ങച്ചം എന്നിവയൊന്നും ശ്രദ്ധിക്കാറില്ല.
എത്ര വിശദീകരിച്ചാലും ഉദാഹരണങ്ങൾ നിരത്തിയാലും മതിവരില്ല.ഏറ്റവും നിലവാരം കുറഞ്ഞ കുട്ടിയും നല്ല മാർക്ക് വാങ്ങണം....അതാണ് ടീച്ചറുടെ ലക്ഷ്യം.
പരീക്ഷാഫലം പുറത്തുവരുമ്പോൾ പൊതുവേ പ്രയാസകരമായ കണക്കിന് ബഹുഭൂരിപക്ഷം കുട്ടികളും നല്ല മാർക്ക് വാങ്ങിയിരിക്കും. അച്ചടക്കത്തോടെ ടീച്ചർ പഠിപ്പിച്ചതിന്റെ ഗുണത്തെപ്പറ്റി അപ്പോഴാവും പലർക്കും ബോധോദയമുണ്ടാവുക.
മാർക്ക് ലിസ്റ്റും വാങ്ങി അടുത്തുചെല്ലുമ്പോൾ സ്നേഹമയിയായ ഒരു സിസിലിടീച്ചറെയാകും കാണാനാവുക.വല്ലപ്പോഴും ഓർക്കുക, അടുത്തെങ്ങാനും വരികയാണെങ്കിൽ വീട്ടിൽ കയറണം ....എന്നൊക്കെ ടീച്ചർ അപ്പോൾ പറയും.
പഠനകാലത്ത് ടീച്ചറെ വെറുത്തിരുന്നുവെന്ന് പിൽക്കാലത്ത് അദ്ധ്യാപകനായ പ്രസാദ് പറയുകയുണ്ടായി. സ്നേഹം ഉള്ളിൽ വയ്ക്കണം പുറമേ, കർശനമെന്ന് തോന്നിക്കണം.ടീച്ചറുടെ ഈ ശൈലിയാണ് പ്രസാദും സ്വീകരിച്ചത്.
വർഷങ്ങൾക്ക് ശേഷം ഒരു രാത്രിയിൽ പ്രസാദ് സിസിലി ടീച്ചറെ സ്വപ്നം കണ്ടു.ചൂരൽ വടിയുമായി ടീച്ചർ തന്നെ തല്ലാൻ ഓടിക്കുന്നത്.ടീച്ചർ പഠിപ്പിച്ചിട്ട് കാൽ നൂറ്റാണ്ടെങ്കിലും കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ റിട്ടയർ ചെയ്തു വിശ്രമിക്കുകയാകും.എങ്കിലും ടീച്ചറെ കണ്ടേ പറ്റൂ.അടുത്ത ദിവസം പഠിച്ച സ്കൂളിൽ പോയി പ്രയാസപ്പെട്ട് സിസിലി ടീച്ചറുടെ വിലാസം ഒപ്പിച്ചു.ഒരു സമ്മാനവും വാങ്ങി ഭാര്യക്കൊപ്പമാണ് ടീച്ചറെ കാണാൻ പോയത്.കോളിംഗ് ബെല്ലിൽ വിരലമർത്തി.ദശാബ്ദങ്ങൾക്ക് ശേഷമുള്ള ടീച്ചറുടെ മുഖഭാവം കാണാൻ പ്രസാദ് കാത്തുനിന്നു.വാതിൽ തുറന്നപ്പോൾ വിഗ് വച്ച തലയുമായി മെലിഞ്ഞ സിസിലി ടീച്ചർ.പ്രസാദിന്റെ മുഖത്ത് ഒരു നിമിഷം സൂക്ഷിച്ചു നോക്കിയിട്ട് ടീച്ചർ ചോദിച്ചു 'പത്ത് ബിയിലെ പ്രസാദല്ലേ ?"
അടുക്കളയിൽ പോയി ചായയിട്ടിട്ട് ടീച്ചർ വന്നു.സിസിലി ടീച്ചറെക്കുറിച്ച് പഠനകാലത്ത് ഒന്നും അറിയുമായിരുന്നില്ല.കൂടുതൽ ചോദിച്ചപ്പോൾ വളരെ കുറച്ച് വിശേഷങ്ങൾ പറഞ്ഞു.ഭർത്താവ് ഒരു വർഷം മുമ്പ് മരിച്ചു.വീട്ടിൽ ഒറ്റയ്ക്കാണ്.ഒരു സഹായി രാവിലെ വന്ന് വൈകിട്ടുപോകും.നഴ്സറി കുട്ടികളെപ്പോലെ കുറേ പൂച്ചകളുണ്ട്.ടെറസിൽ മക്കളും പേരക്കുട്ടികളും പോലെ കുറേ പച്ചക്കറികൾ. മക്കളെയൊന്നും പ്രകൃതി തന്നില്ല.എങ്കിലും നിരാശയില്ല.വീട്ടിനകത്തും ടെറസിലും നിറയെ മക്കളല്ലേ...കാൻസർ കടന്നാക്രമിച്ചതിനെത്തുടർന്ന് രണ്ട് സ്തനങ്ങളും നീക്കേണ്ടിവന്നു.പൂച്ചകളെ പാലൂട്ടുന്നതിനും പോറ്റുന്നതിനും അതൊന്നും വേണ്ടല്ലോ!
ഞാനിന്നൊരു അമ്മയാണ്. കണ്വമഹർഷിയെപ്പോലെ ചെടികളെയും വള്ളികളെയും സ്നേഹിക്കുന്ന ഒരമ്മ. സർവചരാചരങ്ങളെയും സ്നേഹിക്കാനുള്ള മനസുണ്ടെങ്കിൽ ആർക്കും അമ്മയാകാമല്ലോ...സംതൃപ്തിയോടെ യാത്രപറഞ്ഞിറങ്ങുമ്പോൾ കുറെ പച്ചക്കറിവിത്തുകൾ സിസിലിടീച്ചർ സമ്മാനമായി പ്രസാദിന് നൽകിയത്രേ.
(ഫോൺ : 9946108220)