കേരവൃക്ഷങ്ങളുടെ നാടെന്ന പോലെ കാർട്ടൂണിസ്റ്റുകളുടേയും നാടാണ് കേരളം.ഒന്നാം ലോകമഹായുദ്ധ കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട 'മഹാക്ഷാമദേവത" എന്ന ഹാസ്യചിത്രീകരണത്തിൽ തുടങ്ങുന്നു മലയാള കാർട്ടൂണിന്റെ ചരിത്രം. മഹാക്ഷാമദേവതയെ വരച്ചു ഹരിശ്രീ കുറിച്ച് ഇപ്പോൾ നൂറ്റാണ്ടിന്റെ നിറവിലേയ്ക്ക് കടക്കുന്ന മലയാള കാർട്ടൂൺ എത്തി നിൽക്കുന്നത് പ്രളയാനന്തരമുള്ള ദുരന്തനിവാരണത്തിനും നവകേരള സൃഷ്ടിക്കും മുന്നിലാണ് എന്നതും കൗതുകം.
1919 ഒക്ടോബറിൽ വിദൂഷകൻ മാസികയുടെ അഞ്ചാം ലക്കത്തിലാണ് മഹാക്ഷാമദേവത എന്ന ഹാസ്യ ചിത്രം അച്ചടിച്ച് വരുന്നത്. കൊല്ലം ജില്ലയിലെ പരവൂരിൽ നിന്ന് പുറത്തിറങ്ങിയ മാസികയുടെ പ്രസാധകൻ എസ്.എസ്. ചെട്ട്യാരും, പത്രാധിപർ 21 വയസുമാത്രമുണ്ടായിരുന്ന പി.എസ്. നീലകണ്ഠപിള്ളയും ആയിരുന്നു. രാജ്യതന്ത്രം തുടങ്ങിയ സർവതന്ത്രങ്ങളെയും പറ്റി സ്വതന്ത്രമായി പ്രതിപാദിക്കുന്ന വിനോദ മാസിക എന്ന ഉപശീർഷകത്തോടെ പുറത്തിറങ്ങിയ വിദൂഷകൻ ആദ്യം കൊല്ലം മനോമോഹനം പ്രസ്സിലും പിന്നീട് ബ്ലോക്കുണ്ടാക്കി ചിത്രങ്ങൾ ചേർക്കാനുള്ള സൗകര്യമുള്ള പരവൂർ വിദ്യാവിലാസം പ്രസ്സിലുമാണ് അച്ചടിച്ചിരുന്നത്. കേരളത്തിൽ ചിത്രങ്ങൾ അച്ചടിക്കുന്ന വിദ്യ അന്ന് അത്ര പ്രചാരമില്ലായിരുന്നു.
മഹാക്ഷാമദേവത വരച്ചത് പത്രാധിപരായ പി.എസ്. നീലകണ്ഠപിള്ളയുടെ സഹോദരനും ചിത്രകാരനുമായ പി.എസ്. ഗോവിന്ദപിള്ളയാണ് എന്നാണ് മുതിർന്ന കാർട്ടൂണിസ്റ്റ് സുകുമാറിന്റെ നിഗമനം. കാർട്ടൂണിസ്റ്റിന്റെ പേരോ, ഒപ്പോ ചിത്രത്തിൽ ഇല്ലായിരുന്നു എങ്കിലും പിന്നീട് പല പ്രസിദ്ധീകരണങ്ങളിലും പി.എസ്. ഗോവിന്ദപിള്ളയുടെ രചനകളും ഹാസ്യ ചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നതാണ് ഇങ്ങനെ ഒരു നിഗമനത്തിൽ എത്താൻ കാരണമെന്ന് സുകുമാർ പറയുന്നു. മഹാക്ഷാമദേവത പ്രസിദ്ധീകരിക്കപ്പെട്ട് പത്തു വർഷങ്ങൾക്ക് ശേഷമാണ് കാർട്ടൂണൂകൾ മലയാളത്തിൽ ശക്തി പ്രാപിച്ചത്. കായംകുളത്തുകാരൻ ഇല്ലിക്കുളത്ത് കേശവപിള്ള ശങ്കരപ്പിള്ള എന്ന കാർട്ടൂണിസ്റ്റ് ശങ്കറാണ് മലയാള കാർട്ടൂണിന്റെ കുലപതി. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത കാരിക്കേച്ചർ ശങ്കർ മലയാള നാട്ടിൽ വരച്ച ഇ.വി. കൃഷ്ണപിള്ളയുടെ വിശ്വരൂപം എന്ന ചിത്രമാകണം.
കാർട്ടൂണിസ്റ്റുകളുടെ സ്വന്തം ഡൽഹി
ഇരുപത്തഞ്ചാം വയസിൽ തിരുവനന്തപുരം മഹാരാജാസ് കോളേജ് ഒഫ് സയൻസിൽ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ്) നിന്ന് ബിരുദം നേടിയശേഷം നിയമപഠനത്തിനായി ബോംബയിൽ എത്തിയ ശങ്കർ പഠനത്തോടൊപ്പം കാർട്ടൂൺ വരയും തുടർന്നു. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സംഘം മൂന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നതിനെ ആസ്പദമാക്കി വരച്ച കാർട്ടൂൺ 'ഹിന്ദുസ്ഥാൻ ടൈംസി"ന്റെ എഡിറ്ററായിരുന്ന പോത്തൻ ജോസഫിന് വളരെ ഇഷ്ടമായി. പോത്തൻ ജോസഫിന്റെ ക്ഷണം സ്വീകരിച്ച് 1932 അവസാനത്തോടെ ശങ്കർ 'ഹിന്ദുസ്ഥാൻ ടൈംസി" ൽ സ്റ്റാഫ് കാർട്ടൂണിസ്റ്റായി ചേർന്നു. 1946 വരെ ഹിന്ദുസ്ഥാൻ ടൈംസിൽ തുടർന്ന ശങ്കർ പിന്നീട് സ്വന്തമായി തുടങ്ങിയതാണ് ശങ്കേഴ്സ് വീക്കിലി. ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ പറുദീസയായിരുന്നു ശങ്കേഴ്സ് വീക്ക്ലി. ഒ.വി വിജയൻ, അബു എബ്രഹാം, കുട്ടി, സാമുവൽ,വാസു, ബാലൻ,വിക്രം, അഹമ്മദ്, വാസു, കേരള വർമ്മ, ബി. ജി.വർമ്മ,യേശുദാസൻ, ബി. എം. ഗഫൂർ തുടങ്ങി ശങ്കേഴ്സ് വീക്ക്ലിയിൽ നിന്ന് വരച്ചു തെളിഞ്ഞവർ ഏറെയാണ്.ഡൽഹിയായിരുന്നു ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ സ്വപ്നഭൂമി. രജീന്ദർ പുരി, മൂർത്തി, പ്രകാശ്, മിക്കി പട്ടേൽ, കാക്, സുധീർ ധർ, സുധീർ തൈലാംഗ്, മദൻ, രങ്ക, ഡൽഹിയിലും ആർ.കെ. ലക്ഷ്മൺ, മരിയോ മിറാന്റ, ബാൽ താക്കറെ തുടങ്ങിയവർ ഡൽഹിക്ക് പുറത്തും വരച്ച് ദേശീയ ശ്രദ്ധ നേടി.
തിരുവിതാംകൂറിലെ കാർട്ടൂൺ
1940 കളുടെ പകുതിയോടെ മലയാള പത്രങ്ങൾ കാർട്ടൂണുകൾ കൂടുതലായി പ്രസിദ്ധീകരിച്ചു തുടങ്ങി. ദേശബന്ധുവിൽ വരച്ചിരുന്ന കെ.എസ്. പിള്ളയായിരുന്നു അക്കാലത്തെ പ്രമുഖ ഹാസ്യ ചിത്രകാരൻ. കോട്ടയത്ത് സ്വരാജ് മോട്ടോഴ്സ് എന്ന ട്രാൻസ്പോർട്ട് സ്ഥാപനം നടത്തിയിരുന്ന കെ. എൻ. ശങ്കുണ്ണിപ്പിള്ളയുടെ ഉടമസ്ഥതയിലുള്ള ദേശബന്ധുവായിരുന്നു ഏറ്റവും കൂടുതൽ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിരുന്നത്. കെ.എസ്. പിള്ളയുടെ പല കാർട്ടൂണുകൾക്ക് പിന്നിലും കെ. എൻ. ശങ്കുണ്ണിപ്പിള്ളയുടെ ആശയ സംഭാവനയുണ്ടായിരുന്നു.1930 കാലഘട്ടത്തിൽ കോട്ടയം പത്രങ്ങളിൽ അപൂർവമായി പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന കാർട്ടൂൺ 1940 ആയപ്പോൾ പത്രങ്ങൾക്ക് ഒഴിച്ചുകൂടാൻ വയ്യാത്ത വിഭവമായി.
കാർട്ടൂൺ മലബാറിലേക്ക്
മലബാറിൽ സഞ്ജയന്റെ നേതൃത്വത്തിൽ ഹാസ്യസാഹിത്യത്തിന് വളരെ വലിയ പ്രചാരമാണ് ഉണ്ടായിരുന്നത്. സഞ്ജയൻ മാസികയിൽ കാർട്ടൂണുകൾക്ക് സ്ഥാനം നൽകുക വഴി ഒട്ടേറെ വായനക്കാരെ ആകർഷിക്കാനായി. സഞ്ജയനും വിശ്വരൂപവും കാർട്ടൂണിന്റെ പ്രചരണത്തിന് വലിയ പങ്കാണ് വഹിച്ചത്. ബ്രിട്ടീഷ് മാസികയായ പഞ്ചിലെ രചനാശൈലി പിന്തുടർന്ന എം. ഭാസ്ക്കരൻ മലബാറിലെ ഹാസ്യ ചിത്രകല പ്രചരിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.1950 കാലഘട്ടത്തിൽ മാതൃഭൂമിയിൽ മുരളീധരൻ എന്ന വ്യക്തിയായിരുന്നു രാഷ്ട്രീയ കാർട്ടൂണുകൾ വരച്ചിരുന്നത്. പിന്നീട് തൃശൂർ എക്സ്പ്രസ്സിൽ നിന്നും സാമൂഹ്യ കാർട്ടൂണുകൾ വരച്ചിരുന്ന ശിവറാമും അവിടെയെത്തി. ഒ.വി വിജയൻ, മലയാറ്റൂർ രാമകൃഷ്ണൻ, എ.എസ്. തുടങ്ങിയവരും കാർട്ടൂണുകൾ വരച്ചു.
വലിയ ആശയം ചെറിയ ഇടത്തിൽ
പറയേണ്ട വലിയ ആശയം ഒറ്റ വരിയിൽ കുറിച്ച് ചിത്രത്തിന്റെ സഹായത്താൽ പ്രസിദ്ധീകരിക്കുന്ന ജനകീയ രൂപമാണ് ബോക്സ് കാർട്ടൂൺ അഥവാ പോക്കറ്റ് കാർട്ടൂൺ. ലോകമാധ്യമ രംഗത്ത് ആദ്യകാലത്ത് 'ഗാഗ് "എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്. ചെറിയ സ്ഥലത്ത് വലിയ സംഭവങ്ങൾ ലളിതമായി അവതരിപ്പിക്കപ്പെടുന്നു എന്നതാണ് പോക്കറ്റ് കാർട്ടൂണുകളുടെ ആകർഷണം. പോക്കറ്റ് കാർട്ടൂൺ എന്ന സങ്കൽപ്പം ഇന്ത്യയിലെ മാധ്യമ രംഗത്ത് വളർന്ന് വരുന്നതിന് മുമ്പ് കെ. എസ്. പിള്ള ദേശബന്ധു പത്രത്തിൽ ബോക്സ് കാർട്ടൂണുകൾ വരച്ചിരുന്നു. വേലുച്ചാർ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് അതേ പേരിലാണ് ദേശബന്ധു ബോക്സ് കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിരുന്നത്. 1949 മുതൽ തുടർച്ചയായും ഇടവിട്ടും ദിവസങ്ങളിൽപത്രത്തിന്റെ പേജുകളിൽ സ്ഥാനം നേടിയ വേലുച്ചാർ 1955 മുതൽ സ്ഥിരം ഏർപ്പാടായി മാറി. വരച്ചിരുന്നത് കെ.എസ്. പിള്ളയായിരുന്നെങ്കിലും കമന്റുകൾ മിക്കവാറും പത്ര ഉടമയും സരസനുമായ കെ.എൻ. ശങ്കുണ്ണിപ്പിള്ളയുടേതായിരുന്നു.
വിമോചനസമരക്കാലത്ത് ജനയുഗം പത്രാധിപസമിതിയുടെ ആവശ്യപ്രകാരം കിട്ടുമ്മാവൻ എന്ന പോക്കറ്റ് കാർട്ടൂൺ 1959 ജൂലായ് 19 മുതൽ യേശുദാസൻ വരച്ചുതുടങ്ങി. തുടർച്ചയായി പത്രത്താളുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട ബോക്സ് കാർട്ടൂൺ കിട്ടുമ്മാവൻ ആണ്. കേരള കാർട്ടൂൺ ചരിത്രത്തിൽ അതുവരെ ലഭിക്കാത്ത സ്വീകാര്യതയായിരുന്നു കിട്ടുമ്മാവന് ലഭിച്ചത്. മലയാളത്തിൽ ഒരു കഥാപാത്രത്തെ വച്ച് മുടക്കമില്ലാതെ തുടർച്ചയായി ഏറെ നാൾ പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട പോക്കറ്റ് കാർട്ടൂൺ കിട്ടുമ്മാവനാണ്. വലിയ ഒരു ഇടവേളയ്ക്ക് ശേഷം യേശുദാസന്റെ കിട്ടുമ്മാവൻ ഇപ്പോഴും ജനയുഗത്തിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു.
വിമോചന സമരവും അടിയന്തരാവസ്ഥയും
ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കെതിരെ നടന്ന വിമോചനസമരം 1959ൽ മന്ത്രിസഭയുടെ പുറത്താക്കലിൽ കലാശിച്ചു. വിമോചനസമരകാലത്ത് സർക്കാരിനെ അതിനിശിതമായി വിമർശിക്കുന്ന കാർട്ടൂണുകൾ പ്രാധാന്യത്തോടെ പത്രങ്ങൾ പ്രസിദ്ധീകരിച്ചു. കെ. എസ്. പിള്ളയടക്കം അക്കാലത്തെ പ്രമുഖ കാർട്ടൂണിസ്റ്റുകളെല്ലാം കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരിയിലായിരുന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധ നീക്കങ്ങൾക്ക് ജനയുഗം പത്രം കാർട്ടൂണിലൂടെ തന്നെ മറുപടി നൽകി. യേശുദാസന്റെ കിട്ടുമ്മാവനിലൂടെ ജനയുഗം ശക്തമായ പ്രതിരോധം തീർത്തു. വിമോചന സമരത്തേയും മന്നത്ത് പത്മനാഭനേയും സരസമായി കളിയാക്കി അതിരൂക്ഷ വിമർശനം അഴിച്ചു വിട്ടായിരുന്നു കിട്ടുമ്മാവന്റെ തുടക്കം. കിട്ടുമ്മാവനെന്ന മുഖ്യ കഥാപാത്രത്തോടൊപ്പം പൈലി, കാർത്ത്യായനി, പാച്ചരൻ ഭാഗവതർ, ചെവിയൻ പപ്പു, കാഥികൻ കിണറ്റുകുഴി, അയൽക്കാരൻ വേലുപിള്ള, ചായക്കടക്കാരൻ മമ്മൂഞ്ഞ്, മാത്തനേഡ് തുടങ്ങി പല കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇത്രയേറെ കഥാപാത്രങ്ങൾ ഒരു പോക്കറ്റ് കാർട്ടൂണിൽ ഉണ്ടായിട്ടില്ല എന്നത് പ്രത്യേകതയാണ്. കമ്മ്യൂണിസ്റ്റ് ജാഥകളിൽ ഈ കാർട്ടൂൺ കഥാപാത്രങ്ങളുടെ വേഷം ധരിച്ച് പ്രവർത്തകർ പങ്കെടുക്കുമായിരുന്നു.
അടിയന്തരാവസ്ഥയായിരുന്നു കാർട്ടൂണിസ്റ്റുകൾ നേരിട്ട മറ്റൊരു നിർണായക ഘട്ടം. അടിയന്തരാവസ്ഥക്കാലത്ത് കാർട്ടൂണിസ്റ്റുകൾ പലരും രാഷ്ട്രീയ കാർട്ടൂണൂകൾ ഉപേക്ഷിച്ച് സാമൂഹ്യ കാർട്ടൂണുകൾ മാത്രം വരയ്ക്കാൻ തുടങ്ങി. ബി.എം. ഗഫൂർ സാമൂഹ്യ കാർട്ടൂണുകളുമായി രംഗപ്രവേശം ചെയ്തത് ഈ കാലത്താണ്. അടിയന്തരാവസ്ഥക്കാലത്ത് രാഷ്ട്രീയകാർട്ടൂണുകൾ വരക്കുന്നത് ഉപേക്ഷിച്ച് ഒ.വി വിജയൻ കലാകൗമുദിയിൽ 'ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം" എന്ന പംക്തി തുടങ്ങി.
മലയാളകാർട്ടൂണിനെ ഏറ്റവും ജനകീയമാക്കിയവരിൽ പ്രഥമസ്ഥാനീയരാണ് റ്റോംസും പി.കെ മന്ത്രിയും. മലയാളിയായ കാർട്ടൂണിസ്റ്റ് സാമുവൽ വരച്ച 'കാലുവും മീനയും" എന്ന നിശബ്ദ കാർട്ടൂൺ പരമ്പരയുടെ ചുവടുപിടിച്ച് റ്റോംസ് കുട്ടനാടൻ പശ്ചാത്തലത്തിൽ ഒരുക്കിയ 'ബോബനും മോളിയും" എന്ന സാമൂഹ്യ കോമിക് കാർട്ടൂൺ പരമ്പര നാലു തലമുറകളെയാണ് ചിരിയുടെ ലോകത്തേക്ക് നയിച്ചത്.ഡേവിഡ് ലോയുടെ ക്ലാസിക് ശൈലിയുടെ സ്വാധീനത്തിൽ നിന്ന് വിട്ടുമാറാതിരുന്ന മലയാളരാഷ്ട്രീയകാർട്ടൂണിനെ ചായക്കടയിലെ സാധാരണക്കാരന്റെ ചർച്ചകളിലേക്കെത്തിച്ചത് പി.കെ മന്ത്രി ആയിരുന്നു.രാഷ്ട്രീയക്കാരെയും മന്ത്രിമാരെയും ചൊടിപ്പിക്കുന്ന കാർട്ടൂണിസ്റ്റ് മന്ത്രിയുടെ കാർട്ടൂണുകൾക്കായി ജനം കാത്തിരിക്കുന്ന കാലമുണ്ടായിരുന്നു. അത്ര ജനകീയമല്ലാത്ത മറ്റൊരു ചിന്താധാരയിൽ അരവിന്ദന്റെ ' ചെറിയ മനുഷ്യരും വലിയ ലോകവും" എന്ന ഗ്രാഫിക് നോവൽ മലയാള കാർട്ടൂണിന്റെ വരയിലും ചിന്തയിലും പുതിയ ഭാവുകത്വം പകർന്നു.
കാർട്ടൂൺ പ്രസിദ്ധീകരണങ്ങൾ
ബ്രിട്ടീഷ് മാസികയായ പഞ്ചിന്റെ സ്വാധീനത്തിൽ തുടങ്ങിയ വിദൂഷകന്റെ വിജയം കണ്ട് പരവൂരിലെ വിദ്യാവിലാസം പ്രസ്സിൽ നിന്ന് 'ബഹുരസം" എന്ന പേരിൽ വിനോദ പ്രതിവാരപ്പത്രം പ്രസിദ്ധീകരിക്കാൻ ശ്രമം ഉണ്ടായി എങ്കിലും വിജയിച്ചില്ല. തിരുവനന്തപുരത്തെ രാമചന്ദ്രാ പ്രസ്സിൽ നിന്നും കൊല്ലം പരവൂരിൽ നിന്നും തൃശൂരിലെ കൊടുങ്ങല്ലൂരിൽ നിന്നും വിദൂഷകൻ പ്രസിദ്ധീകരിച്ചിരുന്നു. ' The only punch of malabar'എന്ന് 1952ൽ കൊടുങ്ങല്ലൂർ പോപ്പുലർ പ്രസിൽ നിന്ന് ഇറങ്ങിയ മലബാറിൽ ഇറങ്ങിയ വിദൂഷകനിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മലയാളിയായ കാർട്ടൂണിസ്റ്റ് ശങ്കർ സ്വന്തമായി 1948ൽ തുടങ്ങിയ ശങ്കേഴ്സ് വീക്കിലി അക്ഷരാർത്ഥത്തിൽ കാർട്ടൂണിസ്റ്റുകളുടെ സർവ്വകലാശാലയായിരുന്നു. 1975ൽ ശങ്കേഴ്സ് വീക്കിലി പ്രസിദ്ധീകരണം നിർത്തി.
അടിയന്തിരാവസ്ഥയ്ക്ക് ശേഷം മലയാളത്തിൽ ഹാസ്യ മാസികകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. ജീവിത യാഥാർത്ഥ്യങ്ങളെ നർമ്മത്തിൽ പൊതിഞ്ഞ് മലയാളികൾക്ക് സമ്മാനിച്ച ഒട്ടേറെ ഹാസ്യമാസികകൾ പലതും ഇന്ന് പ്രസിദ്ധീകരണം നിർത്തി. ദ്യശ്യമാദ്ധ്യമങ്ങളുടെ വരവോടെ വിനോദ ഉപാധിയായി സിനിമയും ടെലിവിഷനും ജനങ്ങൾ സ്വീകരിച്ചു.
വിദൂഷകന് പിന്നാലെ ഒട്ടേറെ ഹാസ്യപ്രധാനമായ പ്രസിദ്ധീകരണങ്ങൾ മലയാളത്തിന് ലഭിച്ചു. തമാശ, വികടൻ, പുഞ്ചിരി, വിശ്വരൂപം, നാരദൻ സരസൻ, യുവസരസൻ, വികടകേസരി, വിനോദ ശബ്ദം, രസികൻ, അസാധു, കട്ട് കട്ട്, ടക്ക് ടക്ക്, പാക്കനാർ ,നിറമാല , സാധു , ഹാസ്യകൈരളി , പാര ചിരി വീണ്ടും ചിരി, റ്റോംസ് കോമിക്സ്,മനോരമ കോമിക്സ് , മ ന്ത്രി, ചിരിച്ചെപ്പ്, തമാശ , ദി വിറ്റ്നസ് തുടങ്ങിയവയാണ് കേരളത്തിൽ പിന്നീട് ഇറങ്ങിയ പ്രമുഖ ഹാസ്യ പ്രസിദ്ധീകരണങ്ങൾ.
സരസനും നർമ്മദയും അസാധുവും മലയാളത്തിൽ കാർട്ടൂണിസ്റ്റുകളെ വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചു.സാമൂഹ്യ മാദ്ധ്യമങ്ങൾ പ്രചാരത്തിൽ വന്നതോടെ നൂറോളം കാർട്ടൂൺ ബ്ലോഗുകൾ മലയാളത്തിൽ മാത്രം പ്രചാരത്തിലായി. സ്വന്തമായി എഡിറ്ററാകാമെന്നത് കൊണ്ട് സ്വതന്ത്രമായ കാർട്ടൂണുകൾ വരയ്ക്കാനും, പ്രസിദ്ധീകരിക്കാനും കാർട്ടൂണിസ്റ്റുകൾക്ക് സാധിച്ചു.
വരയിലും വിപ്ലവം
'മഹാക്ഷാമദേവത"യുടെ കാലം മുതൽ ഏറെവർഷങ്ങൾ കാർട്ടൂണുകൾ അച്ചടിച്ചിരുന്നത് കൈകൾ കൊണ്ട് കൊത്തി ഉണ്ടാക്കുന്ന ബ്ലോക്ക് ഉപയോഗിച്ചായിരുന്നു. ഏറെ ശ്രമകരവും ചെലവേറിയതുമായിരുന്നു ആ രീതി. ഡിജിറ്റൽ യുഗത്തിൽ കാർട്ടൂണുകൾക്ക് ആ പരിമിതി ഇല്ല. ആദ്യകാലങ്ങളിൽ ബ്രഷും മഷിയും ഉപയോഗിച്ച് വരച്ചിരുന്ന കാർട്ടൂണിസ്റ്റുകൾ ടാബുകളുടെ വരവോടെ വരയ്ക്കാൻ പേപ്പറും പേനയും ഉപേക്ഷിക്കുന്ന നിലയായി. കയ്യിലൊതുങ്ങുന്ന ടാബും സൈറ്റ്ലെസ് പേനകളും ഇറങ്ങിയതോടെ കാർട്ടൂണിസ്റ്റിന് ലോകത്തിന്റെ ഏത് മൂലയിലിരുന്നും വരയ്ക്കാവുന്ന സ്ഥിതി ഉണ്ടായി.അതിവേഗ ഇന്റർനെറ്റ് കണക്ഷനും ടാബുകളിൽ ലഭ്യമായതോടെ, വരയ്ക്കപ്പെടുന്ന ചിത്രം ഉടൻ തന്നെ ലോകത്ത് ഏത് പ്രസിദ്ധീകരണത്തിനും അയച്ചു കൊടുക്കുവാൻ സാധിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. നൂറുവയസ്സുതികയുമ്പോൾ കാർട്ടൂണിന്റെ മലയാളിപ്പെരുമ ടെക്നോളജിയുടെ ചിറകിലേറിയാണ് ലോകമെങ്ങും വ്യാപിക്കുന്നത്.
(ലേഖകന്റെ നമ്പർ: 9999384058)