നാലഞ്ചു നിലകളുള്ള ഒരു വലിയ കോംപ്ലക്സിന്റെ മൂന്നാമത്തെ നിലയിലാണ് എന്റെ സ്റ്റുഡിയോ. ഏറ്റവും മുകളിലെ ടെറസിൽ മൈന, പ്രാവ്, കാക്ക തുടങ്ങിയ പക്ഷികൾ വന്നിരിക്കുന്നത് ഞാൻ കാണാറുണ്ട്. ചില വൈകുന്നേരങ്ങളിൽ മൈനകൾ കൂട്ടത്തോടെ വന്നിരിക്കുന്നതും കാണാം. ദൂരെ എവിടെയോ നിന്നും പറന്നുവന്ന് ഒരിടത്താവളം പോലെ അതിന്റെ സൈഡുവാളിൽ ഒന്നിരുന്നിട്ടു പെട്ടെന്ന് തന്നെ പറന്നുപോകുകയാണ് പതിവ്. മിക്കപ്പോഴും അസ്തമയ സമയത്തോട് അടുത്തായിരിക്കും ഇതെന്ന് ഞാൻ മനസിലാക്കി. ഒരുദിവസം ഈ മൈനകളെ പ്രതീക്ഷിച്ചു അസ്തമയ സമയത്തിനു മുമ്പായി ഞാൻ ടെറസിലെത്തി. അസ്തമയ സൂര്യനൊപ്പം ഇവയെ കിട്ടുമോ എന്നാ യിരുന്നു എന്റെ നോട്ടം.
ചില സീസണുകളിൽ ഇവിടെ നിന്നാൽ മലമടക്കുകളിൽ അസ്തമിക്കുന്ന സൂര്യന്റെ സീൻ നന്നായിക്കിട്ടും. സദാസമയവും മഞ്ഞും മൂടലുമുളള ഊട്ടി കാലാവസ്ഥയിൽ പക്ഷേ അത് ഒട്ടും പ്രതീക്ഷിക്കാൻ പറ്റില്ല. അന്നും അങ്ങനെ തന്നെ സംഭവിച്ചു എന്ന് പറയട്ടെ. മഞ്ഞും മൂടലുമൊന്നുമായിരുന്നില്ല കാരണം. നല്ലകട്ടിയുള്ള മേഘങ്ങൾ വന്നു സൂര്യനെ മറച്ചു കളഞ്ഞിരിക്കുന്നു. മൈനകൾ ഒന്നുപോലും വന്നതുമില്ല. എന്നാൽ അത്യപൂർവ്വമായ ഒരു കാഴ്ചയായിരുന്നു ഞാൻ അന്നു ആകാശത്ത് കണ്ടത്. ഒന്ന് സൂക്ഷിച്ചു നോക്കിയതും ഉടനെ ക്ലിക്കുചെയ്തതും ഒന്നിച്ചായിരുന്നു. കാരണം കാറ്റു കൊണ്ടു മേഘങ്ങളുടെ ആകൃതി മാറുന്നത് പെട്ടന്നായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു.
സംഭവം ഇതാണ്. കട്ടിയുള്ള കറുത്ത മേഘങ്ങൾ അസ്തമയസൂര്യനെ മറച്ചിരിക്കുന്നു. പക്ഷേ അതിന്റെ ആകൃതിയുടെ പ്രത്യേകതയാണ് എടുത്തു പറയേണ്ടത്. ഒരു കാണ്ടാമൃഗത്തിന്റെ കൊമ്പിനുതീപിടിച്ചാലത്തെ രൂപം എങ്ങനെയോ അതേ രീതിയിലായിരുന്നു മേഘത്തിന്റെ ആകൃതി. സ്വർണവർണമുള്ള അസ്തമയസൂര്യരശ്മികൾ മേഘത്തിന്റെ അരികു തിളക്കമുള്ളതാക്കിയിരുന്നു. അതിനടുത്ത് ചിതറിക്കിടന്ന മേഘപാളികൾ തീജ്വാലകൾ പോലെയുമായിരുന്നു. കാണ്ടാമൃഗത്തിന്റെ തലയുടെ ആകൃതിയും കൊമ്പും വായും ചെവികളുടെ യഥാസ്ഥാനങ്ങളിലെ രൂപവും എല്ലാം ഒരു നിമിഷം എനിക്കായി രൂപപ്പെട്ടു കിട്ടിയപോലെ ആയിരുന്നു എന്ന് പറയാം!
പെട്ടെന്ന് മനസിൽ അങ്ങനെ ഒരു തോന്നൽ വന്നതുകൊണ്ടോ, മറിച്ച് ഭാഗ്യം ഒന്നുകൊണ്ടു മാത്രമോ ആണ് ഇത് കിട്ടിയതെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. തലയുടെ ആകൃതിയോ ചെവികളുടെ സ്ഥാനമോ അല്പം മാറിയിരുന്നെങ്കിൽ പോലും ഈ രൂപം കിട്ടുകയില്ലായിരുന്നു. 'കൊമ്പിനു തീപിടിച്ച കാണ്ടാമൃഗം" എന്ന ടൈറ്റിൽ തന്നെയാണ് ഈ ഫോട്ടോയ്ക്ക് ഞാൻ കൊടുത്തിരിക്കുന്നത്. അത് വളരെ അനുയോജ്യമാണെന്നും എനിക്ക് തോന്നുന്നു. കാണുന്ന ജനത്തിന്റെ അഭിപ്രായവും മറ്റൊന്നല്ല എന്നതാണ് ഇതിന്റെ വിജയം. ഒരു മിനുക്കു പണികളും ഇല്ലാതെ ഈരൂപം എങ്ങനെ കൃത്യമായിക്കിട്ടി എന്ന് ഞാൻ ഇപ്പോഴും അതിശയിക്കുന്നു!