2018ലെ വൈദ്യശാസ്ത്രത്തിനുള്ള നോബെൽസമ്മാനം ലഭിച്ചത് അമേരിക്കൻ ശാസ്ത്രജ്ഞനായ ജെയിംസ് പി അല്ലിസണും ജപ്പാൻ ശാസ്ത്രജ്ഞനായ ടസുക്കുഹോൻജോയ്ക്കുമാണ്. കാൻസർ ചികിത്സാരംഗത്തെ ഗവേഷണവും അമൂല്യസംഭാവനകളും പരിഗണിച്ചാണ് സമ്മാനം നൽകിയിരിക്കുന്നത്. ഈ വാർത്ത പത്രത്തിൽ വായിച്ചപ്പോൾ ഡോ. എം.എൻ.ആർ.നായർ 2012ൽ എഴുതിയ 'പുരുഷസൗഭാഗ്യം" എന്ന കഥ ഓർത്തുപോയി. ഡോ. നായർ രചിച്ച 'ഉത്തേജകമരുന്ന് " എന്ന കഥാസമാഹാരത്തിൽ 'പുരുഷസൗഭാഗ്യം" എന്ന കഥയുണ്ട്. ഈ കഥയുടെ അവസാനഭാഗമിങ്ങനെയാണ്: ''ഇന്ത്യൻവംശജനായ ഡോ.ജയരാമൻ എം.ഐ.ടി.യിലെ പ്രൊഫസ്സർ എല്ലിസണുമൊത്ത് ഇക്കൊല്ലത്തെ മെഡിസിനുള്ള നോബൽ സമ്മാനം പങ്കിടുന്നു. എം.ഐ.റ്റി.യിൽ ഗവേഷകനായ ജയരാമന് കാൻസർ ചികിത്സാരംഗത്തെ അമൂല്യമായ സംഭാവനകൾ കണക്കിലെടുത്താണ് സമ്മാനം നൽകപ്പെട്ടിരിക്കുന്നത്."" 2012ൽ എഴുതിയ കഥയിലും 2018 ലെ യാഥാർത്ഥ്യത്തിലും ഗവേഷണരംഗം കാൻസറാണ്. കഥയിലെ എല്ലിസൺ യാഥാർത്ഥ്യത്തിലെ അല്ലിസണായി. ഈ സമാനതകൾ യാദൃച്ഛികമാണോ? കവികൾ ഋഷിമാരാണ് എഴുത്തുകാർ പ്രവാചകരാണ് എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. കഥ കാര്യമായതോടെ കഥാകാരൻ പ്രവാചകനുമായി.
ഡോ. നായരുടെ കഥയുടെ സാരാംശമിതാണ്. പാവപ്പെട്ട കൂലിപ്പണിക്കാരുടെ മകനായ ജയരാമൻ അന്തർമുഖനാണ്. വിധിയിൽ വിശ്വാസമില്ലാത്ത ഈ കുട്ടി മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ പഠിച്ച് മൂന്നാം റാങ്കോടെ പാസ്സായി. മന്ത്രിവരെ വീട്ടിൽ വന്നഭിനന്ദിച്ചു. പ്രീഡിഗ്രി രണ്ടാം റാങ്കോടെ വിജയിച്ചു. മെഡിസിനു പോകാൻ അർഹത ഉണ്ടായിരുന്നിട്ടും ശാസ്ത്രജ്ഞനാകാൻ സ്വപ്നം കണ്ടിരുന്ന ജയരാമൻ കെമിസ്ട്രി ബി.എസ്സിക്ക് ചേർന്ന് ഒന്നാം റാങ്കോടെ ബിരുദമെടുത്തു. ബയോകെമിസ്ട്രിയിൽ ബിരുദാനന്തരബിരുദവും ഒന്നാം റാങ്കോടെ പാസായി. എൻട്രൻസ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടി ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ ഗവേഷണവിദ്യാർത്ഥിയായി. ഗൈഡായ ഡോ.ഗാംഗുലിക്ക് വൈറ്റമിൻ എയെ സംബന്ധിച്ച ഗവേഷണത്തിൽ മാത്രമായിരുന്നു താത്പര്യം. ജയരാമനാണെങ്കിൽ കാൻസറിന് കാരണമായ സെൽവിഭജനത്തിലും. നിരാശയിലാണ്ട ജയരാമൻ സെൽവിഭജനത്തെ വൈറ്റമിൻ എ യുമായി ബന്ധപ്പെടുത്തി പുതിയൊരു പ്രോജക്ട് നൽകി. പ്രൊഫ. ഗാംഗുലി അതംഗീകരിച്ചു. ഗവേഷണഫലം നേച്ചർ മാഗസിനിൽ പ്രസിദ്ധീകൃതമായി.
അമേരിക്കയിലെ പ്രൊഫ.എല്ലിസണിന്റെ ക്ഷണമനുസരിച്ച് അദ്ദേഹത്തോടൊപ്പം സ്കോളർഷിപ്പോടെ പഠനവും ഗവേഷണവും യു.എസിലെ പ്രശസ്ത ഗവേഷണസ്ഥാപനമായ എം.ഐ.ടി.യിൽ നടത്തി. ഇരുപതുവർഷത്തെ ഗവേഷണഫലത്തിനാണ് ഇന്ത്യൻ വംശജനായ ഡോ. ജയരാമനും അമേരിക്കക്കാരനായ ഡോ. എല്ലിസണും നോബെൽ സമ്മാനം ലഭിക്കുന്നത്. സി.വി. രാമനുശേഷം ഒരിന്ത്യൻ ശാസ്ത്രജ്ഞന് നോബൽ സമ്മാനം ലഭിക്കുന്നത് കഥയിലെ ഭാവനാസൃഷ്ടി മാത്രമായ ജയരാമനാണ്. നോബൽ സമ്മാനത്തിനഹർതയുള്ള ശാസ്ത്രജ്ഞൻമാർ ഇന്ത്യയിലുണ്ടായിരുന്നിട്ടും വർണവിവേചനത്താൽ അവർ അവഗണിക്കപ്പെട്ടു. ഉദാഹരണത്തിന് മലയാളിയും ഭൗതികശാസ്ത്രജ്ഞനുമായ എണ്ണയ്ക്കൽ ചാണ്ടി ജോർജ് സുദർശൻ ക്വാണ്ടം ഓപ്റ്റിക്സ് രംഗത്ത് ഐൻസ്റ്റിനേക്കാളും മുന്നിലായിരുന്ന ശാസ്ത്രജ്ഞനായിരുന്നു. പ്രകാശശാസ്ത്രത്തിലും കണിക ഊർജതന്ത്രത്തിലും നൂതന കണ്ടെത്തലുകൾ നടത്തിയ വേദാന്തിയായ ശാസ്ത്രജ്ഞൻ. നോബെൽസമ്മാനം ലഭിക്കുന്നതിൽ രണ്ടുവട്ടം ചതിക്കപ്പെടുകയും തഴയപ്പെടുകയും ചെയ്ത ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ. അരനൂറ്റാണ്ട് അമേരിക്കയിൽ ജീവിച്ചെങ്കിലും ഇന്ത്യൻ പാസ്പോർട്ടിൽ സഞ്ചരിച്ച, ആണ്ടുതോറും ഇന്ത്യ സന്ദർശിച്ച രാജ്യസ്നേഹിയായിരുന്നു ഇ.സി.ജി.സുദർശൻ.
2005ലെ നോബെൽ സമ്മാനം കിട്ടാതിരുന്നതിനെക്കുറിച്ച് ഇ.സി.ജി.പത്രക്കാരോട് പ്രതികരിച്ചതിങ്ങനെയായിരുന്നു. ''2005ലെ ഭൗതികശാസ്ത്രത്തിനുള്ള നോബെൽ സമ്മാനം ലഭിച്ചത് എന്റെ ഗവേഷണഫലത്തിനാണ്. എന്നാൽ അത് കൈവന്നത് എനിക്കായിരുന്നില്ല.""സുദർശൻ ഗ്ലോബർ സിദ്ധാന്തം എന്ന പേരിൽ പ്രസിദ്ധീകൃതമായ സിദ്ധാന്തം ഗ്ലോബർസുദർശൻ എന്ന പേരിൽ തലതിരിച്ചിട്ടാണ് ഇ.സി.ജിയെ തഴഞ്ഞ് ഗ്ലോബർ എന്ന അമേരിക്കക്കാരന് അനർഹമായി നോബെൽ സമ്മാനം നൽകിയത്. 1979 ലെ നോബെൽ സമ്മാനത്തിനാണാദ്യം ഇ.സി.ജി.അവഗണിക്കപ്പെട്ടത്. ഇ.സി.ജി.യുടെ കണ്ടുപിടിത്തങ്ങളുടെ അടിത്തറയിൽ ഗവേഷണം നടത്തിയ സ്റ്റീഫൻ വെയ്ൻ ബെർഗ്, ഷെൽഡൻ ഗ്ലാഷൗ, അബ്ദുസലാം എന്നിവർക്കായിരുന്നു ആ വർഷം നോബെൽസമ്മാനം നൽകിയത്. ഈ അവഗണനയ്ക്കെതിരെ ഇ.സി.ജി.യുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ''26ാം വയസ്സിൽ ഞാൻ നേടിയ ഗവേഷണഫലത്തിന്റെ മുകളിലാണീക്കൂട്ടർ നോബെൽ സമ്മാനം കെട്ടിയുയർത്തിയത്. ഒരു കെട്ടിടം നിർമിച്ചയാളിന് സമ്മാനം നൽകുമ്പോൾ അടിസ്ഥാനവും ഒന്നാം നിലയും പണിത ആളിനെ തഴഞ്ഞ് അതിനുമുകളിൽ എന്തെങ്കിലും കെട്ടിവച്ചവർക്കാണോ സമ്മാനം നൽകേണ്ടത്. ഇതുപോലെ പല ഇന്ത്യാക്കാരെയും സ്വീഡിഷ് അക്കാഡമി അവഗണിച്ചിട്ടുണ്ട്.''
കഥയിലേക്കു വീണ്ടും മടങ്ങാം. കഥാകത്ത് ഡോ.എം.എൻ.ആർ.നായരുടെ ആത്മാംശമുള്ള കഥാപാത്രമാണ് കഥയിലെ നായകൻ ജയരാമൻ. ഗ്രന്ഥകർത്താവ് ഡോ.നായരും കഥയിലെ നായകൻ ജയരാമനും ബയോകെമിസ്ട്രിയിൽ ബിരുദവും ബിരുദാനന്തരബിരുദവും പി.എച്ച്ഡിയും നേടി. ശാസ്ത്രജ്ഞനാകണമെന്നതായിരുന്നു ഇരുവരുടെയും സ്വപ്നം. രണ്ടുപേരും ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ ഗവേഷണം നടത്തി. ഗവേഷണസ്ഥാപനങ്ങളിലെ ചേരിപ്പോരു നിമിത്തം ഡോ.നായർ ഗവേഷണം അവസാനിപ്പിച്ച് ബാങ്കിംഗ് മേഖലയെ കർമ്മമണ്ഡലമാക്കി. ശാസ്ത്രജ്ഞനാവുക എന്ന നടക്കാതെ പോയ സ്വപ്നമാണ് ഡോ.നായർ കഥയിലൂടെ ആവഷ്കരിച്ചിരിക്കുന്നത്. നോബെൽ സമ്മാനജേതാവായ കഥയിലെ ജയരാമൻ എന്നാണിനി യാഥാർത്ഥ്യത്തിലെ ജയരാമനാവുക!
പുരുഷസൗഭാഗ്യം
-ഡോ.എം.എൻ.ആർ. നായർ
യരാമൻ ഭാഗ്യത്തിൽ വിശ്വസിക്കുന്ന ആളായിരുന്നില്ല. പടവുകളോരോന്നിലേയും അവന്റെ വിജയത്തിന്റെ രഹസ്യവും അതുതന്നെയായിരുന്നു. മാത്രമല്ല, ഓരോ തവണത്തെ ശ്രമം കഴിയുമ്പോഴും സ്വന്തം റെക്കാർഡ് തിരുത്തുന്ന ഒരു അക്കാഡമിക് ബുക്കായിരുന്നു അവൻ. പതിനഞ്ചാമത്തെ വയസിൽ പാലായിലുള്ള സർക്കാർ സ്കൂളിൽ നിന്ന് ഒന്നാമനായും സംസ്ഥാനതലത്തിൽ മൂന്നാം റാങ്കോടെയും എസ്.എസ്.എൽ.സി ജയിച്ചപ്പോഴാണ് അവന്റെ ക്ലാസ് ടീച്ചർപോലും അവനെ ശ്രദ്ധിച്ചത്. നിറഞ്ഞ അഭിമാനത്തോടെയാണ് ആ പാവം സ്ത്രീ അവനെ ഹെഡ് മാസ്റ്ററുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഹെഡ് മാസ്റ്ററുടെ മുഖത്തും അഭിമാനത്തിന്റെ വെളിച്ചം. പക്ഷേ, വാക്കുകളിൽ ഒരു ക്ഷമാപണത്തിന്റെ നനവ്. അദ്ദേഹം സത്യസന്ധനായിരുന്നു. '' മൈ ഡിയർ ജയരാമൻ മൂന്നാം റാങ്കു നേടിയ നീ ഇന്ന് ഞങ്ങളുടെയെല്ലാം അഭിമാനമാണ്. ഈ സർക്കാർ സ്കൂളിന്റെ മാത്രമല്ല, ഈ ജില്ലയുടെ മുഴുവൻ. ലിറ്ററസിക്ക് ഒന്നാമതായ ഈ ജില്ലയിൽ ഒന്നാമത്തെ സ്ഥാനം. പക്ഷേ, അതോടൊപ്പം ഞങ്ങൾ ലജ്ജിച്ചു തല താഴ്ത്തുകയും ചെയ്യുന്നു. നിന്റെ കഴിവ് ടാലന്റ് തിരിച്ചറിയാൻ ഞങ്ങൾക്ക് കഴിയാതെ പോയി. എനിക്കുറപ്പാണ് അറിഞ്ഞിരുന്നെങ്കിൽ ഈ സ്കൂളിന് ഒരു ഒന്നാം റാങ്ക് തരപ്പെട്ടേനെ."" ജയരാമന് അദ്ദേഹത്തോട് ദേഷ്യമോ നീരസമോ ഒന്നും തോന്നിയില്ല. തെങ്ങുകയറ്റക്കാരൻ കൃഷ്ണന്റെയും വീട്ടുവേലക്കാരി ജാനമ്മയുടെയും രണ്ടാമത്തെ പുത്രൻ. അവൻ ഇത്ര കിടിലനാണെന്ന് അവന്റെ അച്ഛനമ്മമാർക്കുപോലും അറിയില്ലായിരുന്നു.
*********************************************************************************************************************************************************************************************************************
ജയരാമൻ ബി.എസ്സിക്ക് ചേർന്നു. കെമിസ്ട്രി പ്രധാന വിഷയമായി തിരഞ്ഞെടുത്തു.ഒന്നാം റാങ്കിൽ പാസാകുകയും ചെയ്തു. കേരള യൂണിവേഴ്സിറ്റിയുടെ ബയോകെമിസ്ട്രി വിഭാഗത്തിൽ എം.എസ്സിയ്ക്ക് അഡ്മിഷൻ കിട്ടാൻ യാതൊരു വിഷമവും ഉണ്ടായില്ല. വീണ്ടും ഒന്നാം റാങ്ക്. ഇന്ത്യയിലെ ഗവേഷണ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ ബയോകെമിസ്ട്രിയിൽ ഗവേഷണവിദ്യാർത്ഥിയായി അപേക്ഷ സമർപ്പിച്ചു.അഖിലേന്ത്യാതലത്തിൽ ബയോകെമിസ്ട്രി എൻട്രൻസ് എഴുതിയ അഞ്ഞൂറോളം വിദ്യാർത്ഥികളിൽ ഒന്നാം സ്ഥാനത്തെത്തി. ഇന്റർവ്യൂവിലും നന്നായി സ്കോർ ചെയ്തു. സെലക്ഷനും ശരിയായി. ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു കഴിഞ്ഞപ്പോഴാണ് ഭാഗ്യം തനിക്കെതിരായി നിൽക്കുകയല്ലേ എന്ന് ജയരാമന് ആദ്യമായി സംശയം തോന്നിയത്. സെലക്ഷൻ ലിസ്റ്റ് അപ്രൂവ് ചെയ്യുമ്പോൾ ഡിപ്പാർട്ട്മെന്റിന്റെ തലവനായ പ്രൊഫസർ ഗാംഗുലി പറഞ്ഞു. ''എന്റെ ഹെൽത്ത് കണ്ടീഷൻ അത്ര ശരിയല്ല. അതുകൊണ്ട് ഞാൻ ഒരു സ്റ്റുഡന്റിനെ മാത്രമേ എടുക്കുന്നുള്ളൂ. ""
'' സർ ലിസ്റ്റിൽ നിന്ന് ഒരാളെ സെലക്ട് ചെയ്താൽ പിന്നെ അത് മറ്റു ഫാക്കൽറ്റിക്കുവേണ്ടി റിലീസ് ചെയ്യാമായിരുന്നു.""അഡ്മിനിസ്ട്രേറ്റർ സൂചിപ്പിച്ചു. ഇന്ത്യൻ ബയോകെമിസ്ട്രിയുടെ തലതൊട്ടപ്പനായിരുന്നു പ്രൊഫസർ ഗാംഗുലി.വൈറ്റമിൻ എയെപ്പറ്റിയുള്ള ശ്രദ്ധാർഹമായ പഠനങ്ങളിലൂടെ ഇന്റർനാഷണൽ ശാസ്ത്രസമൂഹത്തിൽ സ്ഥാനം നേടിയെടുത്ത ഗാംഗുലിയാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ ബയോകെമിസ്ട്രി വിഭാഗം കെട്ടിപ്പടുത്തത്. ഇന്ത്യയിലെ ഒന്നാംകിട ശാസ്ത്രജ്ഞരെ അതിലേക്കാകർഷിക്കാനും അതിന്റെ ഖ്യാതി ലോകമെമ്പാടും എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പക്ഷേ ഏതാനും വർഷങ്ങളായി ഒരൊറ്റ നല്ല ഗവേഷണ വിദ്യാർത്ഥിയെ വാർത്തെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ പേരിൽ ശ്രദ്ധേയമായ ഒരു ഗവേഷണപ്രബന്ധം വന്നിട്ടും നാളുകളേറെയായി. ചില ചെറുപ്പക്കാർ - പുത്തൻ കൂറ്റുകാർ - രഹസ്യമായി തമ്മിൽപ്പറയും: ''കിഴവന്റെ സ്റ്റോക്കൊക്കെ തീർന്നെന്നു തോന്നുന്നു."" പക്ഷേ ആ കിഴവനെ ഏവർക്കും ഭയമായിരുന്നു. അദ്ദേഹത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഡിപ്പാർട്ട്മെന്റിൽ ഒന്നുംതന്നെ സംഭവിക്കുമായിരുന്നില്ല. ചുരുക്കത്തിൽ തന്റെ സ്റ്റുഡന്റായി പ്രൊഫസർ ഗാംഗുലി ജയരാമനെ തിരഞ്ഞെടുത്തപ്പോൾ എല്ലാവർക്കും കഷ്ടം തോന്നി. '' ഇത്ര സമർത്ഥനായ ഒരു കുട്ടിയുടെ ഭാവി വെള്ളത്തിലായി.""ചിലർ തീർപ്പും കല്പിച്ചു. ഗവേഷണം തുടങ്ങുന്നതിന് മുന്നോടിയായി പ്രൊഫസറുമായി അഭിമുഖം എന്ന ഫോർമാലിറ്റിയുണ്ട്. ഒന്നോ രണ്ടോ ഗവേഷണ പ്രശ്നങ്ങളിൽ നിന്നൊരെണ്ണം തിരഞ്ഞെടുക്കാൻ വേണ്ടിയാണ് ഈ പരിപാടി. ജയരാമനുമായുള്ള അഭിമുഖത്തിൽ പ്രൊഫസർ ഗാംഗുലി, നേരെ പ്രശ്നത്തിലേക്ക് വന്നു. ''നോക്കൂ മിസ്റ്റർ ജയരാമൻ, കഴിഞ്ഞ മുപ്പതുവർഷങ്ങളായി ഞാൻ വൈറ്റമിൻ എ കേന്ദ്രീകരിച്ച് ഗവേഷണം നടത്തുന്നു. നിർണായകമായ പല കണ്ടെത്തലുകളും നടത്തിയിട്ടുണ്ട്. ചുരുക്കത്തിൽ ഒരു പുതിയ മേഖലയിലേക്ക് മാറുവാൻ ഇനി ഇപ്പോൾ എനിക്കാവില്ല."
*********************************************************************************************************************************************************************************************************************
കൃത്യം ഒരു മാസം തികയുമ്പോഴേക്ക് പരീക്ഷണങ്ങൾ ശുഭമായ ഫലപ്രാപ്തിയിലെത്തിയിരുന്നു.വിശദമായ പ്രബന്ധത്തിനൊന്നും പോകണ്ട. ബ്രീഫായ ഒരു കമ്യൂണിക്കേഷൻ മതി എന്ന ജയരാമന്റെ നിർദ്ദേശം പ്രൊഫസർക്കും സ്വീകാര്യമായിരുന്നു. ' നേച്ചർ "മാഗസിനിൽ ജയരാമനും പ്രൊഫസർ ഗാംഗുലിയും ചേർന്നെഴുതിയ കമ്യൂണിക്കേഷൻ പ്രസിദ്ധീകൃതമായി.അത് ശാസ്ത്രലോകത്ത് വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്തു. രണ്ടുമാസം കഴിഞ്ഞ്. ഒരു ദിവസം യു.എസിൽ ബോസ്റ്റണിലെ പ്രസിദ്ധ ഗവേഷണ സ്ഥാപനമായ എം.ഐ.ടിയിലെ പ്രൊഫസർ മൈക്കിൽ എല്ലിസ്സൺ അയച്ച ഒരു കത്ത് ജയരാമന് കിട്ടി.പഠനവും ഗവേഷണവും എം.ഐ.ടിയിൽ തുടരാമെന്നും ആകർഷകമായ ഒരു സ്കോളർഷിപ്പ് നൽകാമെന്നും കത്തിൽ പറഞ്ഞിരുന്നു. ഏറെ വൈകാതെ, പ്രൊഫസർ ഗാംഗുലിയുടെ അനുവാദവും അനുഗ്രഹവും വാങ്ങി ജയരാമൻ അമേരിക്കയിലേക്ക് പറന്നു.
*********************************************************************************************************************************************************************************************************************
അനന്തരം ഏതാണ്ട് ഇരുപത് വർഷങ്ങൾക്കുശേഷം ടൈംസ് ഒഫ് ഇന്ത്യയുടെ ഒന്നാം പേജിൽ ഒരു ബോക്സ് ന്യൂസ് പ്രത്യക്ഷപ്പെട്ടു. ''ഇക്കൊല്ലത്തെ നോബൽ സമ്മാനം ഇന്ത്യൻ വംശജന്."" എന്നായിരുന്നു തലക്കെട്ട്. '' ഇന്ത്യൻ വംശജനായ ഡോ. ജയരാമൻ എം.ഐ.ടിയിലെ പ്രൊഫസർ എല്ലിസ്സണുമൊത്ത് ഇക്കൊല്ലത്തെ മെഡിസിനുള്ള നോബൽ സമ്മാനം പങ്കിടുന്നു. എം.ഐ.ടിയിൽ ഗവേഷകനായ ജയരാമന് ക്യാൻസർ ചികിത്സാരംഗത്തെ അമൂല്യമായ സംഭാവനകൾ കണക്കിലെടുത്താണ് സമ്മാനം നൽകപ്പെട്ടിരിക്കുന്നത്.""
(പുരുഷസൗഭാഗ്യം എന്ന കഥയുടെ പ്രസക്തഭാഗങ്ങളാണിത്)