"മലയാളത്തിന്റെ പരിസ്ഥിതിലാവണ്യം" എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനായി എന്റെ തറവാട്ടുവീട്ടിന്റെ ഈ മുറ്റത്ത് ഒത്തുകൂടിയിരിക്കുന്ന നിങ്ങൾക്ക് എന്റെ വിനീതമായ നമസ്കാരം. നിങ്ങളെയൊക്കെ പ്രത്യേകിച്ച് ഇത്രയും ചെറുപ്പക്കാരെ ഒരുമിച്ച് കാണുമ്പോൾ ഞങ്ങൾ നടത്തിയ ആ പരിസ്ഥിതി സമരങ്ങൾ ഞാൻ ഓർമ്മിക്കുകയാണ്.
പരിസ്ഥിതിക്കുവേണ്ടി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നവരെ പരിഹസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. രാജ്യദ്റോഹികൾ, വികസന വിരുദ്ധർ, സി.ഐ.എ ഏജന്റുമാർ എന്നൊക്കെയാണ് ഇന്നലെകളിൽ ഞങ്ങളെ വിളിച്ചിരുന്നത്. ഇന്നും അങ്ങനെ വിളിക്കുന്നവരുണ്ട്. നാളെ അതു മാറുമോ എന്നെനിക്കറിയില്ല.
ഞാൻ ആലോചിക്കുകയാണ്; പുസ്തകങ്ങളിൽ, കവിതകളിൽ മുഖംപൂഴ്ത്തി എന്റെ ദുഃഖങ്ങളെയും സുഖങ്ങളെയും കുറിച്ചുമാത്രം ചിന്തിച്ച്; എന്റെ കുടുംബം, എന്റെ കവിത, എന്റെ വായന എന്നിവയെക്കുറിച്ചുമാത്രം ആലോചിച്ചു കഴിഞ്ഞ കാലത്താണ് ഒരു പച്ചമിന്നൽപോലെ സൈലന്റ് വാലി എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഒരു മിന്നലേറ്റപോലെ ഞാൻ ഞെട്ടിത്തരിച്ചുപോയി. എവിടെയൊക്കെയോ കരിഞ്ഞതുപോലെ തോന്നി, പൊള്ളിപ്പോയതുപോലെ തോന്നി. എം.കെ. പ്രസാദ് എന്ന ഒരു പ്രൊഫസറുടെ സൈലന്റ് വാലിയെക്കുറിച്ചുള്ള ലേഖനം വായിച്ചു. സൈലന്റ് വാലി എന്ന കൊച്ചുകാടിനെപ്പറ്റിയും ആ കാട് സംരക്ഷിക്കേണ്ടതിനെപ്പറ്റിയും ആ കാടിന്റെ പ്രത്യേകതകളെപ്പറ്റിയും സൈലന്റ് വാലി സംരക്ഷണസമിതി എന്ന ഒരു ചെറിയ സമിതി അതിനായി ശ്രമിക്കുന്നതിനെപ്പറ്റിയുമൊക്കെയായിരുന്നു ആ ലേഖനം.
വായിച്ച ദിവസം രാത്രി ഞാൻ ഉറങ്ങിയില്ല. എനിക്കെന്തു ചെയ്യാനാവുമെന്ന് ചിന്തിച്ചു. എന്റെ കൈയിൽ ഒരു പേന മാത്രമേയുള്ളൂ. അതുകൊണ്ട് എന്തു ചെയ്യാനാവും? ഞാൻ അവരെ അന്വേഷിച്ചു പോയി. ഇവിടെ ട്രിവാൻഡ്രം ഹോട്ടലിൽ ഒത്തുകൂടിയ ഒരു ചെറിയ ഗ്രൂപ്പ്. ഞാൻ ആലോചിക്കുകയാണ്. ആരൊക്കെയായിരുന്നു അവർ? ആശാൻ കെ.വി. സുരേന്ദ്രനാഥ്, ശർമ്മാജി, അദ്ദേഹത്തിന്റെ കുടുംബം, ഡോ. സതീഷ് ചന്ദ്രൻ, നീലകണ്ഠൻ സർ, എം.കെ. പ്രസാദ് എന്നിവരൊക്കെയടങ്ങിയ ഒരു ചെറുസംഘം. ഞാൻ അവരുടെയടുത്തേയ്ക്ക് ചെന്ന് എന്നെക്കൂടെ നിങ്ങളുടെകൂടെ കൂട്ടാമോയെന്നു ചോദിച്ചു. പ്രിയപ്പെട്ട ശർമ്മാജി ഇരുകൈയും നീട്ടി മുന്നോട്ടുവന്ന് എന്നോട് പറഞ്ഞു, ''വരൂ, ഞങ്ങൾക്ക് ഒരു കവിയുടെ കുറവുണ്ട്"" അങ്ങനെ ഞാൻ അവരിലൊരാളായി.
അവരോടൊപ്പം ചേർന്ന് ഞാൻ സൈലന്റ് വാലിയെപ്പറ്റി ധാരാളം പഠിച്ചു. ലോകത്തെ വനങ്ങളെപ്പറ്റിയും വളരെയധികം വായിച്ചു. എന്താണ് വനം? ഒരു മരം, ഒരു ചെടി, ഒരു കിളി, ഇവയൊക്കെ എന്താണ് നമുക്ക് തരുന്നത്? നമ്മളവയെ എന്താക്കി മാറ്റുന്നു? ഇവയൊക്കെ വളരെ ആഴത്തിൽ അപ്പോഴാണ് പഠിച്ചത്. കവിയായതുകൊണ്ടും പ്രകൃതിയെ സ്നേഹിച്ചിരുന്നതുകൊണ്ടുമാവാം ഇവയോടൊക്കെ മനസുകൊണ്ട് വളരെ മുൻപേ താദാത്മ്യം പ്രാപിച്ചിരുന്നെങ്കിലും ഇതിന്റെ ശാസ്ത്രീയതയെക്കുറിച്ച് വേരുകളിലേക്കിറങ്ങി പഠനം നടത്തിയിരുന്നില്ല. ഡോ. സതീഷ് ചന്ദ്രനെന്ന ചെറുപ്പക്കാരനായിരുന്നു ഇതിൽ എന്റെ ഗുരുനാഥനെന്നു പറയാൻ സന്തോഷമുണ്ട്.
പിന്നെ ഞാനതിൽ ആണ്ടുമുഴുകി. അതിനെപ്പറ്റി ഞാനൊരു ലേഖനമെഴുതി. അതിന് ധാരാളം പ്രതികരണങ്ങളുണ്ടായി. അതെന്നെ ആഴത്തിൽ ചിന്തിപ്പിച്ചു. എന്റെ ലേഖനത്തിനു ധാരാളം പ്രതികരണങ്ങളുണ്ടായി. ഇതെന്തുകൊണ്ടാണെന്ന് ഞാൻ ചിന്തിച്ചു. ഞാൻ കവയിത്രിയായതുകൊണ്ടും മറ്റു താത്പര്യങ്ങളൊന്നുമില്ലാതിരുന്നതുകൊണ്ടുമാണെന്നു എനിക്ക് ബോധ്യപ്പെട്ടു. കവിയുടെ ഭാഷയിലെഴുതിയതുകൊണ്ടാവണം ധാരാളം പേർ പ്രതികരിച്ചത്.
അന്നു രാത്രി എനിക്കു തോന്നി. മറ്റു എഴുത്തുകാരെക്കൂടി എന്തുകൊണ്ട് ഇതിൽ പങ്കെടുപ്പിച്ചുകൂടാ എന്ന്. ഞാൻ എൻ.വി. കൃഷ്ണവാര്യരുടെയടുത്തുപോയി. സൈലന്റ് വാലിയെ രക്ഷിക്കാനായി എഴുത്തുകാരുടെ ഒരു സംഘമുണ്ടാക്കിയാലോയെന്ന് അദ്ദേഹത്തോട് ആലോചിച്ചു. എൻ.വി. സന്തോഷത്തോടെ സമ്മതിച്ചു. അങ്ങനെ ലോകത്ത് ആദ്യമായിട്ടാണെന്ന് തോന്നുന്നു, പരിസ്ഥിതി സംരക്ഷണത്തിനായി എഴുത്തുകാരുടെ ഒരു കൂട്ടായ്മ അന്നു രൂപപ്പെട്ടു. എല്ലാവരെയും വിളിക്കാൻ എൻ.വി പറഞ്ഞു. ആദ്യം വിളിച്ചത് പ്രിയസുഹൃത്തും ജ്യേഷ്ഠസഹോദരനുമായ ഒ.എൻ.വിയെയാണ്. വിളികേൾക്കാൻ കാത്തിരുന്നതുപോലെ അദ്ദേഹം ഞങ്ങളോടൊപ്പം വന്നു. പിന്നെ അയ്യപ്പപ്പണിക്കർ, വിഷ്ണുനാരായണൻ നമ്പൂതിരി, കടമ്മനിട്ട എന്നിങ്ങനെ എല്ലാവരെയും വിളിച്ചു. ഒരു വിളിക്ക് എല്ലാവരുമെത്തി. ഞങ്ങൾ കാടിനായി ഒരു കൂട്ടായ്മയുണ്ടാക്കി. എൻ.വി അധ്യക്ഷനും ഞാൻ സെക്രട്ടറിയുമായി സൈലന്റ് വാലി സംരക്ഷണ സമിതി വികസിപ്പിക്കാൻ ശ്രമിച്ചപ്പോൾ അത് പോരെന്നും നമ്മുടെ സമരം സൈലന്റ് വാലിക്കു വേണ്ടി മാത്രമാകരുതെന്നും എൻ.വി പറഞ്ഞു. സൈലന്റ് വാലി ഒരു പ്രതീകമാണ്. നശിക്കുന്ന നമ്മുടെ പശ്ചിമഘട്ടത്തിന്റെയും ഹിമാലയത്തിന്റെയും നശിക്കുന്ന നദികളുടെയും പ്രതീകം. നമ്മൾ കൊന്നൊടുക്കുന്ന എല്ലാ വന്യമൃഗങ്ങളുടെയും പ്രതീകം. അതുകൊണ്ട് ഇത് പ്രകൃതി സംരക്ഷണ സമിതിയാകട്ടെയെന്ന് എൻ.വി പറഞ്ഞു. അങ്ങനെ പ്രകൃതി സംരക്ഷണ സമിതിയുണ്ടായി.
ഞാനന്ന് സെക്രട്ടറിയെന്ന നിലയിൽ എല്ലാ എഴുത്തുകാർക്കും കത്തെഴുതി. അതിങ്ങനെയായിരുന്നു, ''തോൽക്കുന്ന യുദ്ധത്തിനും പടയാളികൾ വേണമല്ലോ; വരൂ. ഞങ്ങളോടൊപ്പം ചേരൂ. എല്ലാ യുദ്ധത്തിനും രണ്ടു സേനാവിഭാഗങ്ങളുണ്ട്, ജയിക്കുന്നവരും തോൽക്കുന്നവരും. ഞങ്ങൾ തോൽക്കുന്നവർ. ഞങ്ങളോടൊപ്പം ചേരൂ.""എന്നു പറഞ്ഞു. അതിന് ആദ്യം മറുപടി അയച്ചത് വൈക്കം മുഹമ്മദ് ബഷീറാണ്.
''സുഗതേ, ഞാനുണ്ട് കൂടെ. എന്നെക്കൂടെ ചേർക്കൂ. തോൽക്കുന്ന യുദ്ധത്തിൽ ഞാനുമൊരു പടയാളിയാണ്.""എന്നെഴുതി അതിൽ നൂറുരൂപ മൊട്ടുസൂചിയിൽ കുത്തിയ ഒരു കത്ത് എനിക്ക് വന്നു. അന്ന് നൂറുരൂപ വളരെ വലുതാണ്. 1978-80 കാലം. ആ നൂറുരൂപകൊണ്ട് സൈലന്റ് വാലിയെപ്പറ്റിയുള്ള ലഘുലേഖകളയച്ചത് ഞാൻ ഓർക്കുന്നു. അങ്ങനെ ഒരുപാട് കത്തുകൾ വന്നു.കേരളത്തിലെ 90 ശതമാനം എഴുത്തുകാരും ഞങ്ങളോടൊപ്പം വന്നു. ഇതൊന്നുമല്ല വികസനമാണ് പ്രധാനമെന്നു പറഞ്ഞവരുമുണ്ട്. അതൊന്നും ഇപ്പോൾ നമുക്ക് പറയണ്ട. പക്ഷേ ഞങ്ങൾ സമരമാരംഭിച്ചു.
വളരെകഴിഞ്ഞാണ് ശാസ്ത്രസാഹിത്യപരിഷത്തൊക്കെ വന്നത്.പക്ഷേ, പ്രസാദ്, എം.പി. പരമേശ്വരൻ, വി.കെ. ദാമോദരൻ തുടങ്ങിയവർ വ്യക്തിപരമായി അന്നേ ഞങ്ങളോടൊപ്പമുണ്ട്. പക്ഷേ പരിഷത്തെന്ന വലിയ പ്രസ്ഥാനം ഞങ്ങളോടൊപ്പം വരാൻ കുറേ സമയമെടുത്തു. പിന്നീട് യുദ്ധപ്രഖ്യാപനമായിരുന്നു. 'സമ്മതിക്കില്ല, സമ്മതിക്കില്ല" എന്ന രീതിയിൽ ഞങ്ങൾ നാടുമുഴുവൻ പ്രതിഷേധവും പ്രസംഗങ്ങളുമായി നടന്നു.
അങ്ങനെയൊരു കാലം. അതു കവിയരങ്ങുകളുടെ കാലമായിരുന്നു. പ്രകൃതി കവിയരങ്ങുകൾ ആദ്യമായി കേരളത്തിൽ അരങ്ങേറി. ഞാൻ അന്നെഴുതിയ കവിതകളാണ് 'മരത്തിനു സ്തുതി" തുടങ്ങിയവ. പ്രിയപ്പെട്ട ഒ.എൻ.വിയുടെ 'ഭൂമിക്കൊരു ചരമഗീത'വും മറ്റും അന്നു പിറന്നുവീണതാണെന്ന് അഭിമാനത്തോടെ സ്മരിക്കുന്നു. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ 'യുഗളപ്രസാദ"നും ഇത്തരത്തിലുള്ളതാണ്. 'കാടെവിടെ മക്കളേ, നാടെവിടെ മക്കളേ"എന്നു അയ്യപ്പപ്പണിക്കരും, 'കുഞ്ഞേ, മുലപ്പാൽ കുടിക്കരുത് "എന്നു കടമ്മനിട്ടയും എഴുതി. ഈ കവിതകളുമായി ഞങ്ങൾ നാടുനീളെ പാടി നടന്നു. 'ഒരു വണ്ടി കവികൾ വരുന്നേ" എന്നു അയ്യപ്പപ്പണിക്കരെഴുതിയത് ഓർമ്മയുണ്ട്. ഞങ്ങൾ കാടിനുവേണ്ടി ഓടിനടന്നു കവിതകൾ ചൊല്ലി, പ്രസംഗിച്ചു. ഒപ്പുശേഖരണം നടത്തി. എത്രയോവട്ടം കോടതി കയറി. പിന്നെ ഒരേഴുവർഷത്തെ നീണ്ട സമരം. എല്ലാവരും ഞങ്ങളോടൊപ്പം നിന്നു. എല്ലാ പത്രങ്ങളും എല്ലാ രാഷ്ട്രീയപ്പാർട്ടികളും ആദ്യം അവഗണിക്കുകയും പരിഹസിക്കുകയും ചെയ്തു. പക്ഷേ എഴുത്തുകാരുടെ ഈ വലിയ സംഘം വന്നപ്പോൾ എല്ലാവരും കൂടെ വന്നു.
എൻ.വി. കൃഷ്ണവാര്യരും ബഷീറും വൈലോപ്പിള്ളിയും ഒ.എൻ.വിയും ഡോ. കെ. ഭാസ്കരൻ നായരും സുകുമാർ അഴീക്കോടുമെല്ലാം മുന്നിൽ നിന്നപ്പോൾ എല്ലാവർക്കും അതിനെ അംഗീകരിക്കാതെ വയ്യെന്നായി. സുഗതകുമാരി മാത്രമായിരുന്നെങ്കിൽ അവർ തള്ളിക്കളഞ്ഞേനെ; ചവിട്ടിത്തേച്ചേനെ. എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ ഈ സമരം നാടിനുവേണ്ടിയാണെന്ന് വിശ്വസിക്കാൻ അവർ നിർബന്ധിതരായി.
സ്കൂൾ ഒഫ് ഫൈൻ ആർട്സിലെ കുട്ടികൾ ചിത്രങ്ങൾ വരച്ച് നാടുനീളെ പ്രദർശിപ്പിച്ചു. ഞങ്ങൾക്കു വേണ്ടി പാടാൻ എം.ബി. ശ്രീനിവാസനും നൃത്തം ചെയ്യാൻ മൃണാളിനി സാരാഭായിയും വന്നു. അങ്ങനെ അതൊരു വലിയ പ്രസ്ഥാനമായി മാറി. കോടതി വിധികളും സമരങ്ങളും നിരാഹാരങ്ങളുമൊക്കെയായി സമരം മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നപ്പോൾ സർക്കാർ സൈലന്റ് വാലിയെപ്പറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഒരു കമ്മിഷനെ വച്ചു. ആദ്യം വലതുപക്ഷ സർക്കാരും പിന്നെ ഇടതുപക്ഷ സർക്കാരും വന്നു. കോളേജ് പ്രൊഫസർമാരൊക്കെ ഉൾപ്പെട്ട ആ കമ്മിഷൻ സൈലന്റ് വാലി സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി. അവിടെ കാടില്ലെന്നും കുറ്റിക്കാടും കുറച്ചു വെളിമ്പ്രദേശവും മാത്രമേയുള്ളൂവെന്നും അത് നശിച്ചാലും കുഴപ്പമില്ലെന്നും അവർ ഇന്ത്യാ ഗവൺമെന്റിന് റിപ്പോർട്ട് സമർപ്പിച്ചു. അന്ന് ഞങ്ങൾ നടത്തിയ സമരങ്ങൾക്ക് കണക്കില്ല.
അന്ന് അടിയന്തരാവസ്ഥയെ അനുകൂലിച്ചെന്നും അവരെക്കൊണ്ട് എന്തൊക്കെയോ നേട്ടങ്ങളുണ്ടാക്കിയെന്നും പറയുന്നവരുണ്ടെങ്കിലും ഞാൻ പറയുകയാണ്. ശ്രീമതി ഇന്ദിരാഗാന്ധിക്ക് നന്ദി, ഡോ. അൻസാരിക്ക് നന്ദി. ടി.എൻ. ശേഷനെന്ന അന്നത്തെ പരിസ്ഥിതി വകുപ്പ് സെക്രട്ടറിക്ക് നന്ദി. അവരുടെ പ്രത്യേക താത്പര്യം കൊണ്ടാണ് സൈലന്റ് വാലി ഇന്നും നിലനിൽക്കുന്നത്. മാത്രമല്ല, ഇന്ത്യയിൽ വനങ്ങൾ നിലനിൽക്കത്തക്കവിധത്തിൽ ഫോറസ്റ്റ് കൺസർവേഷൻ ആക്ട് പാസാക്കിയതും അന്നാണ്. സൈലന്റ് വാലി ഒരു പ്രതീകമായിരുന്നു, ബീജമായിരുന്നു. അതിൽനിന്ന് ഒരുപാടൊക്കെ മുളച്ചുവളർന്നു. തോൽക്കുന്ന യുദ്ധത്തിലെ പടയാളികളായിരുന്നെങ്കിലും ഇന്നും നിങ്ങൾക്ക് കാണാം; ഏതു നാട്ടിൻപുറത്തുചെന്നാലും വയൽ നികത്തുമ്പോഴും കുന്നിടിക്കുമ്പോഴും പാറപൊട്ടിക്കുമ്പോഴുമൊക്കെ അരുതെന്നു പറയാൻ ചെറുപ്പക്കാരുടെയും സ്ത്രീകളുടെയും ചെറിയ സംഘങ്ങളെങ്കിലും മുന്നോട്ട് വരുന്നു. അങ്ങനെ അരുതെന്നൊരു ശബ്ദം പ്രകൃതിക്കു വേണ്ടി ഉണ്ടാകാൻ കാരണം ഇതൊക്കെയാണ്.
ഞാനിരുന്ന് ആലോചിക്കുകയാണ്. ഇന്ന് നമ്മളെവിടെയെത്തി? ഈ കൊച്ചുമുറ്റത്തിരുന്ന് ചുറ്റും നോക്കിയാൽ; ഒന്നു തലയുയർത്തി നോക്കിയാൽ ധാരാളം പച്ചപ്പു കാണാം. ഇത് പഴമ, പക്ഷേ അതാ തൊട്ടടുത്തേയ്ക്കു നോക്കൂ. പതിനെട്ടു നില കെട്ടിടം. അതിനടുത്ത് അതുപോലെ മറ്റൊന്ന്. അതു വികസനം. ഇതിനൊക്കെ പാറയെവിടുന്ന്? മണ്ണെവിടുന്ന്? മരങ്ങളെവിടുന്ന്? ധാരാളം ചോദ്യങ്ങളുണ്ട്. ഇതെല്ലാം താങ്ങുമോ ഈ ഭൂമി. ഇതുപോലെ ലക്ഷക്കണക്കിന് കെട്ടിടങ്ങളെ ഈ ഭൂമി താങ്ങുമോ? എന്താണ് പമ്പയിലും നിലയ്ക്കലുമൊക്കെ ഉണ്ടായതെന്ന് നിങ്ങൾക്കറിയാം. അപമാനിതയായ ആ നദി തിരിച്ചടിച്ചപ്പോൾ അവിടെ നാം കെട്ടിപ്പൊക്കിയവയെല്ലാം നാമാവശേഷമായി. പിന്നെയും കെട്ടിപ്പൊക്കാൻ തുടങ്ങിയിരിക്കുന്നു.
എനിക്കിപ്പോൾ ഒരു പ്രാർത്ഥനയേ ആ പ്രദേശത്തെക്കുറിച്ചുള്ളൂ. ശബരിമലയിൽ ചോര വീഴരുത്. അതിലേയ്ക്ക് നീങ്ങുകയാണ് നമ്മുടെ സമൂഹം, ഞാൻ പലവട്ടം എഴുതി. തമ്മിൽത്തല്ലി ചോരവീണിട്ട് അതുകൂടെ കണ്ട് ഭഗവാൻ എഴുന്നേറ്റ് പോകും. അതിനുള്ള ഇടവരരുത്. എന്തു തെളിയിക്കാനാണ് നിങ്ങൾ നോക്കുന്നത്? സ്ത്രീയും പുരുഷനും തുല്യരാണെന്നോ? ആണ്. ഭരണഘടനയും അങ്ങനെ പറയുന്നു. ശബരിമലയിൽ കയറിയതുകൊണ്ട് തുല്യത കിട്ടുമോ? സ്ത്രീധനമെന്ന മഹാപാപം പോലും ഇതുവരെ സമൂഹത്തിൽനിന്നു തുടച്ചുമാറ്റാൻ നമുക്ക് കഴിഞ്ഞിട്ടില്ല. ലഹരിയെന്ന മഹാവിപത്ത് യുവതലമുറയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. സന്ധ്യയായാൽ ഈ പെൺകുഞ്ഞുങ്ങളെ പുറത്തേയ്ക്ക് വിടാൻ പോലും നാം ഭയക്കുന്നു. എന്തു തുല്യതയാണ് നമുക്ക് അവകാശപ്പെടാനുള്ളത്? ഇവിടെ ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിക്കണമെങ്കിൽ എത്രലക്ഷം രൂപ സ്ത്രീധനം കൊടുക്കണം? എത്ര പവൻ കൊടുക്കണം? ഈ നാട്ടിൽ ഒരമ്പലത്തിൽക്കയറിയാൽ നിങ്ങൾക്ക് തുല്യത കിട്ടുമോ? ഒരു തുല്യതയും കിട്ടാൻ പോകുന്നില്ല. എല്ലാറ്റിനും ഒരു സാവകാശവും ക്ഷമയുമൊക്കെ വേണം. ആപത്തിൽനിന്ന് ആപത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു കൊച്ചു കാടാണത്. അതൊരു കടുവാ സംരക്ഷണ കേന്ദ്രമാണ്. ആയിരക്കണക്കിന് കടുവകളും ആനകളും മറ്റു ജന്തുക്കളുമുള്ള ഒരു കൊച്ചുകാട്. അതു മുഴുവൻ വെട്ടിവെളുപ്പിച്ച് ഇനിയും സുഖസൗകര്യങ്ങളുണ്ടാക്കണോ?
എന്നെപ്പോലെയുള്ളവർ ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇങ്ങനെ പറയും. ഇഷ്ടപ്പെടുന്നതല്ല ഇതുവരെ പറഞ്ഞിട്ടുള്ളത്. അവിടേയ്ക്കുള്ള പുരുഷന്മാരുടെ പോക്കുതന്നെ നിയന്ത്രിക്കണം. ആ കാടും മലയും പുണ്യനദിയുമെല്ലാം നശിച്ചുപോകും. പരിസ്ഥിതി നാശത്തെക്കുറിച്ചുള്ള ഇത്തരം വേദനകളിൽ വീണ്ടും വീണ്ടും എഴുതുന്ന എന്നെപ്പോലെയുള്ളവരുടെ മുന്നിലേക്കാണ് 'മലയാളത്തിന്റെ പരിസ്ഥിതിലാവണ്യം" എന്ന പുസ്തകവുമായി ഈ കുട്ടി കടന്നുവരുന്നത്. എന്റെ ഈ മകൻ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വീണ്ടും വീണ്ടും നിങ്ങളെ ഉദ്ബോധിപ്പിക്കാൻ ശ്രമിക്കുന്ന കുട്ടികളെ പഠിപ്പിക്കുന്നു. രമേഷിന്റെ ഈ ശ്രമത്തിന് ഞാൻ ഹൃദയത്തിൽതൊട്ട് നന്ദി പറയുന്നു.
നമ്മുടെ പുതിയ തലമുറയ്ക്ക് വികസനമെന്ന പേരിൽ എന്താണ് വേണ്ടത്? വലിയ മെട്രോകളും വിമാനത്താവളങ്ങളും പത്തും ഇരുപതും നില കെട്ടിടങ്ങളും ഷോപ്പിംഗ് മാളുകളും മദ്യശാലകളും ബാർ ഹോട്ടലുകളുമൊക്കെയാണോ വേണ്ടത്? അതോ ശുദ്ധമായ പ്രാണവായുവും കുടിവെള്ളവും അന്നവുമൊക്കെയാണോ വേണ്ടത്? ഇതൊക്കെ കഴിഞ്ഞിട്ടുമതി വികസനമെന്നു പറയുന്ന പാവങ്ങളാണ് ഞങ്ങൾ ഗാന്ധിയുടെ ശിഷ്യർ. ഗാന്ധിജി പറഞ്ഞത് എളിമയോടെ ജീവിക്കൂ എന്നാണ്, ഈ ഭൂമിക്ക് നിങ്ങളുടെ അത്യാർത്തിക്കുവേണ്ടതൊന്നും തരാനില്ല. നിങ്ങളുടെ ദുരയും അത്യാർത്തിയും ഈ ഭൂമിയെ നശിപ്പിക്കും. ഇതല്ലാതെ പുതിയതൊന്നും ഞങ്ങൾക്ക് പറയാനില്ല. ആരും അത് കേൾക്കുന്നില്ല എന്ന ദുഃഖമുണ്ട്. എങ്കിലും സമാനഹൃദയരായ ചിലരൊക്കെ എവിടെയൊക്കെയോ ഉണ്ട്. അവരിലൊരാളാണ് ഡോ. രമേഷ്. ആ കുട്ടിയോട് ഞാൻ നന്ദി പറയുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.
നിങ്ങൾ എന്റെ ഈ തറവാട്ടുമുറ്റത്തേയ്ക്കുവന്നു. ഈ പച്ചപ്പിന്റെ തണലിലും ശുദ്ധിയിലും നിങ്ങളിരുന്നു. അതിനപ്പുറത്തെ പരിഷ്കാരത്തിന്റെ മഹാഗോപുരങ്ങളും കണ്ടു. അതാണ് തോൽക്കുന്ന യുദ്ധത്തിലെ പടയാളികളെന്നു ഞാൻ പറയാൻ കാരണം. തോറ്റോട്ടെ പക്ഷേ ആരൊക്കെയാണ് തോറ്റുപോയതെന്നു കൂടി നിങ്ങളറിയണം. യേശുക്രിസ്തുവും മുഹമ്മദ് നബിയും ശ്രീബുദ്ധനും ഗാന്ധിയുമൊക്കെ തോറ്റുപോയില്ലേ? എല്ലാ മഹത്തുക്കളും തോറ്റുപോയ നാടാണിത്. അവരുടെ പാദങ്ങളിൽ ചെറിയ പുല്ലുപോലെ വളർന്നുനിൽക്കുന്ന ഞങ്ങളും തോറ്റോട്ടെ. എങ്കിലും അവരുടെ ശബ്ദത്തിന്റെ മുഴക്കവും അവരുടെ രക്തവും ഞങ്ങളുടെ മുന്നിലുണ്ട്. അതൊരു വിളക്കാണ്. വലിയവെളിച്ചമാണ്. ആ വെളിച്ചത്തിൽ നോക്കി വാർദ്ധക്യത്തിന്റെ ഈ അന്ധകാരത്തിൽ എന്റെ പതറിയ ചുവടുകൾവച്ച് അല്പംകൂടി നടക്കാൻ ഞാൻ ശ്രമിക്കുന്നു. സമയമില്ല എന്നെനിക്കറിയാം. എങ്കിലും അവസാനനിമിഷം വരെ ഈ പോരാട്ടങ്ങൾക്ക് നടുവിൽ എന്റെ തളർന്ന ശബ്ദമുണ്ടാവും. നിങ്ങളിവിടെ വന്നതിനു നന്ദി, ഒന്നും തരാനില്ല. നിറഞ്ഞസ്നേഹവാത്സല്യങ്ങൾ മാത്രമേയുള്ളൂ. എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.
('മലയാളത്തിന്റെ പരിസ്ഥിതിലാവണ്യം" ഒന്നാം പതിപ്പ് പ്രകാശനം ചെയ്തു കൊണ്ട് സുഗതകുമാരി ടീച്ചർ നടത്തിയ പ്രഭാഷണം)