കുറ്റിയിൽ മൂവീസിന്റെ ബാനറിൽ സതീഷ് കുറ്റിയിൽ നിർമ്മിച്ച് കോഴിക്കോട് ഫാറൂഖ് സ്കൂൾ അദ്ധ്യാപകൻ ഫൈസൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉസ്താദ് എന്റെ സുൽത്താൻ".
നിരവധി ഷോർട്ട് ഫിലിമുകൾ ചെയ്തിട്ടുള്ള ഫൈസലിന്റെ ആദ്യ സിനിമ കൂടിയാണിത്. സതീഷ് കുറ്റിയിൽ നിർമിക്കുന്ന സിനിമയുടെ കഥാരചന ഫൈസൽ ജനേഷ് നിർവഹിക്കുന്നു.
സിനിമയിൽ ഉസ്താദായി പുതുമുഖ താരവും പ്രധാന നായിക ഫാത്തിമയായി നൂറിൻ ഷെരീഫും വേഷമിടുന്നു. മറ്റ് വേഷങ്ങളിൽ ഹരീഷ് കണാരൻ, കൊച്ചു പ്രേമൻ, മാമുക്കോയ, കുളപ്പുള്ളി ലിസ എന്നിവരും എത്തുന്നു. റഫീഖ് അഹമ്മദിന്റെ ഗാനങ്ങൾക്ക് മോഹൻ സിത്താര ഈണം പകരുന്നു. സച്ചിൻ വാര്യർ, മൃദുല വാര്യർ, ഹരിചരൺ എന്നിവരാണ് ഗായകർ.
ഡിസംബർ 2 മുതൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. തലശ്ശേരിയിലും മാഹിയിലുമായാണ് ചിത്രീകരണം നടക്കുക.1995 ൽ നിർമിച്ച 'കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം"എന്ന സിനിമയാണ് സതീഷ് കുറ്റിയിലിന്റെ ആദ്യ സിനിമ.
2001 ലെ 'ജ്വലന"ത്തിന് ശേഷം മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. ഈ സിനിമയോടെ സിനിമാരംഗത്ത് വീണ്ടും സജീവമാവുകയാണ് സതീഷ് കുറ്റിയിൽ.