ഇത്തവണത്തെ ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രം പ്രശസ്ത സംവിധായകൻ ഷാജി.എൻ.കരുൺ സംവിധാനം ചെയ്ത് എ.വി.അനൂപ് നിർമ്മിച്ച 'ഓള് "ആണ്. കൊൽക്കത്ത ചലച്ചിത്രോത്സവത്തിൽ ഈ ചിത്രം മികച്ച പ്രേക്ഷകാഭിപ്രായവും നിരൂപക പ്രശംസയും നേടി. ഓളിനെക്കുറിച്ച് സംവിധായകൻ കേരളകൗമുദിയോട് സംസാരിച്ചു.
എന്താണ് ഒാളിന്റെ പ്രമേയം?
'ഒാള് "ഒരു ഫാന്റസി ചിത്രമാണ്. എല്ലാ മനുഷ്യരും മൃഗങ്ങളും ഒക്കെ സ്വപ്നം കാണും. നല്ല സ്വപ്നം കാണുന്നവരെ നന്മയുള്ള വ്യക്തികളായിട്ടാണ് ഞാൻ കാണുന്നത്. അത് അവരുടെ സ്വഭാവത്തെ ചൂണ്ടിക്കാട്ടുന്നു. രാത്രി കിടന്നുറങ്ങുമ്പോൾ കാണുന്ന സ്വപ്നം. പ്രായത്തിനനുസരിച്ച് മാറും. പണ്ടു കണ്ടിരുന്ന നിറമുള്ള സ്വപ്നങ്ങൾ പിന്നീട് കണ്ടെന്ന് വരില്ല. ചിലർക്ക് സ്വപ്നങ്ങൾ നഷ്ടപ്പെടുകയും ചെയ്യാം. സ്വപ്നമില്ലെങ്കിലും നല്ല വ്യക്തിയായി ജീവിച്ച് മുന്നോട്ട് പോകാനാകും. സ്വപ്നം നല്ലതാണ്. യാഥാർത്ഥ്യത്തിൽ നിന്ന് മാറിനിൽക്കലാണത്. മലയാളസിനിമ ആ മേഖലയിലേക്ക് തിരിഞ്ഞുനോക്കിയിട്ടുണ്ടെന്ന് കരുതുന്നില്ല.
യാഥാർത്ഥ്യം പ്രതീക്ഷാ നിർഭരമല്ലാത്തതിനാലാണോ മനുഷ്യർ ഫാന്റസിയിൽ അഭയം തേടുന്നത് ?
ശരിക്കും ഫാന്റസി വന്നിട്ടുള്ളത് വിശപ്പിൽ നിന്നാണ്, ദാരിദ്ര്യമനുഭവിച്ചവർ. ഉദാഹരണത്തിന് ലാറ്റിനമേരിക്കൻ സാഹിത്യമെടുത്താൽ അത് പ്രകടമാണ്. മാർകേസിന്റെ രചനയെടുത്താലും ഒരുപാട് ഫാന്റസിയുണ്ട്, മാജിക്കുണ്ട്. മാജിക്കിനേക്കാൾ മുന്നിൽ നിൽക്കുന്ന അവസ്ഥാവിശേഷം ഫാന്റസിക്കുണ്ട്. എന്തുകൊണ്ട് മലയാള സിനിമ അത് തിരിഞ്ഞുനോക്കിയില്ല. ഏതാനും ചിത്രങ്ങൾ വന്നിട്ടുണ്ട്, ഭാർഗവിനിലയം, മൈ ഡിയർ കുട്ടിച്ചാത്തൻ, പദ്മരാജന്റെ ഞാൻ ഗന്ധർവൻ ഒക്കെപ്പോലെ.
ഫാന്റസിയെ കാര്യമായി ഉപയോഗിക്കുന്ന സിനിമയാണോ ഒാള്? മുഖ്യപ്രമേയം എന്താണ് ?
ജിപ്സിയായിട്ടുള്ള ഒരു പെൺകുട്ടി. സ്വത്വമില്ലാതെ അലഞ്ഞുതിരിയുന്ന കുട്ടി. അതിനെ കുറേപ്പേർ ബലാത്സംഗം ചെയ്തിട്ട് അത് മറച്ചുവയ്ക്കാൻ കായലിൽ കെട്ടിത്താക്കുന്നു. കായലിന്റെ സ്ഥലമാണ് കേരളം. ഇത്രയധികം കായലുകളുള്ള നമ്മുടെ നാട്ടിൽ കടലിനെക്കുറിച്ചുവന്നതുപോലെ സിനിമ വന്നിട്ടില്ല. എഴുത്തുകളിൽപ്പോലും കായൽ വന്നിട്ടില്ല. ഒരു ഛായാഗ്രഹകൻ എന്ന നിലയിൽ കായലിന്റെ പ്രകൃതി എന്നെ ആശ്ചര്യപ്പെടുത്തിയിരുന്നു. പെൺകുട്ടിയെ കെട്ടിത്താക്കുന്ന സ്ഥലം നൂറ്റാണ്ടുകൾക്ക് മുമ്പ് മറഞ്ഞുപോയ ബുദ്ധആരാധനാലയമാണ്. കേരളത്തിൽ ബുദ്ധിസ്റ്റ് സെന്റിൽമെന്റുകൾ ധാരാളമുണ്ടായിരുന്നു. ഇൗ പെൺകുട്ടിക്ക് പൂർണചന്ദ്രനിലേ പുറംലോകം കാണാൻ കഴിയൂ. ബുദ്ധമതത്തിൽ പൂർണചന്ദ്രൻ പ്രധാനഘടകമാണ്. അങ്ങനെ ഇയാളെ കാണുന്നു. അവളുടെ മനസിൽ ഒളിപ്പിച്ചുവച്ച, അവളുടെ സ്നേഹത്തിന്റെ മുഖം, അവൾ ആർക്കുവേണ്ടി ജീവിച്ചുവോ ആ മുഖം അവനിൽ കാണുകയാണ്. പെയിന്ററാകാൻ അലഞ്ഞുനടക്കുന്ന ആളാണ് അവൻ. എന്റെ സ്വപ്നം നിനക്ക് പെയിന്റ് ചെയ്തു തരാൻ പറ്റുമോയെന്ന് പെൺകുട്ടി അയാളോട് ചോദിക്കുകയാണ്. ആദ്യം അയാൾ പേടിച്ചുപോകും. പ്രേതവും യക്ഷിയുമൊക്കെ ഉണ്ടെന്ന് അവിടെ കഥകളുണ്ട്. ക്രമേണ അയാൾ ആ പെൺകുട്ടിയുമായി പ്രേമത്തിലാകും. മറ്റുള്ളവരുടെ പെയിന്റുകൾ കോപ്പി ചെയ്ത് ടൂറിസ്റ്റുകൾക്ക് വിറ്റിരുന്ന അയാൾ നല്ല ഒരു പെയിന്ററാകുന്നു.
ഇൗ പെൺകുട്ടി തന്നെ ഒരു ഫാന്റസി അല്ലേ ?
വെള്ളത്തിന്റെ അടിയിൽ സംസാരിക്കാൻ പറ്റുന്നത് ഒരു ഫാന്റസിയാണ്. ഇൗ പെൺകുട്ടിയെ രക്ഷിക്കുന്നത് ആ ആരാധാനാലയത്തിലെ ഒരു പുരോഹിതയാണ്. 10 പൂർണ്ണചന്ദ്രനാണ് ഒരു ഗർഭകാലയളവ്. ആ കുട്ടി ജനിക്കുന്നതോടെ ആ പുരോഹിത നിർവാണത്തിലേക്കു പോവുകയാണ്. ഇതൊരു പ്ളറ്റോണിക് ലൗവാണ്. ഫിസിക്കൽ ലൗവല്ല, കാണാതെ സ്നേഹിക്കുക. ആയിരത്തി ഒന്ന് രാവുകളും നമ്മുടെ ഗസലുകളുമൊക്കെ പ്ളറ്റോണിക് സിംബലാണ്. ഒരു പെൺകുട്ടിയും അയാളെ അതുവരെ സ്നേഹിച്ചിരുന്നില്ല. അയാൾ ബോംബെയിൽ പോകുന്നു, പണക്കാരനാകുന്നു. ബോംബെയിൽ ചെല്ലുമ്പോൾ ഇയാളോട് സ്നേഹം കാണിക്കുന്നവരോട് ഇയാൾക്ക് അടുപ്പമാകുന്നു. ആ പെൺകുട്ടിയാണെന്ന് വിചാരിക്കുന്നു. പെൺകുട്ടിയുടെ പേര് മായയെന്നാണ്.
ആരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ?
പെയിന്ററായി ഷെയിൻ നിഗവും പെൺകുട്ടിയായി എസ്തറുമാണ്. എനിക്കൊരു ഉത്തരേന്ത്യൻ മുഖച്ഛായയും നിഷ്ക്കളങ്കതയും വേണമായിരുന്നു. അങ്ങനെയാണ് എസ്തർ വന്നത്.
ജലത്തിലെ ചിത്രീകരണം എളുപ്പമായിരുന്നോ ?
ഇത് മുഴുവൻ സ്റ്റുഡിയോയിൽ പുനർനിർമ്മിച്ചാലേ വർത്തമാനം പറയാൻ പറ്റുകയുള്ളൂ. സ്റ്റുഡിയോയിൽ ഗ്രീൻ ഫോർമാറ്റിട്ടിട്ട് മറ്റെല്ലാം വരച്ച് ത്രീഡി ഫോമിൽ, മത്സ്യം, വെള്ളം, കുമിളകൾ, മത്സ്യം ഒാടുന്നവിധം, വെള്ളത്തിന്റെ അടിയൊഴുക്ക് ഇങ്ങനെ വളരെ പ്രയാസപ്പെട്ടു.
കാമറ?
എം.ജെ. രാധാകൃഷ്ണനാണ്. പിറവിയിൽ എന്റെ സ്റ്റിൽ ഫോട്ടോഗ്രാഫറായി വന്നതാണ്.
കഥ ടി.ഡി . രാമകൃഷ്ണന്റെയാണോ?
അല്ല. എന്റെ സിനിമകളുടെയെല്ലാം കഥ എന്റേതുതന്നെയാണ്. തിരക്കഥ, സംഭാഷണം ടി.ഡി. രാമകൃഷ്ണനാണ്.