മികച്ച പ്രതികരണങ്ങളുമായി മധുപാൽ ചിത്രം 'ഒരു കുപ്രസിദ്ധ പയ്യൻ" തിയറ്ററുകളിൽ നിറഞ്ഞോടുന്നു. സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പ്രവീൺകുമാറെന്ന പൊലീസുദ്യോഗസ്ഥന്റെ വേഷം ചെയ്ത സി.ഐ. സിബി തോമസ് സംസാരിക്കുന്നു. കാക്കിയിട്ടപ്പോഴും ചോർന്നുപോകാതിരുന്ന അഭിനയമോഹത്തെക്കുറിച്ച്...
പൊലീസായതോ, അതൊരു കഥയാണ്...
എല്ലാവരും ചോദിക്കാറുണ്ട്, സിനിമയിലെത്തിയത് അവിചാരിതമാണോയെന്ന്. പക്ഷേ, അങ്ങനെയല്ല, ഞാൻ പൊലീസിൽ എത്തിപ്പെട്ടതാണ് ശരിക്കും അവിചാരിതം. നാടകവും സിനിമയും അഭിനയവുമൊക്കെയായിരുന്നു സ്കൂളിൽ പഠിക്കുന്ന കാലത്തും കോളേജിലുമൊക്കെ എന്റെ മോഹം. കോളേജിൽ ബെസ്റ്റ് ആക്ടറും ഫൈൻ ആർട്സ് സെക്രട്ടറിയുമൊക്കെ ആയിരുന്നു. ഡിഗ്രിക്ക് കെമിസ്ട്രിയായിരുന്നു വിഷയം. അതിനുശേഷം സിനിമ പഠിക്കാൻ വേണ്ടി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ മോഷൻ പിക്ചർ ഫോട്ടോഗ്രഫി കോഴ്സിൽ എൻട്രൻസ് എഴുതി. ആൾ ഇന്ത്യാ ലെവലിൽ എട്ടാംറാങ്കുമുണ്ടായിരുന്നു. അതിമനോഹരമായ ഓറിയന്റേഷൻ കോഴ്സൊക്കെ കഴിഞ്ഞ് അവസാനവട്ട അഭിമുഖത്തിൽ ഞാൻ ഔട്ട്. അങ്ങനെ ഏറെ നിരാശനായി, ഒരു വർഷം പോയിക്കിട്ടുകയും ചെയ്തു. അതിനിടയിലാണ് പൊലീസിലേക്ക് കിട്ടുന്നതും എസ്.ഐ ആകുന്നതും. അങ്ങനെ സിനിമ സ്വപ്നം കണ്ട ഞാൻ പൊലീസായി.
സിനിമ വിളിച്ചു, ഞാനിറങ്ങിപ്പോന്നു
പുൽപ്പള്ളി സ്റ്റേഷനിലായിരുന്നപ്പോഴാണ് കോളേജിൽ എന്റെ കൂടെ പഠിച്ച മഞ്ജുവിനെയും ഭർത്താവ് അനിലിനെയും കാണുന്നത്. ബാലതാരം എസ്തറിന്റെ അമ്മയും അച്ഛനുമാണ് അവർ. എന്നെ പൊലീസ് വേഷത്തിൽ കണ്ടപ്പോഴായിരുന്നു അവർക്ക് അദ്ഭുതം. പിന്നെ, പഴയകഥയൊക്കെ കേട്ടപ്പോൾ അവർക്കാകെ വിഷമം. അങ്ങനെയിരിക്കെ ഞാനവിടുന്ന് ട്രാൻസ്ഫർ ആയി കാസർകോഡ് വന്നു. ആയിടയ്ക്കാണ് പുതിയ സിനിമയിലേക്കുള്ള ദിലീഷ് പോത്തന്റെ കാസ്റ്റിംഗ് കോൾ അവർ കാണുന്നതും എനിക്ക് അയച്ചു തരുന്നതും. 'പൊലീസുകാർക്ക് മുൻഗണന ഉണ്ട്. നീ ഉറപ്പായും അയച്ചേ മതിയാകൂ"... എന്ന് എന്നെ നിർബന്ധിച്ചത് മഞ്ജുവാണ്. അതും അയച്ച് ഒരു അന്വേഷണത്തിന്റെ ഭാഗമായി ഞാൻ യു.പിയിലേക്ക് പോയി. തിരിച്ചുവന്നപ്പോൾ മെയിൽ നോക്കിയപ്പോഴാണ് ഫോൺ നമ്പർ തിരക്കി അന്വേഷണം വന്നതറിഞ്ഞത്. അങ്ങനെ ഓഡിഷനുപോയി. ദിലീഷ് പോത്തനില്ലായിരുന്നു അവിടെ. അസോസിയേറ്റ്സായിരുന്നു ഓഡിഷൻ നടത്തിയത്. അദ്ദേഹം തിരിച്ചുവന്നിട്ട് എന്നെ വിളിച്ചു, കാണാമെന്ന് പറഞ്ഞു. നേരിട്ടു കണ്ടപ്പോൾ ഒന്നേ പറഞ്ഞുള്ളൂ, 30 ദിവസം ലീവെടുക്കാമോയെന്ന്? ഞാൻ ഓ.കെ പറഞ്ഞു, അന്നിറങ്ങിയതാ.
സാജനും പ്രവീണും സൂപ്പറാ
സാജൻ മാത്യുവിന് ശേഷം ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് കുപ്രസിദ്ധ പയ്യനിലെ പ്രവീൺകുമാർ. രണ്ടും പൊലീസുകാർ തന്നെയാണ്, അവരിൽ പൊതുവായി ഉള്ളത് അലിവും ആർദ്രതയുമാണ്. ഇതൊക്കെ എന്റെ മുഖത്തിങ്ങനെ മിന്നിമറയുന്നുണ്ടാകുമല്ലോ (ചിരി). കുപ്രസിദ്ധ പയ്യൻ പൊലീസിനെതിരെയുള്ള ഒരു കഥയായിട്ടും പ്രവീൺകുമാർ ശ്രദ്ധിക്കപ്പെട്ടത് ആ പൊലീസുകാരനിൽ എവിടെയോ ഉള്ള നന്മ കാരണമാണ്. രണ്ടുകഥാപാത്രങ്ങളിലും സാജൻ നന്മയുടെ ഒരു അംശം അവശേഷിപ്പിച്ചിട്ടുണ്ട് അതിന്റെ സംവിധായകർ. അത് ശരിക്കും എനിക്ക് അനുഗ്രഹമായി. പൊലീസിനെതിയുള്ള കഥയിലും നമ്മളൊരിക്കലും മോശക്കാരനായി ചിത്രീകരിക്കപ്പെടുന്നില്ല.
പ്രതികളൊക്കെ കുറേമാറി
പഴയതുപോലെ പ്രതിയെ ഓടിച്ചിട്ട് പിടിക്കുക, തല്ലുക... കലാപരിപാടികളൊന്നും ഇപ്പോഴില്ലല്ലോ. പിന്നെ നമ്മൾ പിടിക്കുന്ന പ്രതികളുടെ സമീപനത്തിലും മാറ്റം വന്നുതുടങ്ങി. കാര്യങ്ങളൊക്കെ തുറന്നുപറയാൻ പറ്റുന്നയാൾ എന്ന തരത്തിൽ അവരുടെ വിശ്വാസം നേടിയെടുക്കാൻ ചെയ്തിട്ടുള്ള കഥാപാത്രങ്ങൾ സഹായിച്ചിട്ടുണ്ട്. പിന്നെ, കഥാപാത്രങ്ങളുടെ സ്വഭാവം ശരിക്കുള്ള പൊലീസ് ജീവിതത്തിലും എന്നെ കുറേ സ്വാധീനിച്ചിട്ടുണ്ട്. യഥാർത്ഥത്തിലുള്ള പൊലീസ് ജീവിതം തന്നെ കൂടുതലും അഭിനയമാണ്. പലരോടും ശരിക്കും ദേഷ്യപ്പെടുന്നതല്ല, അവരിൽ നിന്നും കാര്യങ്ങൾ അറിയാൻ വേണ്ടി ദേഷ്യപ്പെടുന്നതായി ഭാവിക്കുന്നതാണ്. അതുകൊണ്ട് അഭിനയിക്കാനും വലിയ ബുദ്ധിമുട്ടുണ്ടായില്ല. ശരിക്കും അവാർഡിനർഹമായ കഥയും തിരക്കഥയും സംവിധാനവുമാണ് കുപ്രസിദ്ധ പയ്യന്റേത്. പിന്നെ, അഭിനയത്തെക്കുറിച്ച് നമ്മളല്ലല്ലോ പറയേണ്ടത്. അതിഗംഭീരമായി അഭിനയിച്ചിട്ടുള്ളവരുണ്ട് അതിൽ. ഓരോന്നും ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളും അഭിനയവും.
നാലല്ല, അഞ്ചാമത്തെ പടം
തൊണ്ടിമുതലും ദൃക്സാക്ഷിയും, കാമുകി, കുട്ടനാടൻ മാർപ്പാപ്പ, പ്രേമസൂത്രം , കുപ്രസിദ്ധ പയ്യൻ എന്നിങ്ങനെ അഞ്ചുപടങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. ''ഉറുമ്പുകൾ ഉറങ്ങാറില്ല" സിനിമയ്ക്കുശേഷം ജിജു അശോകൻ രചനയും സംവിധാനവും നിർവഹിച്ച പടമാണ് പ്രേമസൂത്രം. നല്ല ചിത്രമായിരുന്നിട്ടും എന്തുകൊണ്ടോ അത് ശ്രദ്ധിക്കപ്പെടാതെ പോയി. അന്തരിച്ച പ്രശസ്ത സംവിധായകൻ നന്ദകുമാർ കാവിലിന്റെ ഭാര്യ ആശാപ്രഭ സംവിധാനം ചെയ്യുന്ന സിനിമയാണ് അടുത്തത്. പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഞാനാണ്. വളരെയധികം സാമൂഹ്യപ്രസക്തിയുള്ള വിഷയമാണ്.
കാസർകോഡുകാരൻ
വീട് കാസർകോഡാണ്. സി.ഐ ആയി ജോലിചെയ്യുന്നതും അവിടെത്തന്നെയാണ്. അവിടെനിന്നാണ് സിനിമാ ജീവിതം തുടങ്ങിയതും. ഭാര്യ ജോളി എലിസബത്ത്. അവൾ നഴ്സിംഗാണ് പഠിച്ചത്. എന്റെ സ്വപ്നങ്ങൾക്കുവേണ്ടി മാറ്റിവച്ചതാണ് അവളുടെ സ്വപ്നം. മൂന്നുപേരാണ് മക്കൾ. ഹെലൻ. കരോളിൻ, എഡ്വിൻ.